Connect with us

International

മധ്യ സിറിയയില്‍ നിന്ന് 230 പേരെ തട്ടിക്കൊണ്ടുപോയി

Published

|

Last Updated

ബെയ്‌റൂട്ട്: മധ്യ സിറിയന്‍ നഗരം കൈയടക്കിയ ഇസില്‍ തീവ്രവാദികള്‍ മണിക്കൂറുകള്‍ക്കകം 60 ക്യസ്ത്യാനികള്‍ ഉള്‍പ്പെടെ 230 സാധാരണക്കാരെ തട്ടിക്കൊണ്ടുപോയി. ബുധനാഴ്ച അല്‍ ഖ്വാര്‍യാതിന്‍ നഗരം പിടിച്ചടക്കിയ ഇസില്‍ തീവ്രവാദികള്‍ ഇവിടെ നിന്നും വ്യാഴാഴ്ചയാണ് സാധാരണക്കാരെ തട്ടിക്കൊണ്ടുപോയതെന്ന് സിറിയയിലെ മനുഷ്യാവകാശ നിരീക്ഷണ സംഘടന പറഞ്ഞു. നഗരം അരിച്ചുപെറുക്കിയ ഇസില്‍ സംഘം 60 ക്യസ്ത്യാനികള്‍ ഉള്‍പ്പെടെ 230പേരെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് നിരീക്ഷണ സംഘം തലവന്‍ റാമി അബ്ദുര്‍ റഹ്മാന്‍ പറഞ്ഞു. അതേസമയം നഗരത്തില്‍ എന്താണ് സംഭവിച്ചതെന്നത് സംബന്ധിച്ച് സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് ദമാസ്‌കസിലെ സിറിയന്‍ ഓര്‍ത്തഡോക്‌സ് ബിഷപ് മാട്ട അല്‍ കൗരി പറഞ്ഞു. എന്നാല്‍ ഇസില്‍ തീവ്രവാദികള്‍ നഗരത്തില്‍ പ്രവേശിച്ച് കുറച്ച് നഗരവാസികളെ വീട്ട് തടങ്കലിലാക്കി വ്യോമാക്രമണത്തില്‍ മനുഷ്യ കവചമാക്കാന്‍ ശ്രമിക്കുന്നതായി അറിയാന്‍ കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. അലപ്പോയുടെ വടക്കന്‍ പ്രവിശ്യയില്‍ നിന്നും നിരവധി ക്രിസ്ത്യാനികള്‍ അല്‍ ഖ്വാര്‍യാതിനിലേക്ക് അഭിയാര്‍ഥികളായി പലായനം ചെയ്തിരുന്നുവെന്ന് അബ്ദല്‍ റഹ്മാന്‍ പറഞ്ഞു. ഭരണകൂടവുമായി സഹകരിക്കുന്നുവെന്നാരോപിച്ചാണ് സാധാരണക്കാരെ തട്ടിക്കൊണ്ടുപോയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രക്ഷപ്പെടാന്‍ ശ്രമിച്ചവരേയും ഒളിച്ചിരുന്നവരേയും സംഘം പിന്‍തുടര്‍ന്നു പിടികൂടുകയായിരുന്നു. നഗരം വിടാന്‍ ആഗ്രഹിക്കുന്ന മറ്റ് നഗരവാസികളേയും അതിന് അനുവദിക്കണമെന്ന് ബിഷപ് അല്‍ കൗരി പറഞ്ഞു.
യുദ്ധത്തിന് മുമ്പ് നഗരത്തിലെ ജനസംഖ്യ 18,000 ആയിരുന്നു. ഇതില്‍ 2000 പേര്‍ കത്തോലിക്കരും ഓര്‍ത്തഡോക്‌സുകാരും മറ്റുള്ളവര്‍ സുന്നി മുസ്‌ലിങ്ങളുമായിരുന്നു.

Latest