Connect with us

National

പാക് തീവ്രവാദികള്‍ 45 ദിവസം കാശ്മീരില്‍ തങ്ങിയെന്ന് മൊഴി

Published

|

Last Updated

ന്യൂഡല്‍ഹി: ഉധംപൂരില്‍ ബി എസ് എഫ് വാഹന വ്യൂഹത്തെ ആക്രമിച്ച തീവ്രവാദികള്‍ ഉസ്മാന്‍ എന്ന മുഹമ്മദ് നവേദും കൂട്ടാളിയും ജമ്മുകശ്മീരില്‍ കടന്നു കയറിയശേഷം ആരുടേയും ശ്രദ്ധയില്‍ പെടാതെ 45 ദിവസം കഴിഞ്ഞുവെന്ന് വെളിപ്പെടുത്തല്‍. പ്രാദേശിക തീവ്രവാദികളില്‍ നിന്ന് അകമഴിഞ്ഞ സഹായവും ലഭിച്ചുവെന്ന് നവേദ് ചോദ്യംചെയ്യല്‍ വേളയില്‍ മൊഴി നല്‍കി.
പാക്കിസ്ഥാനില്‍ നിന്ന് നുഴഞ്ഞുകയറിയ ശേഷം തങ്ങള്‍ താമസിച്ച അവന്തിപുരയിലെ വീട്ടുടമകള്‍, ലോറി ഡ്രൈവര്‍മാര്‍ ഒരു ബേങ്കര്‍, ഒരു വെല്‍ഡര്‍, കച്ചവടക്കാര്‍ എന്നിവരില്‍ നിന്നും നല്ല സഹായം തങ്ങള്‍ക്ക് ലഭിച്ചതായി നവേദ് പറഞ്ഞു.
നവേദും കൂട്ടാളിയായ നൊമാനും ഒകാഷ പാഖ്ത്തൂണും മുഹമ്മദ് ഭായിയും പാക്കിസ്ഥാനിലെ ഹലനില്‍ നിന്ന് മെയ് 27നാണ് ദൗത്യത്തിനായി പുറപ്പെട്ടത്. ഒരാഴ്ചക്ക് ശേഷം ജൂണ്‍രണ്ടിന് ഇവര്‍ അതിര്‍ത്തിയിലെത്തി. അവിടെ നിന്നും കശ്മീരിലേക്ക് 18 കിലോമീറ്റര്‍ യാത്രയുണ്ട്. വാഹനത്തിലായിരുന്നു യാത്ര. ഫോണ്‍ ബന്ധങ്ങളെല്ലാം അറുത്ത് മാറ്റി.
ശ്രീനഗറില്‍ ഒബൈദ എന്ന ആഷിഖ് ഭട്ട് ഇരുവരേയും സ്വീകരിച്ച് അവന്തിപുരയിലെഛുര്‍സുവിലെത്തിച്ചു. അവിടത്തുകാരുടെ വീടുകളിലായിരുന്നു താമസം. സുരക്ഷിത താവളമായ ഈ വീട്ടില്‍ പലരും വന്നും പോയുമിരുന്നു. ജൂലൈ 23ന് നവേദ്, ദുജാന, ഷാഹിം ഗുല്‍സാര്‍, ഷിക്കത്ത് ലോണ്‍, അബു ഉകാഷ എന്നീ തീവ്രവാദികളെ ട്രക്കില്‍ കയറ്റി. ഇവരില്‍ നിന്ന് നവേദ്, ദുജാന എന്നിവരെ കാക്കപൂരില്‍ ഇറക്കി. ശേഷിച്ച മൂന്ന് പേരെ ഫുല്‍വാമയിലേക്ക് കൊണ്ടുപോയി. അതിനിടയില്‍ ഇവരുടെ രണ്ടാമത് വാഹനം ജമ്മുകശ്മീര്‍ പോലീസ് പിടികൂടി. പക്ഷേ തീവ്രവാദികള്‍ ഓടി രക്ഷപ്പെട്ടു. അവര്‍ക്ക് സഞ്ചരിക്കാന്‍ അതിനിടയില്‍ മറ്റൊരു വാഹനം സംഘടിപ്പിച്ചു. അടുത്ത ദിവസം ദുജാന വാഹനത്തില്‍ ശ്രീനഗറിലേക്ക് പോയി. ലാല്‍ചൗക്കിലെ ഒരു കടയുടമ പണം ലഭ്യമാക്കി.
ശ്രീനഗറില്‍ നിന്ന് ദുജാന തിരിച്ചെത്തിയ ശേഷം, നവേദിനെ ഹംസയെന്ന ഒരു തീവ്രവാദിയെ ഏല്‍പ്പിച്ചു. അടുത്ത ആറ് ദിവസം നവേദ് ഖുദ്വാണിയിലായിരുന്നു താമസം. തല്‍ഹ, കച്ച്‌റൂ എന്ന മൊമിന്‍, മൂസമില്‍ എന്നിവര്‍ തങ്ങളുടെ ഒളിത്താവളം സന്ദര്‍ശിച്ചതായി നവേദ് ചോദ്യം ചെയ്യല്‍ വേളയില്‍ പറഞ്ഞു. ആറാം ദിവസം കാസിം നവേദിന്റെ ദൗത്യം അറിയിച്ചു. യാത്രക്ക് വാഹനം സംഘടിപ്പിച്ച കാസിം നൊമാനുമയി തിരിച്ചെത്തി. ഇവരുടെ ദൗത്യം ഉധംപൂര്‍ ആക്രമണമായിരുന്നു. ദൗത്യങ്ങളെല്ലാം കാസിം വിശദീകരിച്ച ശേഷം നവേദും നൊമാനും ജമ്മുവിലേക്ക് പോയി. അര്‍ധരാത്രി 2.15ന് ടോള്‍ പ്ലാസ കടന്ന് റംബാനിലെത്തി.
അവിടെ നിന്നും രണ്ട് സഞ്ചികളും ഭക്ഷണസാധനങ്ങളും വാങ്ങിയശേഷം രാത്രി തമാട്ടോറില്‍ പാര്‍ത്തു. ഭക്ഷണം പാകംചെയ്ത ശേഷം അവ ചാക്കിലാക്കി. ജമ്മുവിലേക്ക് പുറപ്പെട്ടു. സംറോളിയിലെ കാശ്മീരി ഹോട്ടലില്‍ നിന്ന് ചായ കഴിച്ചശേഷം ആക്രമണ ലക്ഷ്യമായ ബി എസ് എഫിനെ കാത്തുനിന്നു.
നവേദിന്റെ മൊഴി രേഖപ്പെടുത്തല്‍ പൂര്‍ത്തിയായിട്ടില്ല.കൊല്ലപ്പെട്ട നുഹ്മാന്‍ ഭീകരവാദി നേതാവ് ഹഫീസ് സെയിദിന്റെ സുരക്ഷാ ജീവനക്കാരനായിരുന്നുവെന്നും മൊഴി നല്‍കിട്ടുണ്ട്.