Connect with us

Kerala

പ്രസവ ശസ്ത്രക്രിയക്ക് വിധേയമാക്കിയ യുവതിയുടെ വയറ്റില്‍ തുണിക്കഷ്ണം

Published

|

Last Updated

ആര്‍പ്പൂക്കര: സ്വകാര്യ ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയക്ക് വിധേയമാക്കിയ യുവതിയെ വയറു വേദനയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു നടത്തിയ പരിശോധനയില്‍ വയറ്റില്‍ തുണിക്കഷ്ണം കണ്ടെത്തി. വയറ്റിനുള്ളില്‍ നിന്ന് ശസ്ത്രക്രിയ തിയേറ്ററില്‍ ഉപയോഗിക്കുന്ന മോപ്പ് എന്ന് പേരുള്ള തുണിക്കഷ്ണം പുറത്തെടുത്തു. മെഡിക്കല്‍ കോളജ് ആശുപത്രി ഗൈനക്കോളജി വിഭാഗത്തില്‍ ഇന്നലെ രാവിലെ നടത്തിയ ശസ്ത്രക്രിയയിലാണ് ഒമ്പത് സെന്റി മീറ്റര്‍ നീളവും 10 സെന്റി മീറ്റര്‍ വീതിയുമുള്ള മോപ്പാണ് കണ്ടെത്തിയത്. മാടപ്പള്ളി മുന്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും കെ എസ് യു മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്ന തോട്ടക്കാട് ഇരവിചിറ നെല്ലിക്കാലായില്‍ ജോര്‍ജി തോമസിന്റെ ഭാര്യ പ്രീതി (32) യാണ് ശസ്ത്രക്രിയക്ക് വിധേയമായത്. സംഭവത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ അനാസ്ഥക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കുമെന്ന് ജോര്‍ജി പറഞ്ഞു. കഴിഞ്ഞ മാസം 20 നാണ് പ്രീതിയെ രണ്ടാമത്തെ പ്രസവ ചികിത്സക്ക് കോട്ടയം നാഗമ്പടം ഭാഗത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രി എട്ടരക്ക് സിസേറിയന് വിധേയമാക്കിയ പ്രീതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. മൂന്ന് ദിവസം പിന്നിട്ടപ്പോള്‍ വയറിനുള്ളില്‍ വേദന അനുഭവപ്പെട്ടു. ഗ്യാസ്ട്രബിള്‍ ആണെന്ന് പറഞ്ഞു ഡോക്ടര്‍ മരുന്ന് നല്‍കുകയും ഏഴാം ദിവസം സ്റ്റിച്ച് വെട്ടി 10ാം ദിവസം ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് വീട്ടിലെത്തിയ യുവതിക്ക് വയറു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുറിച്ചിയിലുള്ള ഹോമിയോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നിന്ന് ഗ്യാസിന് മരുന്ന് നല്‍കുകയും ഇനിയും വേദന ആനുഭവപ്പെടുന്നുണ്ടെങ്കില്‍ മറ്റേതെങ്കിലും ആശുപത്രിയില്‍ പോകണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.
തുടര്‍ന്ന് ഈ മാസം രണ്ടിന് രാത്രിയില്‍ കഠിനമായ വയറു വേദനയെ തുടര്‍ന്ന് പ്രീതിയെ ചിങ്ങവനത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ പരിശോധനയില്‍ മല വിസര്‍ജ്ജനം നടത്തുന്നിടത്ത് പഴുപ്പ് ഉള്ളതായി കണ്ടെത്തി. പിറ്റേന്ന് മെഡിക്കല്‍ കോളജ് ആശുപത്രി ഗൈനക്കോളജിയില്‍ ചികിത്സ തേടുകയായിരുന്നു. സ്‌കാംനിംഗില്‍ വയറിനുള്ളില്‍ എന്തോ കിടക്കുന്നതായി കണ്ടെത്തി. തുടര്‍ന്ന് ചികിത്സിച്ച ഡോക്ടര്‍ ഗൈനക്കോളജി മേധാവി ഡോ. ഗിരിജാകുമാരിയുമായി ചര്‍ച്ച നടത്തി പ്രീതിയെ അടിയന്ത ശസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു. പ്രസവ ചികിത്സക്കായി ഒരു ലക്ഷത്തിലധികം പണമാണ് സ്വകാര്യ ആശുപത്രി അധികൃതര്‍ ഈടാക്കിയത്. എന്നാല്‍ 1500 രൂപ മാത്രമാണ് ഇന്നലെ മെഡിക്കല്‍ കോളജില്‍ നടന്ന ശസ്ത്രക്രിയക്ക് ചെലവായതെന്ന് ജോര്‍ജി പറഞ്ഞു.