Connect with us

Editorial

പോലീസിന് പിന്നെയും കോടതിയുടെ പ്രഹരം

Published

|

Last Updated

വീണ്ടും കോടതിയുടെ രൂക്ഷ വിമര്‍ശമേല്‍ക്കേണ്ടി വന്നിരിക്കുന്നു സംസ്ഥാന പോലീസിന്. വസ്തു തര്‍ക്കത്തെ തുടര്‍ന്ന് കുണ്ടറയിലെ ഒരു വീട്ടമ്മക്കു നേരേയുണ്ടായ ഗുണ്ടാ ആക്രമണ കേസിലാണ് പൗരാവകാശങ്ങളും നിയമവാഴ്ചയും ഉറപ്പാക്കുന്നതില്‍ കേരള പോലീസ് തീര്‍ത്തും പരാജയമെന്ന് ഹൈക്കോടതി വിലയിരുത്തിയത്. കേസ് കൈകാര്യം ചെയ്ത രീതിയില്‍ അതൃപ്തി പ്രകടിപ്പിച്ച കോടതി സ്ത്രീയെന്ന നിലയിലുള്ള പരിഗണന പോലും പരാതിക്കാരിയയ വീട്ടമ്മക്ക് നല്‍കിയില്ലെന്നും കാര്യങ്ങള്‍ ഈ നിലയിലാണെങ്കില്‍ കേരളവും ബീഹാറും തമ്മില്‍ എന്താണ് വ്യത്യാസമെന്നും ചോദിക്കുകയുണ്ടായി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ പരാജയപ്പെടുന്നത് കൊണ്ടാണ് പോലീസിനെതിരെ ജനങ്ങള്‍ക്കു കോടതിയെ സമീപിക്കേണ്ടിവരുന്നതെന്നും ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് കുറ്റപ്പെടുത്തി.
പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ആലുവ സ്വദേശിനി സമര്‍പ്പിച്ച ഹരജി പരിഗണിക്കവെ 2013 ഡിസംബര്‍ നാലിനും ബിജു രാധാകൃഷ്ണന്റെയും സരിതയുടെയും തട്ടിപ്പിനിരയായ ടി ആര്‍ പ്രകാശന്റെ ഹരജിയില്‍ 2013 ഒക്‌ടോബര്‍ 31 നും ഹൈക്കോടതിയില്‍ നിന്ന് പോലീസിന് കടുത്ത വിമര്‍ശമേല്‍ക്കേണ്ടി വന്നിരുന്നു. കഴിഞ്ഞ മാസം 15ന് സഫിയ വധക്കേസ് വിധി പറയവെ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയും ലോക്കല്‍ പോലീസിനെ കടുത്ത ഭാഷയില്‍ ശകാരിക്കുകയുണ്ടായി. സാധാരണക്കാര്‍ നീതിതേടി ആദ്യം സമീപിക്കുന്ന ഇടമാണ് പോലീസ് സ്‌റ്റേഷനുകള്‍. അവിടെ നിന്ന് അനുഭാവപൂര്‍ണമായ സമീപനവും പരിഗണനയും അപൂര്‍വമാണ്. നിരാശാജനകവും മനുഷ്യത്വ രഹിതവുമായ സമീപനത്തിന്റെ കഥകളാണ് മിക്ക പേര്‍ക്കും പങ്ക് വെക്കാനുള്ളത്. രണ്ട് ദിവസം മുമ്പ് തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനില്‍ നിന്ന് ഒരു പത്രപ്രവര്‍ത്തകനുണ്ടായ തിക്താനുഭവം ഉദാഹരണം. സ്‌റ്റേഷനില്‍ നടന്ന നിര്‍മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വിവരാവകാശ ഹരജി നല്‍കാന്‍ എത്തിയ ഇദ്ദേഹത്തിന് കടുത്ത ശകാരവും അധിക്ഷേപവുമായിരുന്നു പോലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് കേള്‍ക്കേണ്ടിവന്നത്. വിവരാവകാശ ഹരജിക്ക് പിന്നില്‍ ആരാണന്ന് ചോദിച്ച പോലീസ് കോണ്‍സ്റ്റബിള്‍, ആരാണെങ്കിലും അയാളെ ഒന്ന് കൈകാര്യം ചെയ്ത ശേഷമേ മറുപടി തരികയുള്ളൂയെന്ന് ഭീഷണി മുഴക്കുകയുണ്ടായി.
കഴിഞ്ഞ മാസം കാസര്‍കോട് കോടതി വിധി പറഞ്ഞ സഫിയ വധക്കേസിന്റെ തുടക്കത്തില്‍, മകളെ കാണാനില്ലെന്ന് പരാതിയുമായി കാസര്‍കോട് ആദൂര്‍ പോലീസ് സ്‌റ്റേഷനിലെത്തിയ സഫിയയുടെ മാതാപിതാക്കള്‍ക്കുണ്ടായ അനുഭവം ഇതിനേക്കാള്‍ ക്രൂരമായിരുന്നു. പണം തട്ടാനായി കുട്ടിയെ കുടകിലാക്കി കള്ളം പറഞ്ഞ് വരികയാണോ എന്ന് ചോദിച്ചു ഇവരോട് തട്ടിക്കയറുകയായിരുന്നു അന്നേരം ഡ്യൂട്ടിയിലുണ്ടായ പോലീസ്. മാത്രമല്ല പരാതിക്കാരിയായ സഫിയയുടെ പിതാവ് മൊയ്തുവിനെ ലോക്കപ്പിലിടുകയും ചെയ്തു. കൂടെയുണ്ടായിരുന്ന ഭാര്യയും കുട്ടിയും വാവിട്ട് നിലവിളിച്ചപ്പോഴാണ് ഗത്യന്തരമില്ലാതെ അദ്ദേഹത്തെ ലോക്കപ്പില്‍ നിന്ന് മോചിപ്പിച്ചത്. സഫിയയുടെ തിരോധാനം ഒളിച്ചോട്ട കേസുകളുടെ പട്ടികയില്‍ പെടുത്തി എഴുതിത്തള്ളുകയും ചെയ്തു. പിന്നീട് ക്രൈംബ്രഞ്ചിന്റെ ശാസ്ത്രീയമായ അന്വേഷണമാണ് സഫിയ കൊല്ലപ്പെട്ടതാണെന്ന വസ്തുത വെളിച്ചത്തുകൊണ്ടു വന്നത്. സാധാരണക്കാര്‍ക്ക് നീതി ലഭ്യമാക്കേണ്ട ലോക്കല്‍ പോലീസിന്റെ ഭാഗത്തുനിന്നും ഇത്തരം സമീപനങ്ങളുണ്ടായാല്‍ പിന്നെ ആരാണ് അവര്‍ക്ക് ആശ്രയം?
ജനങ്ങള്‍ക്ക് സൈ്വരജീവിതവും സമാധാനവും ഉറപ്പ് വരുത്താന്‍ ബാധ്യതപ്പെട്ടവരാണ് പോലീസ്. അവര്‍ ജനങ്ങളുടെ സഹായികളും വഴികാട്ടികളുമാകണം. പരാതിയുമായി സമീപിക്കുന്നവരെ നല്ല മുഖത്തോടെ സ്വീകരിക്കുകയും പരാതിക്കാര്‍ക്ക് പറയാനുള്ളതെല്ലാം തുറന്ന മനസ്സോടെ കേട്ട് ആശ്വാസ വാക്കുകള്‍ പറഞ്ഞു തിരിച്ചയക്കുകയുമാണ് പോലീസ് ചെയ്യേണ്ടത്. പോലീസിനെ ഈ നിലയില്‍ പരിവര്‍ത്തിപ്പിക്കാന്‍ ഒട്ടേറെ ശ്രമങ്ങള്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. ജനമൈത്രി പോലീസ് ഇതിന്റെ ഭാഗമായിരുന്നു. എന്നാല്‍ നായയുടെ വാല് നിവര്‍ത്താന്‍ നടത്തിയ ശ്രമത്തിന്റെ പരിണതിയാണ് ഈ നീക്കങ്ങള്‍ക്കെല്ലാമുണ്ടായത്. ജനമൈത്രി പൊലീസ് സ്‌റ്റേഷന്‍ എന്നു പേരെഴുതി വെച്ച് മനുഷ്യത്വം തൊട്ടുതീണ്ടിയില്ലാത്തവരെ നിയമിച്ചതു കൊണ്ട് പോലീസ് ജനകീയമാകില്ലല്ലോ. മനുഷ്യാവകാശങ്ങളെക്കുറിച്ച് ഐ പി എസ് പരിശീലനത്തില്‍ പഠിപ്പിക്കുന്നില്ലേയെന്ന് ആലുവ റൂറല്‍ എസ് പി യതീഷ് ചന്ദ്രയോട് പോലീസ് കംപ്ലെയിന്റ്‌സ് അഥോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് കെ നാരായണക്കുറുപ്പിന് ചോദിേക്കണ്ടിവന്നത് ഇതുകൊണ്ടാണ്. കഴിഞ്ഞ മാര്‍ച്ച് 14ലെ ഹര്‍ത്താലിനോടനുബന്ധിച്ച് എസ് പിയുടെ നേതൃത്വത്തില്‍ അങ്കമാലിയില്‍ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റവര്‍ നല്‍കിയ പരാതി പരിഗണിക്കവെയായിരുന്നു ജസ്റ്റിസിന്റെ ചോദ്യം. അദ്ദേഹം അഭിപ്രായപ്പെട്ട പോലെ മറ്റു പരിശീലനങ്ങളേക്കാളുപരി പെരുമാറ്റ ശാസ്ത്രവും ധാര്‍മിക വിദ്യാഭ്യാസവുമാണ് നിയമപാലകര്‍ക്ക് നല്‍കേണ്ടത്. പോലീസ് തിരഞ്ഞെടുപ്പില്‍ സ്വഭാവശുദ്ധിക്ക് മികച്ച പരിഗണനയും നല്‍കണം. അതിന്റെ അഭാവത്തില്‍ മറ്റു പദ്ധതികളെല്ലാം നിഷ്ഫലമായിരിക്കും.

---- facebook comment plugin here -----

Latest