Connect with us

Kerala

പാഠപുസ്തക അച്ചടി:സീ ആപ്റ്റ എം ഡിക്കെതിരെ വിജിലന്‍സ് അന്വേഷണം

Published

|

Last Updated

തിരുവനന്തപുരം: പാഠപുസ്തക, കൈപ്പുസ്തക, ലോട്ടറി അഴിമതിയുടേയും ക്രമക്കേടിന്റെയും പേരില്‍ സി-ആപ്റ്റ് മാനേജിംഗ് ഡയറക്ടര്‍ സജിത് വിജയരാഘവനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു. റിപ്പോര്‍ട്ട് ഉടന്‍ തയാറാക്കണമെന്ന് വിജിലന്‍സ് ഡയറകടര്‍ക്ക് നല്‍കിയ ഉത്തരവില്‍ പറയുന്നു.
പാഠപുസ്തക അച്ചടിയുടെ പേരില്‍ സി-ആപ്റ്റിലെ അഴിമതിമാധ്യമങ്ങളില്‍ വാര്‍ത്തയായതിനെ തുടര്‍ന്ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഡോ.ബി ശ്രീനിവാസ് ഇതേക്കുറിച്ച് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. സി-ആപ്റ്റ് എം ഡിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദമായ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് അദ്ദേഹം റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശ ചെയ്യാന്‍ വിദ്യാഭ്യാസ വകുപ്പ് ഫയല്‍ ആഭ്യന്തര വകുപ്പിന് കൈമാറി. പാഠപുസ്തകം അച്ചടിക്കാന്‍ സ്വകാര്യ കമ്പനികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചപ്പോള്‍ കൂടിയ നിരക്ക് രേഖപ്പെടുത്തിയ മണിപ്പാല്‍ ടെക്‌നോളജീസുമായി കരാറിലെത്തി, ടെന്‍ഡര്‍ നടപടികള്‍ റദ്ദാക്കിയിട്ടും 43 ലക്ഷം പുസ്തകങ്ങള്‍ അച്ചടിക്കാന്‍ സ്വകാര്യ കമ്പനിക്ക് വര്‍ക്ക് ഓര്‍ഡര്‍ നല്‍കി തുടങ്ങിയ ആരോപണങ്ങളാണ് അന്വേഷണത്തിന്റെ പരിധിയിലുള്ളത്. സി-ആപ്റ്റ് എം ഡിക്കെതിരെ ലോട്ടറി അച്ചടിയില്‍ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണവും അച്ചടി യന്ത്രങ്ങള്‍ വാങ്ങിയതില്‍ ക്വിക് വെരിഫിക്കേഷനും നടക്കുന്നുണ്ട്. ഇതിന് പുറമെയാണ് വിശദമായ അന്വേഷണം നടത്താന്‍ ആഭ്യന്തര മന്ത്രി ഉത്തരവിട്ടത്. വിജിലന്‍സ് അന്വേഷണം നേരിടുന്ന പൊതുമേഖലാ സ്ഥാപനങ്ങളിലെ മേധാവികളെ തല്‍സ്ഥാനത്തു നിന്നും മാറ്റിനിര്‍ത്തണമെന്നാണ് സര്‍ക്കാര്‍ നിലപാട്.
ലോട്ടറി അച്ചടി, പാഠപുസ്തക അച്ചടി, വിപണി വിലയേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ യന്ത്രങ്ങള്‍ വാങ്ങിക്കൂട്ടല്‍, അധ്യാപക കൈപ്പുസ്തക അച്ചടിയിലെ അഴിമതി എന്നിവയില്‍ അന്വേഷണം നടത്താനാണ് ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശം. ലോട്ടറി അച്ചടിക്കുന്നതിനും ബാര്‍കോഡിംഗിനുമായി ഉയര്‍ന്ന നിരക്കില്‍ ഉപകരണം വാടകയ്ക്ക് എടുത്ത് സി-ആപ്റ്റിന് കോടികളുടെ നഷ്ടമുണ്ടാക്കിയെന്ന് കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ കണ്ടെത്തിയിരുന്നു. കൂടുതല്‍ ലോട്ടറി അച്ചടിക്കാനായി പുതിയ അച്ചടി യന്ത്രം വാങ്ങാന്‍ സി-ആപ്റ്റ് എക്‌സിക്യുട്ടീവ് കമ്മിറ്റി തീരുമാനിച്ചുവെങ്കിലും അതനുസരിക്കാതെ ചെന്നെയില്‍ നിന്ന് യന്ത്രം വാടക്ക് എടുത്തു. സി-ആപ്റ്റില്‍ 22 പൈസക്ക് ലോട്ടറി അച്ചടിക്കുമ്പോള്‍ 92 പൈസക്കാണ് ചെന്നൈയിലെ അന്‍സല കമ്പനിക്ക് കരാര്‍ നല്‍കിയത്. ഈ വര്‍ഷം പാഠപുസ്തകം അച്ചടിക്കാനായി ടെന്‍ഡര്‍ ക്ഷണിച്ചുവെങ്കിലും കുറഞ്ഞ തുക രേഖപ്പെടുത്തിയ സോളാര്‍ പ്രിന്റേഴ്‌സിന്റെ നിരതദ്രവ്യം മുക്കി ഇവരെ ടെന്‍ഡറില്‍ നിന്ന് ഒഴിവാക്കി. രണ്ട് കോടി രൂപ അധികം രേഖപ്പെടുത്തിയ കര്‍ണാടകയിലെ മണിപ്പാല്‍ ടെക്‌നോളജീസിന് കരാര്‍ നല്‍കാന്‍ തീരുമാനിച്ചു.
വിവാദമായതോടെ മന്ത്രിസഭ ഈ ടെണ്ടര്‍ റദ്ദാക്കി. പാഠപുസ്തക അച്ചടിയില്ലെങ്കിലും ഉയര്‍ന്ന വിലയ്ക്ക് ഉപകരണങ്ങള്‍ വാങ്ങിക്കൂട്ടി. അധ്യാപക കൈപ്പുസ്തക അച്ചടയിലും കുറഞ്ഞ തുക രേഖപ്പെടുത്തിയവരെ ഒഴിവാക്കി മണിപ്പാല്‍ ടെക്‌നോളജീസിന് കരാര്‍ നല്‍കുകയായിരുന്നു. ഇതു സംബന്ധിച്ചുയര്‍ന്ന പരാതികളിലാണ് ഇപ്പോള്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവായത്. നിയമസഭയില്‍ സി- ആപ്റ്റിലെ അഴിമതിയെക്കുറിച്ച് വിദ്യാഭ്യാമന്ത്രിക്ക് വി എസ് സുനില്‍കുമാര്‍ എം എല്‍ എ രേഖാമൂലം പരാതി നല്‍കിയിരുന്നു.
ഇതേ അഴിമതിയില്‍ പ്രത്യേക പൊലീസ് സംഘത്തിന്റെ അന്വേഷണത്തിന് ലോകായുക്ത കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ലോകായുക്ത ഉത്തരവിനെ തുടര്‍ന്ന് പോലീസ് മേധാവി ടി പി സെന്‍കുമാര്‍, എ ഡി ജി പി ബി സന്ധ്യക്ക് അന്വേഷണത്തിന്റ പൂര്‍ണ ചുമതല നല്‍കിയിരുന്നു. പാഠപുസ്തക അച്ചടിയുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ലോകായുക്ത 12 ന് വാദം കേള്‍ക്കും.

Latest