നേതാക്കള്‍ക്കിടയിലെ ആശയവ്യതിയാനം; ചേളാരി വിഭാഗത്തില്‍ അസ്വസ്ഥത പുകയുന്നു

Posted on: August 7, 2015 8:16 pm | Last updated: August 7, 2015 at 11:55 pm
SHARE

musthafal faizy new

കോഴിക്കോട് :തനിക്കെതിരെ നിലപാടെടുത്ത നേതൃത്വത്തെ പരിഹസിച്ച് മുസ്തഫല്‍ ഫൈസി രംഗത്തെത്തിയതോടെ ചേളാരി വിഭാഗത്തിലെ ഭിന്നത കൂടുതല്‍ മറനീക്കി പുറത്തുവന്നു. നിലവിളക്ക് കൊളുത്തുന്നതില്‍ തെറ്റില്ലെന്ന നിലപാടെടുത്ത ഫൈസിയെ യുവജന വിഭാഗം ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് കഴിഞ്ഞ ദിവസമാണ് നീക്കിയത്. ഇതിനെതിരെ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് ഫൈസി പ്രതികരിച്ചത്. സംഘടന സ്ഥാനങ്ങളില്‍ നിന്ന് നീക്കിയതിനെ ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നുവെന്നും ലേഖനം പോസ്റ്റ് ചെയ്ത ഫെയ്‌സ് ബുക്ക് അധികൃതരെ പുറത്താക്കാതിരിക്കാന്‍ സമസ്തക്കാര്‍ കാണിച്ച മഹാമനസ്‌കതക്ക് നന്ദി എന്ന് കളിയാക്കിയാണ് ഫെയ്‌സ് ബുക്കില്‍ തനിക്കെതിരെയുള്ള നടപടിയോട് ഫൈസി പ്രതികരിച്ചിരിക്കുന്നത്. ഫൈസിയുടെ പ്രതികരണം നേതൃത്വത്തെ കൂടുതല്‍ വെട്ടിലാക്കുന്നതാണ്. നിലവിളക്ക് കത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ നേതാക്കള്‍ക്കിടയില്‍ ഭിന്നത ഉടലെടുത്തതും എം പി മുസ്തഫല്‍ ഫൈസിക്കെതിരെ നടപടിയെടുത്തതും കഴിഞ്ഞ ദിവസമാണ്. നിലവിളക്ക് കത്തിക്കുന്നത് തെറ്റല്ലെന്ന നിലപാടാണ് മുസ്തഫല്‍ ഫൈസിക്കുണ്ടായിരുന്നത്.
അതേ സമയം, മത സാംസ്‌കാരിക വിഷയങ്ങളില്‍ നേതാക്കള്‍ക്കിടയില്‍ കടുത്ത ആശയഭിന്നത നിലനില്‍ക്കുന്നത് ചേളാരി വിഭാഗത്തില്‍ കടുത്ത അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്. കാലങ്ങളായി മുസ്‌ലിം പണ്ഡിത ലോകം നിലപാട് പറഞ്ഞതും വിശ്വാസികള്‍ അംഗീകരിച്ചു വരുന്നതുമായ വിഷയങ്ങളില്‍ പോലും യോജിച്ച നിലപാടെടുക്കാനാകുന്നില്ല എന്നത് ചേളാരി നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്ന വിവിധ വിഷയങ്ങളില്‍ നിലപാട് പറയാന്‍ പോലും കഴിയാത്ത സാഹചര്യത്തിലാണ് താത്കാലികമായി നലപടിയെടുത്ത് നേതൃത്വം മുഖം രക്ഷിക്കാന്‍ ശ്രമം നടത്തിയത്. നിലവിളക്ക് വിവാദത്തിന് മുമ്പ് ഓണാഘോഷവുമായി ബന്ധപ്പെട്ട് നേതാക്കള്‍ക്കിടയില്‍ വ്യത്യസ്ത നിലപാട് രൂപപ്പെടുകയും സ്വന്തം പത്രത്തില്‍ തന്നെ ഓണാഘോഷം അനുവദനീയമാണെന്നും അല്ലെന്നുമുള്ള ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നാല്‍ ഏത് നിലപാടാണ് ശരിയെന്ന് പ്രവര്‍ത്തകരെ ഇതുവരെ നേതൃത്വം ബോധ്യപ്പെടുത്തിയിട്ടില്ല. നികാഹ് ഫോണിലൂടെയുമാകാമെന്ന പുതിയ ഫത്‌വ അടുത്ത കാലത്താണ് ചേളാരി പാളയത്തില്‍ നിന്നുണ്ടായത്. ഇവരുടെ പ്രമുഖ യുവ പ്രഭാഷകന്‍ സിന്‍സാറുല്‍ ഹഖ് ഹുദവിയാണ് പ്രതിശ്രുത വധുവിന്റെ പിതാവ് ഫോണിലൂടെ നികാഹ് വാചകങ്ങള്‍ ചൊല്ലി തന്നാല്‍ പിന്നെ നിങ്ങള്‍ക്ക് എന്തുമാകാമെന്ന് യുവാക്കളെ ഉപദേശിച്ചത്. ചേളാരി വേദികളിലെ നിത്യസാനിധ്യവും വിവാദ പ്രഭാഷകനുമായ നൗഷാദ് ബാഖവിയുടെ ഖുതുബ സംബന്ധിച്ച വിശദീകരണവും അടുത്ത ദിവസം വിവാദമായി. ഖുതുബയുടെ ഭാഗങ്ങള്‍ മലയാളത്തിലുമാകാമെന്ന ബാഖവിയുടെ ചാനല്‍ ഷോയിലെ വിശദീകരണമാണ് വിവാദമായത്. ഈ രണ്ട് വിഷയങ്ങളിലും സോഷ്യല്‍ മീഡിയയില്‍ പോലും കടുത്ത ആക്രമണമാണ് ചേളാരി വിഭാഗം നേരിട്ടത്. എന്നാല്‍ ആചാരത്തിലും അനുഷ്ഠാനത്തിലും സൂക്ഷ്മത പാലിക്കേണ്ട കര്‍മമായിരുന്നിട്ടും കാലങ്ങളായി പുത്തന്‍ പ്രസ്ഥാനക്കാരുമായുള്ള തര്‍ക്ക വിഷയമായിരുന്നിട്ടും പോലും രണ്ട് പ്രഭാഷകരെ തള്ളിപ്പറയേണ്ടി വരുമെന്നതിനാല്‍ നേതൃത്വം തന്ത്രപരമായ മൗനം പാലിക്കുകയായിരുന്നു. ഇതിനെതിരെ നേതാക്കളില്‍ ഒരു വിഭാഗത്തിനും അണികള്‍ക്കിടയിലും പ്രതിഷേധമുണ്ട്. മാസപ്പിറവിയുമായി ബന്ധപ്പെട്ട് ധൃതിപ്പെട്ട് പ്രഖ്യാപനം നടത്തിയതും ചേളാരി വിഭാഗം നേതാക്കള്‍ക്കിടയില്‍ ഭിന്നതക്ക് കാരണമായിരുന്നു. മാസപ്പിറവിയുമായി ബന്ധപ്പെട്ട പ്രഖ്യാപനത്തില്‍ തനിക്ക് ബന്ധമില്ലെന്ന ചേളാരി വിഭാഗം സെക്രട്ടറി കോട്ടുമല ബാപ്പു മുസ്‌ലിയാരുടെ പ്രവര്‍ത്തകനുമായുള്ള ഫോണ്‍ സംഭാഷണം കഴിഞ്ഞ ദിവസം പുറത്തായത് ഇവര്‍ക്കിടയിലെ ഭിന്നത വ്യക്തമാക്കുന്നതാണ്. നേതൃത്വത്തിന്റെതായി തീരുമാനം പുറത്തു വരികയും നേതാക്കളും പ്രവര്‍ത്തകരും അംഗീകരിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യം സംഘടനയില്‍ നിലവിലില്ല. പ്രമുഖ നേതാക്കളെയും മുശാവറ മെമ്പര്‍മാരെയും നോക്കുകുത്തിയാക്കി ചില യുവജന വിഭാഗം നേതാക്കള്‍ ചേളാരി വിഭാഗത്തിന്റെ മൊത്തം നിയന്ത്രണം കൈയാളുന്നതാണ് ഇന്നത്തെ അവസ്ഥക്ക് കാരണമെന്ന് ഇവര്‍ക്കിടയില്‍ തന്നെ അഭിപ്രായമുണ്ട്.