മണ്ണുത്തിക്കടുത്ത്‌ ബസ് ബൈക്കിലിടിച്ച് അമ്മയും കുഞ്ഞും മരിച്ചു

Posted on: August 7, 2015 4:48 pm | Last updated: August 7, 2015 at 11:51 pm
SHARE

accidentമണ്ണുത്തി: അപകട മേഖലയില്‍ ഹൈവേ പോലീസ് വാഹനപരിശോധന നടത്തുന്നതിനിടെ കെ എസ് ആര്‍ ടി സി ബസും ബൈക്കും കൂട്ടിയിടിച്ച് അമ്മയും മകളും മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന ഗൃഹനാഥന് ഗുരുതരമായി പരുക്കേറ്റു. പഴയന്നൂര്‍ കുന്നാലക്കോട് നാലുപുരത്തൊടി വീട്ടില്‍ റഷീദ് അലിയുടെ ഭാര്യ സഫിയ (33), ഒന്നര വയസുള്ള മകള്‍ ഫാത്വിമ ഷിഫാന്‍ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ റഷീദ് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്നലെ രാവിലെയാണ് അപകടം. സ്ഥിരം അപകട മേഖലയായ വെട്ടിക്കലില്‍ ഇന്നലെ രാവിലെ മുതല്‍ തന്നെ പോലീസ് വാഹന പരിശോധന തുടങ്ങിയിരുന്നു. റഷീദ് സഞ്ചരിച്ച ബൈക്കിന് മുന്നില്‍ പോയ കള്ള് ലോറി പോലീസ് തടയുകയായിരുന്നു. ലോറിയില്‍ ഇടിക്കാതിരിക്കാന്‍ ബൈക്ക് വെട്ടിക്കുന്നതിനിടെയാണ് ബസില്‍ ഇടിച്ചത്. വീഴ്ചയില്‍ ഫാത്വിമയുടെ തല റോഡിലിടിച്ച് തകര്‍ന്നു. തൃശൂരില്‍ നിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന കെ എസ് ആര്‍ ടി സി ബസ് സഫിയയുടെ ദേഹത്തിലൂടെ കയറി ഇറങ്ങി. രണ്ട് പേരും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു.
വാഹന പരിശോധന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പോലീസിനെതിരെ തിരിഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. ഇതോടെ രക്ഷാപ്രവര്‍ത്തനത്തിന് നില്‍ക്കാതെ പോലീസ് സ്ഥലം വിട്ടു. കമ്മീഷണര്‍ കെ ജെ സൈമണ്‍, ഗുരുവായൂര്‍ എ സി പി ആര്‍ല ജയചന്ദ്രന്‍ പിള്ള, ഒല്ലൂര്‍ സി ഐ. എ ഉമേഷ്, മേയര്‍ രാജന്‍ ജെ പല്ലന്‍ തുടങ്ങിയവര്‍ ഇടപെട്ടാണ് സംഘര്‍ഷാവസ്ഥ പരിഹരിച്ചത്. വെട്ടിക്കലില്‍ ഈ ഭാഗത്ത് വാഹന പരിശോധന ഉണ്ടാകില്ലെന്ന ഉറപ്പ് മേയര്‍ നല്‍കിയതോടെയാണ് നാട്ടുകാര്‍ ശാന്തരായത്.
കാര്‍ഷിക സര്‍വകലാശാലയിലെ ഉപരോധ സമരത്തിന് പിന്തുണയുമായി ഇതുവഴിവന്ന തൃശൂര്‍ മേയര്‍ രാജന്‍ ജെ. പല്ലന്‍ അപകടം കണ്ട് കാര്‍ നിര്‍ത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. തൃശൂര്‍ – പാലക്കാട് റൂട്ടില്‍ ഏറെ നേരം ഗതാഗതവും തടസ്സപ്പെട്ടു. മണ്ണുത്തി വെട്ടിക്കലില്‍ വാഹനപരിശോധന നടത്തിയ ഹൈവേ പോലീസ് എസ് ഐ പങ്കജാക്ഷനെ സ്ഥലംമാറ്റി. ഹൈവേ പോലീസിനെതിരെ ശക്തമായ ജനവികാരം ഉയര്‍ന്നതിനെ തുടര്‍ന്നാണ് അപകടം നടന്ന് രണ്ട് മണിക്കൂറിനകം സിറ്റി പോലീസ് കമ്മീഷണര്‍ നടപടിയെടുത്തത്.