ആരോഗ്യ ബോധവത്കരണം നടത്തും

Posted on: August 7, 2015 5:00 pm | Last updated: August 7, 2015 at 5:10 pm
SHARE

അബുദാബി: പ്രൊഫഷണല്‍ തൊഴില്‍ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സുരക്ഷയുടെ ഭാഗമായി അബുദാബി നഗരസഭ ആരോഗ്യ ബോധവത്കരണം നടത്തും. ഒന്നാം ഘട്ടത്തില്‍ ബ്യൂട്ടി സലൂണ്‍ കേന്ദ്രീകരിച്ചാണ് ക്യാമ്പയിന്‍. 232 ബ്യൂട്ടി സലൂണ്‍ കേന്ദ്രങ്ങളില്‍ ക്യാമ്പയിന്റെ ഭാഗമായി പരിശോധനയും നടത്തി. പരിശോധനയില്‍ 36 കാലഹരണപ്പെട്ട ഉല്‍പന്നങ്ങള്‍ കണ്ടെത്തി. മുമ്പ് നോട്ടീസ് നല്‍കിയ അഞ്ച് സ്ഥാപങ്ങള്‍ക്ക് പുറമെ 12 സ്ഥാപനങ്ങള്‍ക്ക് കൂടി നഗരസഭ മുന്നറിയിപ്പ് നല്‍കി. ഇതിനകം പൊതുജനങ്ങളില്‍ നിന്ന് സലൂണൂമായി ബന്ധപെട്ട് നിരവധി പരാതികളാണ് നഗരസഭക്ക് ലഭിച്ചത്.
കഴിഞ്ഞ കാലങ്ങളില്‍ നഗരസഭ നടത്തിയ ബോധവത്കരണ ക്യാമ്പയിനും ശില്‍പശാലയും വന്‍ വിജയമായിരുന്നുവെന്നും സലൂണുകളില്‍ ശുചിത്വം കര്‍ശനമായി നടപ്പില്‍ വരുത്തുമെന്നും നഗരസഭ വ്യക്തമാക്കി. സലൂണുകളുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് നിരവധി പരാതികളാണ് ഉയരുന്നത്. ഉപകരണങ്ങള്‍ ശരിയായി ശുചീകരിക്കാതിരിക്കുക, വ്യാജ ഉല്‍പന്നങ്ങന്നങ്ങളുടെ ഉപയോഗം എന്നിവയാണ് പരാതികളില്‍ അധികവും.
വ്യാജമായി നിര്‍മിക്കുന്ന മൈലാഞ്ചിയുടെ ഉപയോഗം കര്‍ശനമായി നിയന്ത്രിക്കും. ബോധാവല്‍കരണത്തിന്റെ ഭാഗമായി യോഗ്യതയുള്ള പരിശീലന സ്ഥാപനങ്ങള്‍ ഏകോപിപ്പിച്ചു നഗരസഭയുടെ ലൈസന്‍സ് വിഭാഗം സലൂണ്‍ മേഖലയിലെ ജീവനക്കാര്‍ക്ക് നിരവധി പരിശീലന കോഴ്‌സുകളാണ് നടത്തിയത്. സമൂഹത്തിലെ എല്ലാവര്‍ക്കും സുരക്ഷ, ആരോഗ്യം എന്നിവ ഉറപ്പാക്കാനുമായിരുന്നു ഇത്. മലിനീകരണം കുറക്കാനും പകര്‍ച്ചവ്യാധികള്‍ പടരാതിരിക്കാനും സലൂണുകളിലെ കസേരകള്‍ നിയമാനുസൃതമായ അകലം പാലിക്കണമെന്ന് നഗരസഭാ കേന്ദ്രങ്ങള്‍ അറിയിച്ചു. കസേരകള്‍ തമ്മിലുള്ള അകലം ഏറ്റവും കുറഞ്ഞത് 1.25 മീറ്ററില്‍ കുറയരുത്.
സ്ഥാപനത്തിന്റെ അകത്ത് കസേരകള്‍ സ്ഥാപിക്കുന്നതിന് കുറഞ്ഞത് ആറ് ചതുരശ്ര മീറ്റര്‍ അകലം ഉണ്ടായിരിക്കണം. ഗുണമേന്മയുള്ള വസ്തുക്കള്‍ മാത്രമേ നഗരസഭയില്‍ ഉപയോഗിക്കാവൂ എന്നും നഗരസഭ വ്യക്തമാക്കി.