Connect with us

Gulf

അബൂബക്കറിന് വേണ്ടത് സുമനസുകളുടെ സഹായം

Published

|

Last Updated

ഷാര്‍ജ: തട്ടിപ്പ് തടയാന്‍ ശ്രമിക്കുന്നതിനിടെ പരുക്കേറ്റ് ആശുപത്രിയിലായ പാലക്കാട് സ്വദേശിയും ഷാര്‍ജ അല്‍ ഹസാനയിലുള്ള റെഹീം ഗ്രോസറി ജീവനക്കാരനുമായ മുഹമ്മദ് അബൂബക്കറിന്റെ വീട്ടുകാരും നാട്ടുകാരും കാരുണ്യം തേടുന്നു. ആറ് സഹോദരരടക്കം വലിയൊരു കുടുംബത്തിന്റെ ഏക അത്താണിയാണ് വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തി ഉമ്മല്‍ ഖുവൈന്‍ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന അബൂബക്കര്‍, റഹീം ഗ്രോസറിയില്‍ കഴിഞ്ഞ 26 നാണ് ദുരന്തം ഫോര്‍വീല്‍ രൂപത്തില്‍ എത്തിയത്. ടെലഫോണ്‍ കാര്‍ഡു വാങ്ങി പണം നല്‍കാതെ മുന്നോട്ടെടുത്ത വണ്ടിയിലുണ്ടായിരുന്ന യുവാവിനെ അബൂബക്കര്‍ കടന്നു പിടിച്ചു.
ഇതിനിടയില്‍ വാഹനം മുന്നോട്ടെടുത്ത യുവാവ് അബൂബക്കറിനേയും വലിച്ചിഴച്ച് ഏതാനും മീറ്ററുകള്‍ സഞ്ചരിച്ചു. അബൂബക്കര്‍ പിടിവിടില്ലന്ന് മനസ്സിലാക്കിയ യുവാവ് വാഹനത്തിന്റെ വേഗത കൂട്ടിയതിനു ശേഷം തന്റെ രണ്ടു കൈയ്യും ഉപയോഗിച്ച് ഇയാളെ തള്ളി താഴെയിടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. സംഭവം കണ്ടുനിന്നവര്‍ ഉടനെ അബൂബക്കറിനെ തൊട്ടടുത്തുള്ള കുവൈത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വീഴ്ചയില്‍ തലക്ക് ഗുരുതരമായി പരുക്ക് പറ്റിയ അബൂബക്കറിന് ബോധം നഷ്ടപ്പെട്ടിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കൂടുതല്‍ മികച്ച സൗകര്യങ്ങളുള്ള ഉമ്മല്‍ ഖുവൈന്‍ ആശുപത്രിയിലേക്ക് അബൂബക്കറിനെ മാറ്റിയെങ്കിലും ബോധം വീണ്ടെടുക്കാതെ തലയിലെ ഓപ്പറേഷന്‍ സാധ്യമല്ലെന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്. ദിവസം കഴിയുന്തോറും ആരോഗ്യനില കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുന്ന ഇദ്ദേഹത്തിന്റെ ഇപ്പോഴത്തെ നില അതീവ ഗുരുതരമാണെന്നാണ് അറിയുന്നത്. കഴിഞ്ഞ ദിവസം പ്രതിയെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും ഒരു ദരിദ്യ കുടുംബത്തിലെ ഏക ആശ്രയമാണ് മരണത്തോട് മല്ലടിച്ച് കിടക്കുന്നത്. ഉമ്മയും നിത്യരോഗിയായ ഒരു പെങ്ങളടക്കം ആറ് സഹോദരിമാരും അബൂബക്കറിന്റെ വരുമാനത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഭാര്യയും 13ഉം 17ഉം വയസ്സുള്ള രണ്ട് കുട്ടികളുടെ പിതാവുമായ അബൂബക്കര്‍ ആറ് മാസം മുന്‍പാണ് അവസാനമായി നാട്ടില്‍ പോയി മടങ്ങിയെത്തിയത്. ഒമ്പത് വര്‍ഷം മുന്‍പാണ് അബൂബക്കര്‍ യു എ ഇയില്‍ എത്തുന്നത്. കഴിഞ്ഞ ആറ് വര്‍ഷമായി ഇതേ ഗ്രോസറിയില്‍ ജോലി ചെയ്തു വരുന്നു. നല്ലപെരുമാറ്റത്തിന് ഉടമയാണ് അബൂബക്കറെന്ന് ഗ്രോസറിയുടെ പരിസരത്ത് താമസിക്കുന്നവര്‍ പറഞ്ഞു.
വളരെ ആത്മാര്‍ഥതയും ധൈര്യവും ഇദ്ദേഹത്തിനുണ്ടായിരുന്നതായും ഇവര്‍ പറഞ്ഞു. സമാന സംഭവം മുന്‍പ് പരാജയപ്പെടുത്തിയതും അന്ന് പ്രതികളെ പിടികൂടുന്നതിന് പോലീസിനെ ഏറെ സഹായിച്ചതും അബൂബക്കറായിരുന്നു. എന്നാല്‍ ഇത്തവണ തന്റെ ജീവന്‍ തന്നെ അപകടത്തിലാക്കുന്ന രീതിയില്‍ സംഭവം മാറിമറിയുമെന്ന് ഇദ്ദേഹം കരുതിയിട്ടുണ്ടാവില്ല. പ്രവാസ ജീവിതത്തിനിടയില്‍ സ്വരൂപിച്ച് കൂട്ടിയ പണം ഉപയോഗിച്ച് ഒരു കൊച്ചു വീടിന്റെ നിര്‍മാണം അബൂബക്കര്‍ ആരംഭിച്ചിരുന്നു. രോഗിയായ പിതാവിന്റെ ആഗ്രഹത്താല്‍ ആറു മാസം മുമ്പ് പണി പൂര്‍ത്തിയാകാതെ തന്നെ വീടിന്റെ പ്രവേശനം നടത്തുകയും ചെയ്തു. വീടിന്റെ താല്‍കാലിക പണികള്‍ തീര്‍ക്കുന്ന ഇനത്തിലും കുറെ കടങ്ങള്‍ അബൂബക്കറിനുണ്ടായിരുന്നു. പിതാവിന്റെ മരണ ശേഷം കുടുംബത്തിന്റെ മുഴുവന്‍ ഉത്തരവാദിത്ത്വവും ചുമലിലേന്തിയാണ് അബൂബക്കര്‍ വീണ്ടും പ്രവാസ ജീവിതത്തിലേക്ക് മടങ്ങിവന്നത്. വിവരങ്ങള്‍ക്ക്: 050-6318857