Connect with us

Gulf

സൂയസ് കനാല്‍ വഴി യു എ ഇയിലേക്കും ഇന്ത്യയിലേക്കും

Published

|

Last Updated

ഈജിപ്തിന്റെ മേല്‍ നോട്ടത്തില്‍ സൂയസ് കനാലിന് സമാന്തരപാത ഉദ്ഘാടനം ചെയ്യപ്പെട്ടതോടെ യു എ ഇക്ക് പലനേട്ടങ്ങളും കൈവരുമെന്നാണ് പ്രതീക്ഷ. യു എ ഇയില്‍ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിശേഷിച്ച് യൂറോപ്പിലേക്കും തിരിച്ചും കപ്പല്‍ ഗതാഗതം എളുപ്പമാകും. മറ്റൊന്ന്, സമാന്തര പാതയുടെ ഓരങ്ങളില്‍ പുതുതായി സ്ഥാപിക്കപ്പെടുന്ന സ്വതന്ത്ര വ്യാപാരമേഖലകളില്‍ യു എ ഇ കമ്പനികള്‍ക്കാണ് സാധ്യതകൂടുതല്‍. അടുത്ത അഞ്ചു വര്‍ഷം കൊണ്ട് 15,000 കോടി ഡോളറിന്റെ നിക്ഷേപം യു എ ഇയില്‍ നിന്ന് ഈജിപ്തിലെത്തുമെന്നാണ് കണക്കുകൂട്ടല്‍. യു എ ഇ ആസ്ഥാനമായ ഇന്ത്യന്‍ കമ്പനികളുടെ പങ്കാളിത്തവും വലുതായിരിക്കും.
കനാല്‍ സമാന്തര പാതയുടെ നിര്‍മാണത്തില്‍ യു എ ഇ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ചെങ്കടലിനെയും മെഡിറ്ററേനിയന്‍ കടലിനെയും ബന്ധിപ്പിക്കുന്ന സൂയസ് കനാലിന് 35 കിലോമീറ്ററില്‍ സമാന്തര പാതയൊരുക്കാന്‍ ഈജിപ്ത് തീരുമാനിച്ചപ്പോള്‍, കുഴിയെടുക്കുന്നതിന് (ഡ്രെഡ്ജിംഗ്) മുന്നോട്ടുവന്നത് അബുദാബി ആസ്ഥാനമായ മറൈന്‍ ഡ്രെഡ്ജിംഗ് കമ്പനിയാണ്. കമ്പനി നേതൃത്വം വഹിച്ചില്ലായിരുന്നുവെങ്കില്‍ ഒരു വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാകുമായിരുന്നില്ല.
ഈജിപ്തും യു എ ഇയും പരസ്പരം ഏറെ അടുപ്പമുള്ള രാജ്യങ്ങളാണ്. പ്രസിഡന്റ് ജമാല്‍ അബ്ദുല്‍ നാസറിന്റെ കാലത്ത് ബന്ധം ശക്തിപ്പെട്ടു. 1956ല്‍ സൂയസ് കനാല്‍ ദേശ സാല്‍കരിക്കപ്പെട്ടപ്പോള്‍ യു എ ഇ പിന്തുണച്ചു. അന്ന് ബ്രിട്ടനും ഫ്രാന്‍സും ഇസ്‌റാഈലും ഈജിപ്തിനെ ആക്രമിച്ചു. ജമാല്‍ അബ്ദുല്‍ നാസറിന് പ്രസിഡന്റ് പദം രാജിവെക്കേണ്ടിവന്നു. നാസറിനോടുള്ള ബഹുമാനാര്‍ഥം യു എ ഇയുടെ ചില തെരുവുകള്‍ക്ക് ജമാല്‍ അബ്ദുല്‍ നാസര്‍ സ്ട്രീറ്റ് എന്ന് നാമകരണം ചെയ്തിട്ടുണ്ട്.
193 കിലോമീറ്ററിലാണ് സൂയസ് കനാല്‍. 146 വര്‍ഷം മുമ്പാണ് കനാല്‍ നിര്‍മിച്ചത്. വാണിജ്യകപ്പലുകള്‍ക്ക് ഇടതടവില്ലാതെ സഞ്ചരിക്കാന്‍ കനാല്‍ സൗകര്യമൊരുക്കി. പല രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കും കനാല്‍ കാരണമായിട്ടുണ്ടെങ്കിലും ആഗോള വത്കരണകാലത്തെ കയറ്റിറക്കുമതി വ്യാപനത്തിന് കനാല്‍ ഗതിവേഗം നല്‍കി.
യൂറോപ്പിനെയും ഇന്ത്യയെയും ബന്ധിപ്പിക്കുന്ന പ്രധാന കപ്പല്‍ പാതയായി ഇത് മാറി. രാജ്യങ്ങള്‍ തമ്മില്‍ വാണിജ്യഇടപാടുകള്‍ വര്‍ധിച്ചപ്പോള്‍ സൂയസ് കനാലില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. അത് മറികടക്കാന്‍ ഈജിപ്ത് ആസൂത്രണം ചെയ്തതാണ് 72 കിലോമീറ്റര്‍ സമാന്തര പാത. ഇതില്‍ 35 കിലോമീറ്ററാണ് തുറക്കുന്നത്. യൂറോപ്പില്‍ നിന്ന് ഇന്ത്യയിലേക്കും കപ്പല്‍ വഴി ഗള്‍ഫ് രാജ്യങ്ങളിലേക്കും എത്തുമ്പോള്‍ ഏഴുമണിക്കൂര്‍ ലാഭിക്കാന്‍ കഴിയും. ദിവസം 49 കപ്പലുകള്‍ക്ക് കടന്നുപോകാം. ക്രൂയിസ് വിനോദ സഞ്ചാരികള്‍ പതിന്മടങ്ങാകും. മേഖലയിലെ എണ്ണകയറ്റുമതി രാജ്യങ്ങളായ യു എ ഇക്കും സഊദി അറേബ്യക്കും മറ്റും കനാല്‍ ഗുണകരമാണ്. നിലവില്‍, ലോകത്ത് എണ്ണ വ്യാപാരത്തിന്റെ എട്ടുശതമാനം സൂയസ് കനാല്‍ വഴി.
ഈജിപ്തിന്റെ സമ്പദ് ഘടനക്ക് വലിയ തുണയാണ് സൂയസ് കനാല്‍. വരുമാനം 2023 ഓടെ 500 കോടി ഡോളറില്‍ നിന്ന് 1320 കോടി ഡോളറായി ഉയരും. സമാന്തര കനാലിന് തീരത്തുള്ള സിനായ് പെനിന്‍സുലക്കും ഗുണം ലഭിക്കും. തൊഴിലവസരങ്ങള്‍ വര്‍ധിക്കും.
ദുബൈ പോര്‍ട്ട് വേള്‍ഡാണ് മറ്റൊരു ഗുണഭോക്താവ്. ജെബല്‍ അലി തുറമുഖത്തേക്കു ഗതാഗതം കൂടും. സമാന്തര കനാലിന്റെ തെക്കന്‍ ഭാഗത്തുള്ള സോഖ്‌ന തുറമുഖത്തിന്റെ നടത്തിപ്പ് ഡി പി വേള്‍ഡിനാണ്. അവിടെ നിന്നും ജെബല്‍ അലി വഴി കൊച്ചിയിലേക്കും ധാരാളം കപ്പലുകള്‍ വര്‍ധിക്കും. കൊച്ചിവല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ നടത്തിപ്പും ഡി പി വേള്‍ഡിനാണെന്ന് ഓര്‍ക്കുക.
ഈജിപ്തില്‍ രാഷ്ട്രീയ അസ്വാസ്ഥ്യം കുറക്കാന്‍ വികസന കുതിപ്പ് അനിവാര്യം. അത് യു എ ഇയുടെ കൂടി ആവശ്യം. അങ്ങിനെയും സൂയസ് കനാല്‍ പദ്ധതിക്ക് പ്രസക്തിയുണ്ട്.
കെ എം എ

 

Latest