ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ‘ആത്മ താരത്തിളക്കം’

Posted on: August 7, 2015 4:00 pm | Last updated: August 7, 2015 at 4:57 pm
SHARE

ദുബൈ: മലയാള ടെലിവിഷന്‍ രംഗത്തെ കലാകാരന്മാര്‍ കൂട്ടത്തോടെ യു എ ഇയില്‍. ഇവരുടെ സംഘടനയായ ആത്മയുടെ ആഭിമുഖ്യത്തില്‍ സ്റ്റേജ് പരിപാടി നടത്താനാണിത്. ഇവര്‍ അണിനിരക്കുന്ന ‘ആത്മതാരത്തിളക്കം’ ഇന്ന് (വെള്ളി) ദുബൈ അല്‍ നാസര്‍ ലെഷ്വര്‍ ലാന്‍ഡിലും നാളെ (ശനി) അബുദാബി നാഷണല്‍ തിയേറ്ററിലുമായി അറങ്ങേറുമെന്ന് പ്രസിഡന്റ് കെ ബി ഗണേഷ്‌കുമാര്‍ എം എല്‍ എയും ഏഷ്യാവിഷന്‍ എം ഡി നിസാര്‍ സെയ്ദും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ടെലിവിഷന്‍ രംഗത്ത് നൂറിലധികം എപ്പിസോഡുകള്‍ പിന്നിട്ടവരും കുടുംബ പ്രേക്ഷകരുടെ പ്രിയ താരങ്ങളുമായ കലാകാരന്മാരുടെ കൂട്ടായ്മയായ ആത്മ (Association of Malayalam Television Artists)യുടെ ആഭിമുഖ്യത്തില്‍ അരങ്ങേറുന്ന പരിപാടി ഇത്തവണത്തെ ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതായിരിക്കും.
മലയാളത്തിലെ തന്നെ ഇത്തവണത്തെ ആദ്യ ഓണാഘോഷ പരിപാടിക്കായിരിക്കും വെള്ളിയാഴ്ച രാത്രി ദുബൈ അല്‍ നാസര്‍ ലെഷ്വര്‍ ലാന്‍ഡില്‍ തിരി തെളിയുന്നത്. ഇത്‌വരെ കാണാത്തതും വ്യത്യസ്തതകള്‍ നിറഞ്ഞതുമായ മൂന്നു മണിക്കൂര്‍ നീളുന്ന വിനോദ പരിപാടി യാണ് നടത്തുന്നത്. തുടര്‍ന്ന് ശനി രാത്രി പന്ത്രണ്ടിന് അബുദാബി നാഷണല്‍ തിയേറ്ററില്‍ ‘ആത്മ താരത്തിളക്കത്തിന്’ കൊടിയിറങ്ങും. ഇതോടെ യു എ ഇയിലെ ഓണാഘോഷ പരിപാടികളുടെ തുടക്കം കുറിക്കല്‍ പൂര്‍ത്തിയാകും. ഓണ ദിവസങ്ങളില്‍ കൈരളി ടിവിയില്‍ ഇന്ത്യയിലും ഗള്‍ഫിലുമായി പരിപാടി സംപ്രേഷണം ചെയ്യും.
കോട്ടയം നസീര്‍, കിഷോര്‍ സത്യ, ഗായത്രി തുടങ്ങിയവര്‍ അണിനിരക്കുമെന്ന് ഷോ ഡയറക്ടര്‍ ദിനേശ് പണിക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here