Connect with us

Gulf

യൂസ്ഡ് കാര്‍ മാര്‍ക്കറ്റ് അടുത്ത മാസം തുറക്കും

Published

|

Last Updated

ഷാര്‍ജ: അല്‍ റുഖാഹ് അല്‍ ഹംറയിലെ ഓട്ടോ സോണില്‍ അടുത്ത മാസം യൂസ്ഡ് കാര്‍ മാര്‍ക്കറ്റ് തുറക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഷാര്‍ജ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിന് സമീപത്താണ് ഉപയോഗിച്ച കാറുകളുടെ വില്‍പനക്കുള്ള പുതിയ മാര്‍ക്കറ്റ് ഒരുങ്ങുന്നത്. പദ്ധതി ഏറെക്കുറെ പൂര്‍ത്തീകരിച്ചതായും സെപ്തംബറില്‍ ഉദ്ഘാടനം ചെയ്യുമെന്നും ദാര്‍വിഷ് എന്‍ഞ്ചിനിയറിംഗ് എമിറേറ്റ്‌സിലെ പ്രൊജക്ട് മാനേജര്‍ സാദ് നഹാവി വ്യക്തമാക്കി. ഷാര്‍ജ നഗരസഭയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ദാര്‍വിഷ് എന്‍ഞ്ചിനിയംറിംഗിനെ ഏല്‍പിച്ചിരിക്കുന്നത്. പല യൂസ്ഡ് കാര്‍ കടകളും ഇവിടേക്ക് നീങ്ങിക്കൊണ്ടിരിക്കയാണ്. കൂടുതല്‍ സ്ഥാപനങ്ങള്‍ ഉടന്‍ ഇങ്ങോട്ട് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദാര്‍വിഷ് പറഞ്ഞു.
ഷാര്‍ജ നഗരസഭയുടെ പൊതുമരാമത്ത് വിഭാഗമാണ് 15 കോടി ദിര്‍ഹത്തിന്റെ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ തസ്ജീല്‍ വില്ലേജിലാണ് യൂസ്ഡ് കാര്‍ മാര്‍ക്കറ്റ്. അടുത്ത മാസം ഏത് ദിവസമാണ് മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നടക്കുകയെന്ന് നഗരസഭ വ്യക്തമാക്കിയിട്ടില്ല. റമസാന് മുമ്പായി ഇവിടെ തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ പൂര്‍ത്തിയായതായി സമീപത്തെ സ്ഥാപനങ്ങളിലെ ജീവനക്കാരില്‍ ചിലര്‍ വ്യക്തമാക്കി. ഈദ് കഴിയുന്നതോടെ ജോലികള്‍ പൂര്‍ത്തിയാക്കുമെന്നാണ് അറിഞ്ഞിരുന്നതെന്നും ഇവര്‍ പറഞ്ഞു. കുറേക്കാലമായി ഷാര്‍ജ യൂസ്ഡ് കാര്‍ മാര്‍ക്കറ്റ് തുറക്കുമെന്ന് കേള്‍ക്കുന്നുണ്ടെങ്കിലും ഇതുവരെയും ഔദ്യോഗികമായ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് യൂസ്ഡ് കാര്‍ ഷോപ്പ് ഉടമയായ അഹ്മദ് വ്യക്തമാക്കി. അബു ഷഗാറയിലെ നിലവിലെ യൂസ്ഡ് കാര്‍ മാര്‍ക്കറ്റിലുള്ള തങ്ങളുടെ ഷോപ്പിന്റെ വാടക കരാര്‍ ഡിസംബറില്‍ അവസാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇവിടെയുള്ള എല്ലാ കടകളുടെയും സ്ഥിതി ഇതുതന്നെയാണ്. എല്ലാവരും പുതിയ കേന്ദ്രം തുറക്കുന്നത് കാത്തിരിക്കുകയാണെന്നും അഹ്മദ് പറഞ്ഞു.
അബു ഷഗാറയിലെ മാര്‍ക്കറ്റിലെ അസൗകര്യങ്ങളാണ് പുതിയൊരു സ്ഥലം തിരഞ്ഞെടുക്കുന്നതിന് ഷാര്‍ജ നഗരസഭാ അധികൃതരെ പ്രേരിപ്പിച്ചത്. ഇവിടെ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കും സ്ഥല പരിമിതിയുമായിരുന്നു മുഖ്യ കാരണം. ചുറ്റുമുള്ള താമസക്കാരും യൂസ്ഡ് കാര്‍ കേന്ദ്രം ശാന്തമായ ജീവിതത്തിന് ഭംഗമുണ്ടാക്കുന്നതായി പരാതിപ്പെട്ടിരുന്നു. സ്വദേശികള്‍ ഉള്‍പെടെയുള്ളവരായിരുന്നു പരാതികളുമായി നഗരസഭയെ കഴിഞ്ഞ കാലങ്ങളില്‍ സമീപിച്ചത്.
പുതിയ കേന്ദ്രം ഔദ്യോഗികമായി തുറന്നാല്‍ എത്ര കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ സാധിക്കുമെന്നാണ് ഉടമയുടെ ചിന്തയെന്ന് അബു ഷഗാറയിലെ യൂസ്ഡ് കാര്‍ സ്ഥാപനത്തിലെ സെയില്‍സ്മാനായ മിസാന്‍ അഭിപ്രായപ്പെട്ടു. പുതിയ കേന്ദ്രത്തില്‍ പ്രദര്‍ശനത്തിനായി എത്ര കാറുകള്‍ വെക്കുന്നുവോ അതിന് അനുസരിച്ചാവും വാടക നല്‍കേണ്ടി വരിക. 300 കടകള്‍ക്കാണ് ഇവിടെ സൗകര്യമെന്നതിനാല്‍ പലരും തങ്ങള്‍ പുറത്താവുമോയെന്ന ഭീതിയും പങ്കുവെക്കുന്നുണ്ട്. നിലവില്‍ 500 ഓളം യൂസ്ഡ് കാര്‍ സ്ഥാപനങ്ങളാണ് അബു ഷഗാറയില്‍ പ്രവര്‍ത്തിക്കുന്നത്. എല്ലാവര്‍ക്കും മതിയായ തോതില്‍ സൗകര്യം ഏര്‍പെടുത്തിയില്ലെങ്കില്‍ പലര്‍ക്കും പുറത്തു നില്‍ക്കേണ്ടി വരുമെന്നാണ് പൊതുവില്‍ കട ഉടമകള്‍ ആശങ്കപ്പെടുന്നത്.
കാര്‍ മാര്‍ക്കറ്റ് മാറുന്നതോടെ അബു ഷഗാറയില്‍ സ്വസ്ഥമായി താമസിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് താമസക്കാരില്‍ ഒരാളായ ജയന്‍ അഭിപ്രായപ്പെട്ടു. കാര്‍ വില്‍പനക്കാരുടെ ബഹളം കാരണം വീട്ടിലേക്ക് അതിഥികളെ ക്ഷണിക്കാന്‍ പോലും സാധിക്കാത്ത സ്ഥിതിയായിരുന്നുവെന്നും ജയന്‍ പറഞ്ഞു. കാര്‍ ഡീലര്‍മാര്‍ മാറുന്നതോടെ തങ്ങളുടെ വാഹനങ്ങള്‍ക്ക് മതിയായ തോതില്‍ പാര്‍ക്കിംഗ് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് പാക്കിസ്ഥാനിയായ അക്രം റിസ വ്യക്തമാക്കി.

Latest