നൂതനാശയ വാരാഘോഷത്തില്‍ പങ്കാളികളാവാന്‍ ശൈഖ് മുഹമ്മദിന്റെ ആഹ്വാനം

Posted on: August 7, 2015 4:55 pm | Last updated: August 7, 2015 at 4:55 pm
SHARE

ദുബൈ: നവംബര്‍ 22 മുതല്‍ 28 വരെ ദുബൈയില്‍ നടക്കുന്ന നൂതനാശയ വാരാഘോഷത്തില്‍ പങ്കാളികളാവാന്‍ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളോട് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ആഹ്വാനം ചെയ്തു. സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളോടാണ് പുതുമയുള്ള ആശയങ്ങളുമായി വാരത്തിന്റെ ഭാഗമാവാന്‍ ശൈഖ് മുഹമ്മദ് ആഹ്വാനം ചെയ്തിരിക്കുന്നത്. യു എ ഇ നൂതനാശയ വാരാഘോഷത്തിന്റെ പ്രഖ്യാപനം നടത്തുകയായിരുന്നു ശൈഖ് മുഹമ്മദ്.
ന്യൂതനമായ ആശയങ്ങളും കണ്ടുപിടുത്തങ്ങളുമായി പൊതുജനങ്ങളെയും നൂതനാശയ വാരാഘോഷത്തിലേക്ക് ക്ഷണിക്കൂന്നതായി ശൈഖ് മുഹമ്മദ് പറഞ്ഞു. പുതുമയുള്ള ആശയങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യമാണ്. അത് ഒരു സംസ്‌കാരമല്ല, കര്‍മ ശൈലിയാണ്. നൂതനമായ ആശയങ്ങളും കണ്ടുപിടുത്തങ്ങളുമില്ലാത്ത സ്ഥാപനങ്ങള്‍ മുന്നോട്ടുള്ള പ്രയാണത്തില്‍ തീര്‍ച്ചയായും പരാജയപ്പെടും. കണ്ടുപിടുത്തത്തിന്റെ മേഖലയില്‍ നിക്ഷേപം വന്‍തോതില്‍ വര്‍ധിപ്പിക്കാനാണ് യു എ ഇ ലക്ഷ്യമിടുന്നത്. ലോകം സമൂലമായ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന കാലത്ത് നൂതനമായ പരിശീലനവും ആശയങ്ങളും ഉണ്ടെങ്കിലേ രാജ്യങ്ങള്‍ക്കും ജനതക്കും അതിജീവനം സാധ്യമാവൂ.
രാജ്യത്തിന്റെ ഭാവി പണിയുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പെടെയുള്ളവര്‍ക്ക് മികച്ചതും അതിനൂതനവുമായ പരിശീലനം ലഭ്യമാക്കാനാണ് യു എ ഇ പരിശ്രിക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, ഊര്‍ജം, പരിസ്ഥിതി, ബഹിരാകാശം, സാമ്പത്തികം, സേവന മേഖല എന്നിവയാണ് രാജ്യത്തിന്റെ മുഖ്യ സെക്ടറുകള്‍. ഈ മേഖലകള്‍ തങ്ങള്‍ ആര്‍ജിച്ച നൂതനമായ ആശയങ്ങളും കണ്ടുപിടുത്തങ്ങളും യു എ ഇ നൂതനാശയ വാരാഘോഷത്തില്‍ പ്രദര്‍ശിപ്പിക്കും. സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ വാരത്തില്‍ പ്രഖ്യാപിക്കും. നൂതനാശയ വാരാഘോഷത്തിന്റെ ഭാഗമായി നിരവധി പരിപാടികളാണ് നടത്തുക. സെമിനാറുകളും ശില്‍പശാലകളും നൂതനാശയ ലബോറട്ടറികളും പുതിയ ആശയങ്ങള്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. നിലവില്‍ ആര്‍ജിച്ച അറിവുകള്‍ പുതുക്കാനും വാരത്തിന്റെ ഭാഗമായി പരിശ്രമിക്കുമെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കി.
ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ക്യാബിനറ്റ് കാര്യ മന്ത്രിയും നാഷനല്‍ ഇന്വോവേഷന്‍ കമ്മിറ്റി ചെയര്‍മാനുമായ മുഹമ്മദ് അബ്ദുല്ല അല്‍ ഗര്‍ഗാവി, ദുബൈ പ്രോട്ടോകോള്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഖലീഫ സഈദ് സുലൈമാന്‍, പ്രധാനമന്ത്രിയുടെ ഓഫീസ് ഡയറക്ടര്‍ ജനറല്‍ ഉഹൂദ് അല്‍ റൂമി, യു എ ഇ ക്യാബിനറ്റ് സെക്രട്ടറി ജനറല്‍ നാജിയ അല്‍ അവാര്‍, മുഹമ്മദ് ബിന്‍ റാശിദ് സെന്റര്‍ ഫോര്‍ ഗവ. ഇന്വോവേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹുദ അല്‍ ഹാഷിമി പങ്കെടുത്തു.