പിണറായിക്കെതിരെ കടുത്ത വിമര്‍ശനവുമായി ആര്‍ എസ് പി രാഷ്ട്രീയ പ്രമേയം

Posted on: August 7, 2015 4:42 pm | Last updated: August 7, 2015 at 11:53 pm
SHARE

rspകൊല്ലം :ഇടതുമുന്നണിയെ തകര്‍ക്കുന്നത് പിണറായി വിജയനാണെന്ന് ആര്‍ എസ് പി സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിമര്‍ശം. സംസ്ഥാന സെക്രട്ടറി എ എ അസീസാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. ആര്‍ എസ് പിയെ യു ഡി എഫിനോട് അടുപ്പിച്ചത് പിണറായി വിജയന്റെ ധിക്കാരമാണ്. ആര്‍ എസ് പി ഇടതുമുന്നണി വിട്ടുപോകാനുള്ള രാഷ്ട്രീയ സാഹചര്യം വിശദമാക്കുന്ന പ്രവര്‍ത്തന റിപ്പോര്‍ട്ടിലുടനീളം പിണറായിക്കെതിരെ രൂക്ഷ വിമര്‍ശമാണ്. പാര്‍ട്ടിയുടെ അന്തസ്സ് നഷ്ടപ്പെടുത്തുംവിധം സീറ്റുകള്‍ ഓരോന്നായി പിടിച്ചെടുക്കാനാണ് ഇടതുമുന്നണി തയ്യാറായതെന്നും ഒമ്പത് എം എല്‍ എമാരുമായി ഇടതുമുന്നണിയിലെത്തിയ ആര്‍ എസ് പിക്ക് ഒടുവില്‍ നാല് സീറ്റുകളില്‍ ഒതുങ്ങേണ്ടി വന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 35 വര്‍ഷമായി ഇടതുമുന്നണിയില്‍ നിന്ന് പാര്‍ട്ടിക്കുണ്ടായത് തിക്താനുഭവങ്ങളാണെന്ന് സമ്മേളനത്തില്‍ അവതരിപ്പിച്ച കരട് രാഷ്ട്രീയ പ്രമേയത്തില്‍ പറയുന്നു. കെ എസ് സനല്‍കുമാറാണ് പ്രമേയം അവതരിപ്പിച്ചത്.1980 മുതല്‍ ഇടതുമുന്നണിയില്‍ നിന്നും പാര്‍ട്ടിക്കുണ്ടായ അനുഭവം പ്രോത്സാഹ ജനകമല്ലെന്നാണ് പ്രമേയത്തിലെ പരാമര്‍ശം. ആര്‍ എസ് പിയെ എല്ലാവിധത്തിലും ഒതുക്കാനാണ് സി പി എം ശ്രമിച്ചത്. ഏകപക്ഷീയമായി വല്യേട്ടന്‍ മനോഭാവമാണ് ഇക്കാലയളവില്‍ സി പി എം സ്വീകരിച്ചത്. ഇടതുമുന്നണിയിലെ ഘടക കക്ഷികളെ വിഭജിപ്പിക്കുന്നതിനും ശിഥിലീകരിക്കുന്നതിനുമുള്ള കുടില തന്ത്രങ്ങളാണ് സി പി എം അനുവര്‍ത്തിച്ചതെന്നും പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നു.
1999ല്‍ പാര്‍ട്ടിയെ പിളര്‍ത്തുന്നതിന് സി പി എം നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സൗഹൃദമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് പകരം എരിതീയില്‍ എണ്ണ ഒഴിക്കുന്ന സമീപനം സ്വീകരിച്ച് പാര്‍ട്ടിയുടെ പിളര്‍പ്പ് ഉറപ്പ് വരുത്തുകയായിരുന്നു സി പി എം. ഘടക കക്ഷികളെ കൂടി വിശ്വാസത്തിലെടുത്ത് വിവാദങ്ങള്‍ അവസാനിപ്പിച്ച് കൂടുതല്‍ ഐക്യത്തോടും കെട്ടുറപ്പോടും കൂടി പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകണമെന്നും പ്രമേയം ചൂണ്ടിക്കാട്ടി. നിര്‍ണായക രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഇടതുപക്ഷത്തിന്റെ പൊതുതാത്പര്യം സംരക്ഷിക്കുന്നതിനേക്കാള്‍ സി പി എം പ്രാധാന്യം നല്‍കിയിരുന്നത് കോണ്‍ഗ്രസിന്റെ താത്പര്യം നിലനിര്‍ത്തുന്നതിനാണെന്നും പ്രമേയത്തില്‍ വിമര്‍ശമുണ്ട്. സി പി എം- സി പി ഐ നേതൃത്വത്തിന് കോണ്‍ഗ്രസുമായുണ്ടായ അവിശുദ്ധ ബന്ധമാണ് ഇതിന് കാരണമെന്ന് പറയുന്ന പ്രമേയത്തില്‍ എസ് എ ഡാങ്കക്കും ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിനും കോണ്‍ഗ്രസ് നേതാക്കളുമായുണ്ടായിരുന്ന ബന്ധം പരസ്യമാണെന്നും പറയുന്നു. ഇടതുപക്ഷ ബദല്‍ എന്ന ആശയം തകരാന്‍ കാരണം സി പി എമ്മിന്റെ ഏകപക്ഷീയമായ നിലപാടുകളും ഇതിനെ പിന്തുണക്കുന്ന സി പി ഐ സമീപനവുമാണെന്ന് കരട് പ്രമേയത്തില്‍ പറയുന്നു. കാലാകാലങ്ങളില്‍ താത്കാലിക രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വേണ്ടി സ്വീകരിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത ഏകപക്ഷീയ തീരുമാനങ്ങള്‍ ഒന്നൊന്നായി തെറ്റുകളാണെന്ന് സമ്മതിക്കുന്ന സി പി എം നിലപാടുകളാണ് ഇപ്പോള്‍ ഇടതുപക്ഷം നേരിടുന്ന പ്രതിസന്ധിക്ക് കാരണം. ജനങ്ങള്‍ ആഗ്രഹിക്കുന്ന വിധം ജനപിന്തുണ ആര്‍ജിക്കാനോ ദേശവ്യാപകമായി പൊതുസമ്മിതി നേടാനോ കഴിഞ്ഞിട്ടില്ലെന്നും ആര്‍ എസ് പി വിലയിരുത്തുന്നു.
ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ പ്രക്ഷോഭ സമരങ്ങളിലൂടെയും തിരഞ്ഞെടുപ്പ് രാഷ്ട്രീയ മുന്നണികളിലൂടെയും അഭിപ്രായ വ്യത്യാസങ്ങള്‍ പരിമിതപ്പെടുത്തി രാഷ്ട്രീയ മുന്നേറ്റം നടത്തേണ്ടതിന് പകരം ഇതിനെ ശിഥിലീകരിക്കുന്ന പ്രവണതകളാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ഇതിന്റെ പ്രത്യക്ഷ പ്രതിഫലനമാണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും അരുവിക്കര ഉപതിരഞ്ഞെടുപ്പിലും കേരളത്തില്‍ കണ്ടതെന്നും പ്രമേയത്തില്‍ പറയുന്നു.