യാക്കൂബ് മേമന് വധശിക്ഷ വിധിച്ച സുപ്രീംകോടതി ജഡ്ജിക്ക് ഭീഷണിക്കത്ത്

Posted on: August 7, 2015 3:10 pm | Last updated: August 8, 2015 at 12:16 am
SHARE

358690-yakub-abdul-razak-memon

ന്യൂഡല്‍ഹി: 1993ലെ മുംബൈ സ്‌ഫോടനക്കേസില്‍ യാക്കൂബ് മേമന് വധശിക്ഷ വിധിച്ച ജഡ്ജിക്ക് ഭാീഷണിക്കത്ത്. മേമന് വധശിക്ഷ വിധിച്ച സുപ്രീംകോടതി ബെഞ്ചിനെ നയിച്ച ജഡ്ജി ജസ്റ്റിസ് ദീപക്മിശ്രക്കാണ് ഭീഷണിക്കത്ത് ലഭിച്ചത്. സംഭവത്തില്‍ ഡല്‍ഹി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം തുടങ്ങി. ഭീഷണിക്കത്തിന്റെ അടിസ്ഥാനത്തില്‍ ജസ്റ്റിസ് മിശ്രയുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. സുപ്രീം കോടതി ജഡ്ജിക്ക് ഭീഷണിക്കത്ത് ലഭിക്കല്‍ സാധാരണ സംഭവമല്ല.

ജൂലൈ 30 പുലര്‍ച്ചെയാണ് യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കിയത്. ഇതിന് ശേഷം ജസ്റ്റിസ് ദീപക് മിശ്രയടക്കം കേസ് പരിഗണിച്ച മൂന്ന് ജഡ്ജിമാരുടെയും സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. സുപ്രീംകോടതിയില്‍ അര്‍ദ്ധരാത്രി നടന്ന അസാധാരണ വാദം കേള്‍ക്കലിനു ശേഷമാണ് മൂന്നു ജഡ്ജിമാര്‍ മേമന്റെ അപ്പീല്‍ തള്ളിയത്.

യാക്കൂബ് മേമന്റെ വധശിക്ഷക്ക് പകരം ചോദിക്കുമെന്നറിയിച്ച് മേമന്റെ സഹോദരന്‍ ടൈഗര്‍ മേമന്‍ മുംബൈയിലേ വീട്ടിലേക്ക് ഫോണ്‍വിളിച്ചിരുന്നു. യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കിയതിന് സര്‍ക്കാര്‍ വലിയ വില നല്‍കേണ്ടി വരുമെന്നും ടൈഗര്‍ മേമന്‍ വീട്ടുകാരോട് പറഞ്ഞിരുന്നു.