സുഷമ മോദിയില്‍ നിന്നും പണം കൈപറ്റിയെന്ന് രാഹുല്‍

Posted on: August 7, 2015 3:01 pm | Last updated: August 8, 2015 at 12:16 am
SHARE

rahul_gandhi_

ന്യൂഡല്‍ഹി: ലളിത് മോദി വിഷയത്തില്‍ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെതിരെ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ്. മോദി സുഷമ സ്വരാജിന്റെ കുടുംബത്തിന് പണം നല്‍കിയിട്ടുണ്ടെന്നും അത് എത്ര രൂപയാണെന്ന് വെളിപ്പെടുത്തണമെന്നും കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ആരോപിച്ചു.

ഒരു കൊള്ളയോ മോഷണണേ നടക്കുമ്പോള്‍ സാമ്പത്തിക ഇടപാടുകള്‍ നടക്കും. അതു പോലുള്ള സാമ്പത്തിക ഇടപാട് ഇവിടേയും നടന്നിട്ടുണ്ട്. സുഷമാ സ്വരാജ് ലളിത് മോദിയില്‍ നിന്നും പണം സ്വീകരിച്ചിട്ടുണ്ടെന്നും ജയിലില്‍ പോവാതെ രക്ഷപ്പെടുത്താന്‍ മോദിയില്‍ നിന്നും എത്ര പണം സുഷമാ വാങ്ങിയെന്ന് ഇവിടെ വെളിപ്പെടുത്തണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

അവര്‍ മികച്ച പ്രസംഗമാണ് പാര്‍ലമെന്റില്‍ നടത്തിയതെങ്കിലും അത് വെറും പൊള്ളയായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു. സുഷമ വളരെ തന്ത്രപൂര്‍മാണ് മോദിയെ സഹായിച്ചത്. മന്ത്രിസഭയിലെ ആരും ഇക്കാര്യം അറിഞ്ഞില്ല. തന്റെ സ്ഥാനത്ത് സോണിയാ ഗാന്ധിയായിരുന്നുവെങ്കില്‍ മോദിയുടെ ഭാര്യയെ സഹായിക്കുമായിരുന്നില്ലേ എന്നാണ് സുഷമ ചോദിച്ചത്. എന്നാല്‍ ഞാന്‍ പറയുന്നു സഹായിക്കില്ല രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

സുഷമ നാടകം കളിക്കുകയാണെന്നും അവര്‍ അതില്‍ സമര്‍ഥയാണെന്നും കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി പറഞ്ഞു. 25 പേരെ സസ്‌പെന്‍ഡ് ചെയ്ത നടപടിക്കെതിരെ കോണ്‍ഗ്രസ് നടത്തിയ ധര്‍ണക്കിടെയാണ് സുഷമക്കെതിരെ സോണിയ ആഞ്ഞടിച്ചത്. സുഷമാ സ്വരാജ് ഇന്നലെ പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവന നാടകമാണെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയും ആക്ഷേപിച്ചു

ഐ പി എല്‍ മുന്‍ മേധാവി ലളിത് മോദിക്ക് യാത്രാരേഖകള്‍ ലഭിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്യുകയോ അപേക്ഷിക്കുകയോ ചെയ്തിട്ടില്ലെന്നാണ് സുഷമ സ്വരാജ് ഇന്നലെ ലോക്‌സഭയില്‍ പറഞ്ഞത്.
പോര്‍ച്ചുഗലില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യയ്ക്കടുത്തേക്ക് പോകാന്‍ മോദിക്ക് അനുമതി നല്‍കുന്നത് ഇന്ത്യയുമായുള്ള ബന്ധത്തെ ബാധിക്കില്ലെന്ന് ബ്രിട്ടീഷ് സര്‍ക്കാറിനെ അറിയിക്കുക മാത്രമാണ് ചെയ്തത്. ലളിത് മോദിയെ അല്ല, അര്‍ബുദരോഗിയായ ഭാര്യയെയാണ് മാനുഷിക പരിഗണന വെച്ച് സഹായിച്ചതെന്നുമായിരുന്നു സുഷമയുടെ പ്രസ്താവന.