മലയോരത്തെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ലഹരി മാഫിയ: പോലീസ് നടപടി തുടങ്ങി

Posted on: August 7, 2015 2:26 pm | Last updated: August 7, 2015 at 2:26 pm
SHARE

drug

കാളികാവ്: മലയോര മേഖലയില്‍ കഞ്ചാവ് ഉള്‍പ്പടെയുള്ള ലഹരി വസ്തുക്കളുടെ വില്‍പനയും ഉപഭോഗവും വളരെയധികം ഉയര്‍ന്നിട്ടുണ്ടെങ്കിലും ശക്തമായ നടപടികള്‍ ഇല്ലാത്തതിനാല്‍ ലഹരി മാഫിയ തഴച്ച് വളരുകയാണ്.
വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് ഉള്‍പ്പടെ കഞ്ചാവ് വില്‍പന സജ്ജീവമായിട്ടും പോലീസ് കാര്യമായ നടപടി സ്വീകരിക്കാത്തത് വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. സമീപ കാലത്ത് ഏഴാംക്ലാസ് വിദ്യാര്‍ഥിയില്‍ നിന്ന് 150 രൂപക്ക് കഞ്ചാവ് വാങ്ങിയ സംഭവം വരെ റിപ്പോര്‍ട്ട് ചെയ്തിട്ടും പോലീസ് നടപടി സ്വീകരിച്ചിരുന്നില്ല. നാട്ടുകാര്‍ പിടികൂടി നിരവധി വ്യാജ മദ്യക്കച്ചവടക്കാരേയും, കഞ്ചാവ് വില്‍പ്പനക്കാരേയും പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചിരുന്നു എങ്കിലും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാറില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു.
സമീപകാലത്തായി കാളികാവ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന മോഷണം ഉള്‍പ്പടെയുള്ള കേസുകളില്‍ ഒന്നില്‍ പോലും മോഷ്ടാക്കളെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. സ്‌കൂളുകളിലും മറ്റു പൊതു സ്ഥാപനങ്ങളിലും നിരവധി തവണ സാമൂഹ്യ വിരുദ്ധ അക്രമണങ്ങള്‍ നടന്നതായി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു എങ്കിലും ഒരു നടപടിയും പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ഒരു കേസില്‍പോലും പ്രതികളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.
ആഗസ്റ്റ് ഒന്ന് മുതല്‍ പോലീസ് സേനയില്‍ വന്ന മാറ്റം ഏറെ പ്രതീക്ഷയാണ് മലയോര നിവാസികള്‍ക്ക് നല്‍കിയിരിക്കുന്നത്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന കഞ്ചാവ് വില്‍പ്പനക്കെതിരെ സ്‌കൂള്‍ സംരക്ഷണ സമിതികള്‍ക്ക് രൂപം നല്‍കാന്‍ നടപടി തുടങ്ങി.
സ്‌കൂള്‍ പി ടി എ ക്ക് പുറമെ സമീപത്തെ കച്ചവടക്കാരേയും സാംസ്‌കാരിക ക്ലബ്ബ് പ്രവര്‍ത്തകരേയും പാരലല്‍ കോളജുകള്‍ ഉള്‍പ്പടെയുളളവരേയും കൂട്ടിച്ചേര്‍ത്താണ് സംരക്ഷണ സമിതികള്‍ക്ക് രൂപം നല്‍കുന്നത്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മൊബൈല്‍ഫോണും ബൈക്കും ഉപയോഗിക്കുന്നതിനെരേയും പൂവാല ശല്ല്യത്തിനെതിരേയും ഇതിനോടകം നിരവധി നടപടികളാണ് പുതിയതായി ചാര്‍ജ്ജെടുത്ത എസ് ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തുടങ്ങിയിരിക്കുന്നത്.
പുല്ലങ്കോട് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സംരക്ഷണ സമിതി രൂപവത്കരണ യോഗം എസ് ഐ കെ എ സാബു നിര്‍വ്വഹിച്ചു. പി ടി എ പ്രസിഡന്റ് എം ശറഫുദ്ദീന്‍, പ്രധാനധ്യാപകന്‍ പയസ് ജോര്‍ജ്ജ്, പ്രിന്‍സിപ്പാള്‍ ജോയിജോണ്‍സ് തുടങ്ങിയവര്‍ സംസാരിച്ചു. മറ്റ് സ്‌കൂളുകളിലും സംരക്ഷണ സമിതികള്‍ രൂപവത്കരിക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ട്.