നാദാപുരം മേഖലയില്‍ നിന്ന് നാല് സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു

Posted on: August 7, 2015 2:17 pm | Last updated: August 7, 2015 at 2:17 pm
SHARE

Steel bombu--Kallachi

നാദാപുരം: രണ്ടിടങ്ങളില്‍ നിന്നായി നാല് സ്റ്റീല്‍ ബോംബുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. മൂന്നെണ്ണം കല്ലാച്ചിക്കടുത്ത് നിന്നും ഒരെണ്ണം വളയം കല്ലമ്മല്‍ നിന്നുമാണ് കണ്ടെടുത്തത്. കല്ലാച്ചി കുറ്റപ്രം പാറയില്‍ ശിവക്ഷേത്ര ഭണ്ഡാരത്തിന് പിന്നില്‍ പ്ലാസ്റ്റിക് കവറിലാക്കി ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു മൂന്ന് ബോംബുകള്‍. നാട്ടുകാര്‍ വിവരം പോലീസിലറിയിക്കുകയായിരുന്നു.
ബോംബ് സ്‌ക്വാഡ് എസ് ഐ. എം എം ഭാസ്‌കരന്‍, കെ വി സുമേഷ്, സിദ്ദിഖ്, കെ എസ് ശ്രീജിത്ത്, നാണു തറവട്ടത്ത് എന്നിവരും പോലീസും സ്ഥലത്തെത്തി ബോംബ് കസ്റ്റഡിയിലെടുത്തു. ചേലക്കാട് ക്വാറിയിലെത്തിച്ച് നിര്‍വീര്യമാക്കി. മൂന്ന് ബോംബുകളും പുതിയതും ഉഗ്രശേഷിയുള്ളതുമാണ്. മാസങ്ങള്‍ക്ക് മുമ്പ് കല്ലാച്ചി പയന്തോങ്ങില്‍ നിന്ന് കണ്ടെടുത്ത സ്റ്റീല്‍ കണ്ടെയ്‌നര്‍ സൂക്ഷിച്ച അതേരീതിയിലുള്ള പ്ലാസ്റ്റിക് കവറുകളിലാണ് ഇന്നലെ കണ്ടെടുത്ത സ്റ്റീല്‍ ബോംബുകളും. വളയം കുറുവന്തേരി കല്ലമ്മലില്‍ ആളൊഴിഞ്ഞ പറമ്പിലെ കയ്യാലപ്പൊത്തില്‍ ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു മറ്റൊന്ന്.
ഇന്നലെ വൈകീട്ട് ബോംബ് സ്‌ക്വാഡും വളയം പോലീസും നടത്തിയ തിരച്ചിലിലാണ് ബോംബ് കണ്ടെത്തിയത്. അല്‍പ്പം പഴക്കമുള്ള ഈ ബോംബ് ചേലക്കാട് ക്വാറിയിലെത്തിച്ച് നിര്‍വീര്യമാക്കും. ബുധനാഴ്ച വളയം മാമുണ്ടേരിയില്‍ നിന്ന് കണ്ടെടുത്ത സ്റ്റീല്‍ ബോംബ് ഇന്നലെ ക്വാറിയിലെത്തിച്ച് നിര്‍വീര്യമാക്കി. ഇത് പുതിയതും ഏറെ സ്‌ഫോടന ശക്തിയുള്ളതുമായിരുന്നു. രണ്ട് ദിവസങ്ങളിലായി മേഖലയില്‍ നിന്ന് അഞ്ച് സ്റ്റീല്‍ ബോംബുകളാണ് കണ്ടെത്തിയത്.