പോലീസിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

Posted on: August 7, 2015 12:20 am | Last updated: August 7, 2015 at 12:20 am
SHARE

Kerala High Courtകൊച്ചി: പൗരാവകാശം സംരക്ഷിക്കുന്നതിലെ പോലീസ് നിഷ്‌ക്രിയത്വത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം. പോലീസിന്റെ അലംഭാവത്തെ തുടര്‍ന്ന് പൗരന്മാര്‍ കോടതിയെ സമീപിക്കേണ്ട അവസ്ഥയാണ് നിലനില്‍ക്കുന്നത്. ഇതാണ് അവസ്ഥയെങ്കില്‍ ബീഹാറും കേരളവും തമ്മില്‍ എന്ത് വ്യത്യാസമാണെന്ന് കോടതി ചോദിച്ചു. വസ്തുതര്‍ക്കത്തെ തുടര്‍ന്ന് വീട്ടമ്മക്ക് നേരെ ഗുണ്ടാ ആക്രമണമുണ്ടായ കേസിലാണ് കോടതിയുടെ നിരീക്ഷണം. കൊല്ലം കുണ്ടറയില്‍ ബന്ധുക്കളുടെ മര്‍ദനമേറ്റ വീട്ടമ്മയുടെ പരാതി പരിഗണിക്കവേ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസാണ് ഇത്തരമൊരു വിമര്‍ശനം നടത്തിയത്. പൗരാവകാശം സംരക്ഷിക്കപ്പെടുന്നതില്‍ പോലീസിന് വീഴ്ച പറ്റുന്നതിനെ തുടര്‍ന്നാണ് വ്യക്തികള്‍ക്ക് കോടതിയെ സമീപിക്കേണ്ട സാഹചര്യം ഉണ്ടാകുന്നത്. കൊല്ലം സ്വദേശിയായ വീട്ടമ്മയില്‍ നിന്നും പ്രതികളുടെ ചിത്രം ഉള്‍പ്പെടെയുള്ള പരാതി ലഭിച്ചിട്ടും ആദ്യ ഘട്ടത്തില്‍ കേസെടുക്കാന്‍ പോലും പോലീസ് തയ്യാറായിരുന്നില്ല. തുടര്‍ന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ സമീപിച്ചതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്തുവെങ്കിലും ആരെയും അറസ്റ്റ് ചെയ്തില്ല. പോലീസിന്റെ ഇടപെടലില്‍ ഫലം കാണാത്തതിനെ തുടര്‍ന്നാണ് വീട്ടമ്മക്ക് കോടതിയെ സമീപിക്കേണ്ടി വന്നതെന്നും ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് കുറ്റപ്പെടുത്തി.
മേല്‍ കേസില്‍ സ്ത്രീയെന്ന നിലയിലുള്ള പരിഗണന പോലും കേസ് അന്വേഷണത്തില്‍ പോലീസ് നല്‍കിയില്ലെന്നും വീട്ടമ്മക്ക് നേരെയുണ്ടായ അക്രമത്തിന്റെ ചിത്രങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും കോടതി പറഞ്ഞു. വീട്ടമ്മയും ബന്ധുവും തമ്മിലുള്ള പ്രശ്‌നം വസ്തുതര്‍ക്കം മാത്രമാണെന്ന പോലീസ് നിലപാടില്‍ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. സ്ത്രീത്വത്തെ അവഹേളിച്ചതിനടക്കം പ്രതികള്‍ക്കെതിരെ കേസെടുക്കാതെ അക്രമസംഭവത്തെ സിവില്‍ തര്‍ക്കമെന്ന് വിശേഷിപ്പിക്കുന്നത് നിയമവാഴ്ചയോടുള്ള പോലീസിന്റെ അവഹേളനമാണെന്നും പോലീസിന്റെ നിലപാട് ഇത്തരത്തിലാണെങ്കില്‍ കേരളവും ബീഹാറും തമ്മില്‍ എന്താണ് വ്യത്യാസമെന്നും കോടതി ചോദിച്ചു.
തന്റെ മുണ്ടായിലെ വീട്ടില്‍ അതിക്രമിച്ച് കയറി ബന്ധുവും ഗുണ്ടകളും മര്‍ദിച്ചെന്നും പോലീസില്‍ പരാതി നല്‍കിയിട്ടും കേസെടുത്തില്ലെന്നും പരാതിപ്പെട്ട് കുരിശുംമുട്ടില്‍ ദീപ്തിമോള്‍ സ്മിത ജോസാണ് ബന്ധുവിനെതിരെ ഹരജി സമര്‍പ്പിച്ചത്. കേസ് അന്വേഷണത്തിന് കൊല്ലം ജില്ലയുടെ പുറത്തുള്ള ഡി വൈ എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയോഗിക്കാനും സംസ്ഥാന പോലീസ് മേധാവി അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച് മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഉത്തരവിട്ടു.