മുല്ലപ്പെരിയാറില്‍ പുതിയ ഡാം: കേരളത്തിന്റെ അപേക്ഷ തള്ളി

Posted on: August 7, 2015 12:13 am | Last updated: August 7, 2015 at 12:13 am
SHARE

u3_Mullaperiyar-dam-300x183ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കാനുള്ള കേരളത്തിന്റെ ആവശ്യം കേന്ദ്രം നിരാകരിച്ചു. പുതിയ അണക്കെട്ടിന് പാരിസ്ഥിതിക ആഘാത പഠനം നടത്താനുള്ള കേരളത്തിന്റെ അപേക്ഷയാണ് കേന്ദ്രസര്‍ക്കാര്‍ തള്ളിയത്. ഇതുസംബന്ധിച്ച കേസ് സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇത് അനുവദിക്കാനാകില്ലെന്ന വിദഗ്ധ സമിതിയുടെ തീരുമാനം പരിസ്ഥിതി മന്ത്രാലയം ഇന്നലെ കേരളത്തെ അറിയിക്കുകയായിരുന്നു.
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിനെതിരെ സുപ്രീംകോടതിയില്‍ തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ അപേക്ഷ കോടതി പരിഗണിക്കുന്നുണ്ട്. ഇതൊടൊപ്പം അണക്കെട്ടിന് സി ഐ എസ് എഫ് സുരക്ഷ വേണമെന്ന തമിഴ്‌നാടിന്റെ ആവശ്യത്തിലും കോടതി നാളെ തീരുമാനം എടുത്തേക്കും. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്താന്‍ അനുമതി നല്‍കിക്കൊണ്ടുള്ള സുപ്രീം കോടതി വിധിയില്‍ പുതിയ അണക്കെട്ട് ആവശ്യമില്ലെന്ന് പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് തമിഴ്‌നാട് പുതിയ ഡാമിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. ഈ സാഹചര്യത്തില്‍ പുതിയ അണക്കെട്ടിനായി കേരളം ശ്രമിക്കുന്നത് സുപ്രീം കോടതി വിധിക്കെതിരാണെന്നും കോടതിയലക്ഷ്യ നടപടിയാകുമെന്നും തമിഴ്‌നാട് ചൂണ്ടിക്കാണിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ ഡാമിനുള്ള കേരളത്തിന്റെ അപേക്ഷ കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി തന്നെ തള്ളിയത്.
പരിസ്ഥിതി അനുമതി തേടി കേരളം നല്‍കിയ അപക്ഷേയിലെ തുടര്‍ നടപടികളെല്ലാം അവസാനിപ്പിച്ചതായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കേരളത്തെ അറിയിച്ചു. അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്താമെന്ന സുപ്രീംകോടതി വിധിയെ തുടര്‍ന്നാണ് പുതിയ ഡാം എന്ന ആവശ്യവുമായി കേരളം പരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ചത്. ഈ മാസം ആദ്യം കേരളത്തിന്റെ ആവശ്യം മന്ത്രാലത്തിന്റെ വിദഗ്ധ സമിതിയുടെ പരിഗണനക്ക് വന്നിരുന്നു. എന്നാല്‍ ഇരു സംസ്ഥാനങ്ങള്‍ ഉള്‍പ്പെട്ടിട്ടുളള കേസില്‍ സുപ്രീം കോടതി വിധി നിലനില്‍ക്കുന്നതിനാല്‍ ഇടപെടേണ്ടതില്ലെന്ന് വിദഗ്ധ സമിതി വിലയിരുത്തുകയായിരുന്നു. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതിന് പാരിസ്ഥിതിക ആഘാത പഠനം നടത്താന്‍ കേരളത്തിന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം നേരത്തെ തത്വത്തില്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ ആ നിലപാട് തിരുത്തി കേരളത്തിന്റെ അപേക്ഷ പരിഗണിക്കാനാകില്ലെന്ന് പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലെ വിദഗ്ധ സമിതി കഴിഞ്ഞ മാസം തീരുമാനം എടുക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here