ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്: വോട്ടിംഗ് യന്ത്രം പരിശോധന തുടങ്ങി

Posted on: August 7, 2015 4:03 am | Last updated: August 6, 2015 at 10:04 pm
SHARE

കാസര്‍കോട്: തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കായുള്ള തെരഞ്ഞെടുപ്പിനു മുന്നോടിയായി ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധന തുടങ്ങി. കളക്‌ട്രേറ്റ് കോമ്പൗണ്ടില്‍ പ്രത്യേകം സജ്ജമാക്കിയ ഹാളിലാണ് വോട്ടിംഗ് യന്ത്രങ്ങള്‍ പരിശോധിക്കുന്നത്.
ഹൈദരാബാദില്‍ നിന്നെത്തിയ അഞ്ച് എഞ്ചിനീയര്‍മാരുടെ സംഘമാണ് പരിശോധന നടത്തുന്നത്. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, കളക്‌ട്രേറ്റ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് പരിശോധന.
മൊത്തം 6800 വോട്ടിംഗ് യന്ത്രങ്ങളാണ് ജില്ലയില്‍ പരിശോധന നടത്തേണ്ടത്. മള്‍ട്ടി പോസ്റ്റ് ഇല്ക്‌ട്രോണിക്‌സ് വോട്ടിംഗ് മെഷീനാണ് ഈ വരുന്ന തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത്. ഹൈദരാബാദിലുള്ള ഇലക്‌ട്രോണിക്‌സ് കോര്‍പ്പറേഷന്‍ ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഈ യന്ത്രം നിര്‍മിച്ചത്. രാജ്യത്ത് ആദ്യമായാണ് ഇത്തരം ഒരു വോട്ടിംഗ്‌യന്ത്രം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നത്. ഇതുവരെ ഉപയോഗിച്ചിരുന്ന വോട്ടിംഗ് യന്ത്രത്തിന് ഒരു ബാലറ്റ് യൂണിറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
വരുന്ന തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ ഒരോ ബൂത്തിലും മൂന്ന് ബാലറ്റ് യൂണിറ്റും ഒരു കണ്‍ട്രോള്‍ യൂണിറ്റും ഉണ്ടാവും. 1700 കണ്‍ട്രോള്‍ യൂണിറ്റും 5100 ബാലറ്റ് യൂണിറ്റുമായി 6800 യന്ത്രങ്ങളാണ് ജില്ലയില്‍ പരിശോധന നടത്തുന്നത്. ശക്തമായ പോലീസ് കാവലില്‍ നടന്ന പരിശോധനക്ക് എത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേകം തിരിച്ചറിയല്‍ കാര്‍്ഡ് നല്‍കിയിരുന്നു. എല്ലാ ദിവസവും രാഷ്ട്രീയ പാര്‍ട്ടികളുടെ സാനിധ്യത്തില്‍ പരിശോധന നടത്തിയ വോട്ടിംഗ് മെഷീനില്‍ മാതൃകാ വോട്ടിംഗും നടത്തും.