Connect with us

Articles

കടല്‍ക്കിഴവന്‍

Published

|

Last Updated

സിന്ദ്ബാദ് എന്ന പേരില്‍ സാഹസികനായ ഒരു നാവികന്റെ കഥയുണ്ട് അറബി ക്കഥകളില്‍. തന്റെ ആഗോള സമുദ്ര സഞ്ചാരങ്ങള്‍ക്കിടയില്‍ നേരിട്ട വിചിത്രവും ഉദ്വേഗജനകവുമായ അനുഭവങ്ങള്‍ അറബിക്കഥകളില്‍ ക്ലാസിക്കുകളാണ്. ഇതിലൊന്നാണ് “കടല്‍ക്കിഴവന്‍.”
കടല്‍ യാത്രക്കിടയില്‍ സിന്ദ്ബാദ് ഒരിക്കല്‍ ഒരു ആഫ്രിക്കന്‍ തീരത്ത് കപ്പലടുപ്പിച്ചു. നാടു കാണാനും ചില അത്യാവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനുമായി അദ്ദേഹം കരയിലിറങ്ങി. കുറച്ച് ദൂരം ചെന്നാല്‍ ഒരു ജനവാസ കേന്ദ്രമുണ്ടെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. വഴിയില്‍ ഇറങ്ങിക്കടക്കാവുന്നത്ര ആഴമുള്ള ഒരു നദിയുണ്ട്.
നദിക്കരയിലെത്തി അക്കരെ കടക്കാനൊരുങ്ങുമ്പോള്‍ പിന്നില്‍ നിന്നൊരു ദീനസ്വരം. “സഹോദരാ എന്നെക്കൂടി അക്കരെ കടക്കാന്‍ ഒന്നു സഹായിക്കാമോ?”
സിന്ദ്ബാദ് തിരിഞ്ഞുനോക്കി.
കറുത്ത് മെലിഞ്ഞ് വികൃത വേഷത്തില്‍ ഒരു വൃദ്ധന്‍. അയാള്‍ നിലത്തിരിക്കുകയാണ്. നടക്കാന്‍ കഴിയില്ലെന്ന് തോന്നുന്നു. സിന്ദ്ബാദിന് ദയ തോന്നി.
“നദി കടക്കാന്‍ ഞാന്‍ താങ്കളെ സഹായിക്കാം”
സിന്ദ്ബാദ് വലിയ ആകാരമുള്ള ഒരാളായിരുന്നു. വൃദ്ധനെയെടുത്ത് നദി കടക്കാന്‍ അയാള്‍ക്ക് ഒരു പ്രയാസവുമില്ല.
എടുക്കാനാഞ്ഞപ്പോള്‍ വൃദ്ധന്‍ പറഞ്ഞു: “വേണ്ട സഹോദരാ, ഞാന്‍ താങ്കളുടെ തോളില്‍ കയറി ഇരുന്നുകൊള്ളാം. അതായിരിക്കും നമുക്ക് രണ്ട് പേര്‍ക്കും സൗകര്യം.”
സിന്ദ്ബാദ് നിലത്തിരുന്നുകൊടുത്തു. വൃദ്ധന്‍ ഒറ്റച്ചാട്ടത്തിന് സിന്ദ്ബാദിന്റെ തോളില്‍ കയറി ഇരിപ്പുറപ്പിച്ചു. ഒരഭ്യാസിയുടെ ചടുലതയുണ്ടായിരുന്നു ആ ചാട്ടത്തിനും ഇരുപ്പിനും.
വൃദ്ധനെയും ചുമന്ന് സിന്ദ്ബാദ് നദി നടന്നുകയറി. അക്കരെയെത്തി താഴെ ഇറക്കാന്‍ നോക്കുമ്പോള്‍ വൃദ്ധന്‍ ഇറങ്ങുന്നില്ല. അയാള്‍ പറഞ്ഞു:
“നമുക്ക് ഈ നദിക്കരയിലൂടെ അല്‍പം വടക്കോട്ട് സഞ്ചരിക്കാം. താങ്കള്‍ക്ക് വിരോധമില്ലെങ്കില്‍.”
സിന്ദ്ബാദ് ചോദിച്ചു: “അതെന്തിന്? ഇവിടെ അടുത്തൊരു അങ്ങാടിയുണ്ട്. അവിടെ ചെന്ന് എനിക്ക് ചില സാധനങ്ങള്‍ വാങ്ങേണ്ടതുണ്ട്.” സിന്ദ്ബാദ് വൃദ്ധന് ഇറങ്ങാന്‍ പാകത്തില്‍ ഇരുന്നുകൊടുത്തു.
വൃദ്ധന്‍ പറഞ്ഞു: “താങ്കള്‍ ഇപ്പോള്‍ ഞാന്‍ പറയുന്നത് അനുസരിക്കുക. നമുക്ക് ഈ നദിക്കരയിലൂടെ അല്‍പ്പം സഞ്ചരിക്കാം.” വൃദ്ധന്റെ സ്വരത്തില്‍ കല്‍പ്പനയുടെ ധ്വനിയുണ്ടായിരുന്നു.
സിന്ദ്ബാദ് അതിശയത്തോടെ ചോദിച്ചു: “അപ്പോള്‍ താങ്കള്‍ താഴെ ഇറങ്ങുന്നില്ലേ?”
വൃദ്ധന്‍ അലക്ഷ്യമായി പറഞ്ഞു: “ഇറങ്ങാമല്ലോ, അതിപ്പോള്‍ തന്നെ ആകണം എന്നുണ്ടോ?”
സിന്ദ്ബാദിന് ദേഷ്യം വന്നുതുടങ്ങിയിരുന്നു. അയാള്‍ അല്‍പ്പം കയര്‍ത്തു സംസാരിച്ചു: “താങ്കള്‍ താഴെ ഇറങ്ങുന്നോ, അതോ…”
വൃദ്ധന്റെ സ്വരവും കടുത്തു. അയാള്‍ ഒരു മുരള്‍ച്ച പോലെ പറഞ്ഞു: “ധൃതിപ്പെടാതെ സഹോദരാ, ഇപ്പോള്‍ താങ്കള്‍ ഞാന്‍ പറയുന്നതനുസരിക്കുക”
സിന്ദ്ബാദിന് ശരിക്കും കലികയറി. അയാള്‍ കിഴവനെ തോളില്‍ നിന്നു പിടിച്ചിറക്കാന്‍ നോക്കി. അപ്പോഴാണ് മനസ്സിലാകുന്നത് അതത്ര എളുപ്പമല്ലെന്ന്.
കാലുകള്‍ രണ്ടും തന്റെ നെഞ്ചില്‍ കത്രികപ്പൂട്ടു പോലെ പിണച്ചിട്ട് ഇരു കൈകള്‍ കൊണ്ടും കഴുത്തില്‍ ചുറ്റിപ്പിടിച്ചാണ് കിഴവന്‍ ഇരിക്കുന്നത്. സിന്ദ്ബാദ് ഒന്നു കുടഞ്ഞപ്പോള്‍ കിഴവന്‍ കഴുത്തിലെ പിടി ഒന്നു മുറുക്കി. സിന്ദ്ബാദിന് ശ്വാസതടസ്സം വന്നു.
കൈകള്‍ ഉയര്‍ത്തി അയാളെ പിടിച്ചിറക്കാനുള്ള ശ്രമം വളരെ ദുര്‍ബലമാണെന്ന് സിന്ദ്ബാദിന് മനസ്സിലായി. കിഴവന്റെ ഇരിപ്പ് അത്ര സുരക്ഷിത സ്ഥാനത്താണ്.
സിന്ദ്ബാദ് നിസ്സഹായനായി.
“നടക്കൂ സഹോദരാ, നമുക്ക് ഇനിയും വളരെ ദൂരം സഞ്ചരിക്കാനുള്ളതല്ലേ, സമയം വളരെ വിലപ്പെട്ടതാണ്.”- വൃദ്ധന്‍ കല്‍പ്പിക്കുകയാണ്.
ഒരു കാര്യം സിന്ദ്ബാദിന് മനസ്സിലായി; താന്‍ ഒരു കുരുക്കിലാണ് അകപ്പെട്ടിരിക്കുന്നത്. അത്രവേഗം ഊരിപ്പോരാനാകുമെന്ന് തോന്നുന്നില്ല. തത്കാലം അയാളെ അനുസരിക്കാന്‍ തന്നെ സിന്ദ്ബാദ് തീരുമാനിച്ചു. വൃദ്ധന്‍ പറയുകയാണ്: “ഈ നദിക്കരയിലൂടെ നൂറു നൂറ്റമ്പത് കാതം സഞ്ചരിച്ചാല്‍ ഒരു കുന്നിന്‍ ചെരിവുണ്ട്. അവിടെ എന്റെ രോഗത്തിനുള്ള പച്ചമരുന്ന് കിട്ടും.” ഗതികെട്ട് സിന്ദ്ബാദ് കലമ്പി:”നാശം, നിനക്കെന്താണ് രോഗം?”
പിണച്ചുവെച്ച കാലുകളുയര്‍ത്തി മടമ്പുകൊണ്ട് കിഴവന്‍ സിന്ദ്ബാദിന്റെ നെഞ്ചില്‍ ശക്തിയായി ഇടിച്ചു. അയാള്‍ പുളഞ്ഞുപോയി. ഒപ്പം തന്റെ മുതുകിലൂടെ എന്തോ ഒലിച്ചിറങ്ങുന്നതും അയാള്‍ അറിഞ്ഞു. രൂക്ഷമായ ദുര്‍ഗന്ധം!
കിഴവന്‍ ശാസന സ്വരത്തില്‍ പറഞ്ഞു: “അല്‍പ്പം മാന്യമായി സംസാരിക്കണം. ശാപവാക്കുകള്‍ എനിക്കൊട്ടും ഇഷ്ടമല്ല. ദാ, പറഞ്ഞില്ലല്ലോ, എനിക്ക് വയറിളക്ക രോഗമാണ്”
സിന്ദ്ബാദിന് ശരിക്കും കലികയറി. മുഷ്ടി ചുരുട്ടി തലക്ക് മുകളിലേക്ക് അയാള്‍ വീശിയടിച്ചു. കിഴവന് ആ അടി പ്രതിരോധിക്കുക എളുപ്പമായിരുന്നു. പകരം സിന്ദ്ബാദിന് കിട്ടിയത് കടുത്ത ശിക്ഷയാണ്. വൃദ്ധന്‍ കഴുത്തിലെ പിടി ശക്തിയായി മുറുക്കി. ശ്വാസം കിട്ടാതെ സിന്ദ്ബാദിന്റെ കണ്ണ് തുറിച്ചുപോയി.
വൃദ്ധന്‍ ഗുണദോഷിച്ചു: “ചുമ്മാ സാഹസങ്ങളൊന്നും കാണിക്കരുത്. നല്ല കുട്ടിയായി അനുസരിച്ചാല്‍ രണ്ട് പേര്‍ക്കും നല്ലത്. ഇല്ലെങ്കില്‍…”
ആ അര്‍ധോക്തിയിലെ ഭീഷണി ഇപ്പോള്‍ സിന്ദ്ബാദിന് നന്നായി മനസ്സിലാകുന്നുണ്ട്.
അനുസരിക്കാതെ പറ്റില്ലെന്നായി.
ദുര്‍ഘടമായ പാത, പുറത്ത് മാലിന്യം ഒലിച്ചിറങ്ങുന്നതിന്റെ അസ്വാസ്ഥ്യം, അസഹനീയമായ നാറ്റം. വൃദ്ധന്‍ തോളിലിരുന്ന് എന്തോ പുലമ്പുന്നുണ്ട്.
നടന്നുവലഞ്ഞപ്പോള്‍ സിന്ദ്ബാദ് മയത്തില്‍ ചോദിച്ചു: “സഹോദരാ, നമുക്കല്‍പ്പം വിശ്രമിച്ച ശേഷം യാത്ര തുടര്‍ന്നാല്‍ പോരേ?”
വൃദ്ധന്‍ വികൃതമായി ചിരിച്ചു.
“നാം ആരംഭിച്ചതല്ലേ ഉള്ളൂ സഹോദരാ, ഇനിയും എത്ര നടക്കാനിരിക്കുന്നു? എന്തെല്ലാം കാണാനിരിക്കുന്നു? ”
സിന്ദ്ബാദ് വേച്ച് വേച്ച് നടന്നു. അയാള്‍ക്ക് നല്ല ക്ഷീണവും വിശപ്പും ഉണ്ടായിരുന്നു. വഴിയില്‍ ഒരത്തിമരം അയാള്‍ കണ്ടു. നിറയെ പഴങ്ങള്‍. മൂത്ത് പഴുത്തവ. വൃദ്ധന്‍ സന്തോഷത്തോടെ വിളിച്ചുപറഞ്ഞു: “ഒന്ന് നില്‍ക്കണേ, വിശപ്പടക്കാന്‍ കുറച്ച് അത്തിപ്പഴം ശേഖരിച്ച ശേഷം നമുക്ക് യാത്ര തുടരാം”
സിന്ദ്ബാദിന് ആശ്വാസമായി. എന്നാല്‍ തോളില്‍ നിന്നിറങ്ങാന്‍ കിഴവന്‍ തയ്യാറായില്ല. താങ്കള്‍ അത്തിമരച്ചുവട്ടിലേക്ക് നീങ്ങി നിന്നാല്‍ മതി. പഴം ഞാന്‍ ശേഖരിച്ചുകൊള്ളാമെന്ന് അയാള്‍ പറഞ്ഞു. സിന്ദ്ബാദിന് അനുസരിക്കുകയേ നിവൃത്തി ഉണ്ടായിരുന്നുള്ളൂ.
പഴത്തിന്റെ തൊലിയും അവശിഷ്ടങ്ങളും കാല്‍ക്കീഴില്‍ വീണ് കുമിയുന്നത് കണ്ടപ്പോഴാണ് മുകളില്‍ വൃദ്ധന്‍ ആര്‍ത്തി പിടിച്ചു തിന്നുകയാണെന്ന് സിന്ദ്ബാദിന് മനസ്സിലായത്. അയാള്‍ക്ക് പ്രതിഷേധിക്കണം എന്നുണ്ടായിരുന്നു. പക്ഷേ, അതിന്റെ ഫലമെന്തെന്ന് നല്ല നിശ്ചയമുണ്ടായിരുന്നു. വിശപ്പടങ്ങിയപ്പോള്‍ വൃദ്ധന്‍ പറഞ്ഞു: ഈ പഴങ്ങള്‍ അത്ര മെച്ചമൊന്നുമല്ല. താങ്കള്‍ കാര്യപ്പെട്ട ഒരാളാണ്. നല്ലത് ലഭിക്കുമ്പോള്‍ താങ്കള്‍ക്കും വിശപ്പടക്കാമല്ലോ. ശേഷിച്ച പഴങ്ങള്‍ ദൂരേക്ക് വലിച്ചെറിയുന്നത് സിന്ദ്ബാദ് സങ്കടത്തോടെ കണ്ടുനിന്നു. അവര്‍ യാത്ര തുടര്‍ന്നു.
ക്രമേണ ഒരു ജനവാസ കേന്ദ്രത്തിലേക്ക് അവരെത്തി. ചെറിയൊരു അങ്ങാടി, കിഴവനെ തോളില്‍ നിന്നിറക്കാന്‍ ഒരവസരം കിട്ടുമെന്ന് സിന്ദ്ബാദ് പ്രതീക്ഷിച്ചു.
പഴവര്‍ഗങ്ങളും സര്‍ബത്തും വില്‍ക്കുന്ന ഒരു കടയുടെ മുമ്പിലെത്തിയപ്പോള്‍ സിന്ദ്ബാദ് നിന്നു.
“കുറച്ച് പഴങ്ങള്‍ വേണം, കുടിക്കാന്‍ സര്‍ബത്തും.” സിന്ദ്ബാദ് പറഞ്ഞുതീര്‍ന്നതും ചെകിട്ടത്ത് വൃദ്ധന്റെ കൈകള്‍ ആഞ്ഞു പതിച്ചതും ഒരുമിച്ച്.
സിന്ദ്ബാദിന്റെ തല കറങ്ങിപ്പോയി. വൃദ്ധന്‍ കയര്‍ക്കുകയാണ്.
“ഇവന്‍ എന്റെ അടിമയാണ്. അനുസരണയില്ലാത്ത അടിമ. അധികപ്രസംഗി, ഇവന്റെ കീഴിയില്‍ പണമുണ്ട്. അതില്‍ നിന്ന് പണം എണ്ണിയെടുത്തു കൊള്ളുക.”
വ്യാപാരി സാധനങ്ങള്‍ പൊതിഞ്ഞ് തോളത്തേക്ക് കൊടുത്തു. അരയിലെ കിഴിയഴിച്ചു പണമെടുക്കാന്‍ അയാള്‍ ശ്രമിച്ചപ്പോള്‍ സിന്ദ്ബാദ് തടഞ്ഞു. ഒട്ടും പ്രതീക്ഷിക്കാതെ വന്നു, നെഞ്ചില്‍ മടമ്പ് കാലുകൊണ്ടുള്ള കനത്ത ഇടി. “അനുസരണയില്ലാത്ത അടിമ”ക്ക് വ്യാപാരിയുടെ വകയും കിട്ടി നാലടി. കണ്ടുനിന്നവരും അടിമയെ പ്രഹരിച്ച് തൃപ്തിപ്പെട്ടു.
അടിയും ഇടിയുമൊന്നുമല്ല സിന്ദ്ബാദിനെ വേദനിപ്പിച്ചത്. താനൊരു അടിമയാണെന്ന പെരും നുണ. തന്റെ വാദങ്ങളൊന്നും ആരും ചെവിക്കൊള്ളുന്നേയില്ല. ഗ്രാമം വിട്ട് കാടും മേടും കയറി അവര്‍ യാത്ര തുടര്‍ന്നു. പുതിയ ഗ്രാമങ്ങളും തെരുവുകളും പിന്നിട്ടു, നദികളും അരുവികളും കടന്നുപോയി.
ഇപ്പോള്‍ സിന്ദ്ബാദിന് എല്ലാം ശീലമായിരിക്കുന്നു. വൃദ്ധന്‍ തോളത്തിരുന്ന് കല്‍പ്പിക്കും, സിന്ദ്ബാദ് അനുസരിക്കും, പ്രതിഷേധിച്ചാല്‍ വൃദ്ധന്‍ കഴുത്ത് ഞെരിക്കും. പലതവണ മരണത്തിന്റെ വക്കില്‍ നിന്ന് രക്ഷപ്പെട്ടതാണ്. വിധേയനാകുന്നതാണ് യുക്തിയെന്ന് നാവികന്‍ പഠിച്ചുകഴിഞ്ഞിരിക്കുന്നു.
വാല്‍ക്കഷണം: ഈ കഥക്കോ കഥാ സന്ദര്‍ഭങ്ങള്‍ക്കോ ചേളാരി സമസ്ത- മുസ്‌ലിം ലീഗ് ബാന്ധവത്തോടു സാമ്യം തോന്നുന്നുണ്ടെങ്കില്‍ അത് തീര്‍ത്തും യാദൃച്ഛികമാണ്.
(ഒ എം തരുവണ, ഫോണ്‍: +91 9400501168)