അശ്ലീല വെബ്‌സൈറ്റ് നിരോധം പിന്‍വലിക്കുന്നതെന്തിന്?

Posted on: August 7, 2015 5:46 am | Last updated: August 6, 2015 at 9:48 pm
SHARE

ban pornഅശ്ലീല വെബ്‌സൈറ്റുകള്‍ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ആശ്വാസം നല്‍കിയത് നന്മ കാംക്ഷിക്കുന്ന ജനങ്ങള്‍ക്ക് തന്നെയാണ്. എത്രയോ കൊല്ലങ്ങളായി അശ്ലീല ചിത്രങ്ങളും സിനിമകളും വീഡിയോകളും നിറഞ്ഞ വെബ്‌സൈറ്റുകള്‍ നമ്മുടെ കുട്ടികളെ വൈകൃതങ്ങളുടെ ലോകത്തേക്ക് നയിക്കുന്നുണ്ടായിരുന്നു. ഇപ്പോഴുമത് തുടരുകയുമാണ്. അതിനൊരു അറുതി വരുത്താന്‍ ഏത് സര്‍ക്കാര്‍, എന്ത് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ രംഗത്തു വന്നാലും പിന്തുണക്കപ്പെടണം എന്ന വിചാരമായിരുന്നു ആഹ്ലാദത്തിനടിസ്ഥാനം.
എന്നാല്‍, സൈബര്‍ലോകത്തെ ശക്തികള്‍ ഇതിനുള്ളില്‍ വിള്ളല്‍ വീഴ്ത്തുമെന്ന ആശങ്ക യാഥാര്‍ഥ്യമാവുകയാണോ? കേരളം പോലെ എന്തിലും ഡ്യൂപ്ലിക്കേറ്റ് കണ്ടെത്തുന്നതില്‍ വിരുതുള്ള ജനത നിരോധത്തെ മറികടന്ന് അശ്ലീല സൈറ്റുകള്‍ തുടര്‍ന്നും നിലനിര്‍ത്തുമോയെന്ന ചോദ്യവും പ്രസക്തമാണ്. ഒന്ന് പിഴച്ചാല്‍ മറ്റൊന്ന് എന്ന നിലയില്‍ പഴുതുകള്‍ സൃഷ്ടിക്കപ്പെടാനിടയുള്ളതാണ് സൈബര്‍ രംഗം എന്നതിനാല്‍ തീരുമാനം പൂര്‍ണരൂപത്തില്‍ നടപ്പാക്കുകയാണ് വേണ്ടിയിരുന്നത്.
കഴിഞ്ഞയാഴ്ചയാണ് കേരളത്തിലെ ഇന്റര്‍നെറ്റ് സര്‍വീസ് ദാതാക്കള്‍ക്ക് നിരോധിക്കപ്പെടണമെന്ന് കേന്ദ്ര സര്‍ക്കാര്‍ വിചാരിക്കുന്ന ‘പോര്‍ണോ’സൈറ്റുകളുടെ ലിസ്റ്റും നിര്‍ദേശവും ലഭിക്കുന്നത്. ഏകദേശം 857 അശ്ലീല സൈറ്റുകള്‍ മാരകസ്വഭാവത്തിലുള്ളവയാണ് എന്ന് കേന്ദ്ര സര്‍ക്കാര്‍ കണ്ടെത്തി. ഇന്റര്‍നെറ്റ് ദാതാക്കള്‍ ഈ ഉത്തരവ് എത്രയും വേഗം നടപ്പില്‍ വരുത്തണമെന്നും അതിനാവശ്യമായ നിര്‍ദേശങ്ങള്‍ വാര്‍ത്താവിനിമയ വിഭാഗം നല്‍കണമെന്നും സമയബന്ധിതമായി ജോലി നിര്‍വഹിക്കപ്പെടണമെന്നും ഉറപ്പാക്കേണ്ടത് ടെലികമ്മ്യൂണിക്കേഷന്‍ അധികാരികള്‍ ആയിരിക്കണമെന്നും തീരുമാനിക്കപ്പെട്ടതാണ്. എല്ലാം എത്രവേഗതയിലാണ് മാറിമറിയുന്നത്. നിരോധം പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുന്നുവത്രെ!
ആദ്യം മുതല്‍ ഐ എസ് പി (ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡേഴ്‌സ്) ഇതില്‍ ആശങ്കാകുലരാണ്. തങ്ങളുടെ വരുമാനത്തില്‍ ഒറ്റയടിക്ക് വലിയ കുറവ് സംഭവിക്കുമെന്ന ആശങ്കയാണ് അവര്‍ക്കുള്ളത്. അതിനാല്‍ സൈബര്‍ രംഗത്തെ മാറ്റങ്ങള്‍ സാവകാശമേ നടപ്പാക്കാന്‍ സാധ്യത കാണുന്നുള്ളൂ. വേഗതയാണ് സൈബറിന്റെ പ്രത്യേകതയെന്നത് ഇക്കാര്യത്തില്‍ ബാധകമാവില്ല.
ജൂലൈ മാസം ഈ തീരുമാനം വന്നതിന് ശേഷം വീഡിയോ കാണുന്നതില്‍ ഒരുപാട് കുറവുകള്‍ വന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നിരോധം ഫലപ്രദമായി നടപ്പാക്കുമെങ്കില്‍, ഇക്കാര്യത്തില്‍ കുറേയേറെ മുന്നേറാനാകുമെന്നു തന്നെ പ്രതീക്ഷിക്കാമെന്നാണിത് കാണിക്കുന്നത്. എന്നാല്‍, സൈബര്‍ കുറ്റാന്വേഷകര്‍ അത്ര ശുഭപ്രതീക്ഷ പ്രകടിപ്പിക്കുന്നില്ല. വേഷപ്രച്ഛന്നരായി വരുന്ന മറ്റ് സൈറ്റുകളിലൂടെ അശ്ലീല വീഡിയോ പ്രചരിപ്പിക്കപ്പെടാനുള്ള സാധ്യതകള്‍ ഇപ്പോഴും സജീവമായി നിലനില്‍ക്കുന്നുവെന്നത് തന്നെയാണ് അപകടം.
സൈബര്‍ സോഫ്റ്റ്‌വെയര്‍ ഉപകരണങ്ങളുടെ സവിശേഷത വെച്ചുനോക്കുമ്പോള്‍ എങ്ങനെ വേണമെങ്കിലും കൃത്രിമമാര്‍ഗങ്ങള്‍ അവലംബിക്കാനും പുതിയ പാതകള്‍ വെട്ടിത്തെളിക്കാനും കഴിയുന്ന വിദഗ്ധ കുട്ടിക്കുറ്റവാളികള്‍ നിറഞ്ഞ നമ്മുടെ നാട്ടില്‍ ഇതൊരു വെല്ലുവിളി തന്നെയായിരിക്കും. ‘പ്രോക്‌സി’ സൈറ്റുകള്‍ ഇപ്പോള്‍ സജീവമാണ്. ഐ എസ് പിയുടെ നിരോധങ്ങളെ കവച്ചുവെക്കുന്ന കള്ളസൈറ്റുകള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ആര്‍ക്കും ലഭ്യമാക്കാമെന്ന സ്ഥിതി ആശങ്കാജനകം തന്നെ.
ലോകത്ത് ഏറ്റവുമധികം അശ്ലീല സൈറ്റുകള്‍ കാണുന്നവര്‍ അധിവസിക്കുന്ന ഭൂമിയാണ് ഭാരതമെന്നത് ലജ്ജാകരമാണ്. അതില്‍ വിശേഷിച്ചും കേരളമാണ് ഈ സൈബര്‍ ലോകത്തെ വന്‍ശക്തി. ഏറ്റവുമധികം സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ കേരളത്തിലാണെന്നതിനാല്‍ കൃത്രിമമായ സങ്കേതങ്ങളുടെ ഉത്പാദന കേന്ദ്രവും കേരളം തന്നെ. മറ്റ് സംസ്ഥാനങ്ങളിലും ജീര്‍ണത എല്ലാ സീമകളും ലംഘിച്ചുവെന്നത് വിസ്മരിക്കുന്നില്ല. എന്നാല്‍ വിദ്യാകേരളം അശ്ലീലതയുടെ വിളയാട്ട രംഗങ്ങളില്‍ ഒന്നാമതാകുന്നത് ഭീതിജനകമായ കാര്യം തന്നെ.
മൊബൈല്‍ ഫോണുകള്‍ വ്യാപകമായതും ലാപ്‌ടോപ്പുകളുടെ എണ്ണം കൂടിയതും മള്‍ട്ടി, മീഡിയ സന്ദേശങ്ങള്‍ അയക്കാന്‍ സൗകര്യമുള്ള ഫഌഷ് ഡ്രൈവ്‌സും മറ്റുമുള്ളതും അശ്ലീലതയുടെ പുത്തന്‍ സാധ്യതകള്‍ തുറക്കാന്‍ ഇടയാക്കുമെന്ന ഭയാശങ്കകള്‍ അസ്ഥാനത്തല്ല.
സൈബര്‍രംഗം ഭരിക്കുന്നത് കോര്‍പറേറ്റുകളാണ്. വന്‍ ലാഭം കൊയ്യാന്‍ കഴിയുമെന്ന് ഉറപ്പുള്ളത് കൊണ്ടു മാത്രം കോടികള്‍ നിക്ഷേപിക്കുന്ന ‘മൈക്രോസോഫ്റ്റ്’ കമ്പനികള്‍ യുവജനതയുടെ ദൗര്‍ബല്യങ്ങള്‍ മനസ്സിലാക്കിത്തന്നെയാണ് കളിക്കുന്നത്. ഏറ്റവും ജനകീയമായ നെറ്റുവര്‍ക്കുകള്‍ നിയന്ത്രിക്കുന്നത് അന്താരാഷ്ട്ര കുത്തകകളാണ് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. അവര്‍ ഏറ്റവും അത്യന്താധുനികമായ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് നിയമം ലംഘിക്കാന്‍ ഉപഭോക്താക്കളെ പഠിപ്പിക്കും. എങ്ങനെ ഒരു കുറ്റകൃത്യം വിദഗ്ധമായി നടത്താമെന്ന് കമ്പനി തന്നെ വഴി കാണിച്ചു കൊടുത്താല്‍ പണി കഴിഞ്ഞില്ലേ. അതാണ് ബിസിനസ്സിന്റെ രസതന്ത്രം. അതില്‍ വീണു പോകും നമ്മുടെ യുവജനങ്ങള്‍. അതവര്‍ക്ക് നന്നായറിയാം.
അതുകൊണ്ട് സാമൂഹിക-ധാര്‍മിക-സദാചാര സങ്കല്‍പ്പങ്ങള്‍ കാറ്റില്‍പ്പറത്തി കൊണ്ടായിരിക്കും സൈബര്‍ മാഫിയ അഴിഞ്ഞാടാന്‍ പോകുന്നത്. അശ്ലീലതയുടെ മലവെള്ളം എല്ലാ വഴികളിലൂടെയും തുറന്നുവിടാന്‍ അവര്‍ പദ്ധതിയൊരുക്കിക്കഴിഞ്ഞു. കേരളത്തിലെ സ്വകാര്യ ഇന്റര്‍നെറ്റ് കമ്പോളത്തില്‍ അശ്ലീല വീഡിയോ പ്രളയം കാണാനിരിക്കുന്നതേയുള്ളൂ; വിശേഷിച്ചും നിരോധം സര്‍ക്കാര്‍ പിന്‍വലിക്കുന്നതോടെ.
എന്നാല്‍, സാംസ്‌കാരികരംഗത്ത് ഇതിനകം അശ്ലീല വെബ്‌സൈറ്റുകള്‍ സൃഷ്ടിച്ച പ്രത്യാഘാതങ്ങള്‍ വേണ്ടത്ര ഗൗരവത്തില്‍ ഇനിയും പഠനവിധേയമായിട്ടില്ല. നമ്മുടെ കുട്ടികള്‍ക്കു സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ ഗൂഢാര്‍ഥങ്ങള്‍ എന്ത് എന്ന് മനസ്സിലാക്കാനാകാതെ അന്തംവിട്ടു നില്‍ക്കുന്ന രക്ഷിതാക്കള്‍. നല്ല പാഠങ്ങള്‍ പറഞ്ഞുകൊടുക്കേണ്ട അധ്യാപകര്‍ പോലും സൈബര്‍ സാങ്കേതികതയുടെ ഉപാസകരായി പരിണമിക്കുന്ന കാഴ്ച. തെറ്റും ശരിയും നന്മയും തിന്മയും വേര്‍തിരിച്ചെടുക്കാനാകാതെ കുഴയുന്ന കുട്ടികള്‍ സാംസ്‌കാരികത്തകര്‍ച്ചയുടെ പടുഗര്‍ത്തങ്ങളില്‍ ചെന്നുവീഴുന്നു. അതിന്റെയെല്ലാം പ്രത്യാഘാതങ്ങള്‍ എന്ന നിലയില്‍ കോന്നി പെണ്‍കുട്ടികളുടേതുപോലെയുള്ള ദുരന്തങ്ങള്‍ കേരളത്തില്‍ നിത്യേന സംഭവിച്ചുകൊണ്ടിരിക്കുന്നു. അവയെല്ലാം എങ്ങനെയൊക്കെയാണ് പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതെന്ന് മനസ്സിലാക്കാനായാല്‍ മാത്രമേ അപകടത്തിന്റെ ആഴങ്ങള്‍ അളന്ന് പരിഹാരങ്ങള്‍ മുന്‍കൂര്‍ തേടാനാകൂ. എന്തായാലും അശ്ലീല വെബ്‌സൈറ്റുകള്‍, നമ്മുടെ സമൂഹത്തിന്റെ സാംസ്‌കാരികത്തകര്‍ച്ചക്കു നിര്‍ണായക പങ്ക് വഹിച്ചുവെന്ന കാര്യം തിരിച്ചറിയാതെ, ഏറ്റു പറയാതെ, പരിഹരിക്കാതെ, ഒരടി മുന്നോട്ടു പോകാന്‍ കഴിയുമെന്ന് തോന്നുന്നില്ല.
പക്ഷേ, സാംസ്‌കാരിക പാരമ്പര്യം ഉദ്‌ഘോഷിക്കുന്ന സംഘ്പരിവാര്‍ ശക്തികള്‍ അധികാരത്തിലിരിക്കുമ്പോള്‍ അശ്ലീലത നിരോധിക്കുമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് തെറ്റിയിരിക്കുന്നു. അവരും ലോകമൂലധന ശക്തികളുടെ താത്പര്യം പരിഗണിച്ച് ‘സൈബര്‍ സ്വാതന്ത്ര്യം’ സംരക്ഷിക്കാന്‍ അശ്ലീലസൈറ്റുകളുടെ നിരോധം പിന്‍വലിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് സര്‍ക്കാറില്‍ നിന്നും ഒരു വ്യത്യാസവും ബി ജെ പി സര്‍ക്കാറില്‍ നിന്നും പ്രതീക്ഷിക്കേണ്ടതില്ല, സാംസ്‌കാരിക നയത്തിലും എന്നാണ് ഇത് തെളിയിക്കുന്നത്.