ഇന്ത്യയില്‍ ഹിരോഷിമയും നാഗസാക്കിയും ആവര്‍ത്തിക്കുമെന്ന് ഐ എസ് ഐ മുന്‍ മേധാവി

Posted on: August 6, 2015 10:30 pm | Last updated: August 7, 2015 at 12:31 am
SHARE

hamid-gul_0ന്യൂഡല്‍ഹി: ‘ഇന്ത്യ തെറ്റ് തിരുത്തിയില്ലെങ്കില്‍ ഡല്‍ഹിയെയും മുംബൈയെയും ഇന്നത്തെ ഹിരോഷിമയും നാഗസാക്കിയുമാക്കാന്‍ ഞങ്ങള്‍ക്ക് കൂടുതല്‍ ആലോചിക്കേണ്ടിവരില്ല. കരുതിയിരിക്കുക’ സാഹൂഹിക മാധ്യമങ്ങളില്‍ ഏറെ വിവാദമുയര്‍ത്തിയ ഈ പോസ്റ്റ് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത് പാക്കിസ്ഥാന്റെ ചാര സംഘടനയായ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സിന്റെ (ഐ എസ് ഐ) മുന്‍ ഡയരക്ടര്‍ ജനറല്‍ ഹാമിദ് ഗുലിന്റെ പേരിലുള്ള അക്കൗണ്ടിലാണ്.
ഹിരോഷിമയില്‍ യു എസ് എയര്‍ക്രാഫ്റ്റ് ബോംബ് വര്‍ഷിച്ച് 1,40,000 ആളുകള്‍ കൊല്ലപ്പെട്ടതിന്റെ 70ാം വാര്‍ഷികം ജപ്പാന്‍ ആചരിച്ച ദിവസമാണ് ഈ ട്വീറ്റ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ട്വിറ്റര്‍ അക്കൗണ്ട് യഥാര്‍ഥത്തില്‍ ഹാമിദ് ഗുലിന്റെത് തന്നെയാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണം ഇല്ലെങ്കിലും, ഇന്ത്യക്കെതിരെ ഗുല്‍ നടത്തുന്ന ആദ്യ ഭീഷണിയല്ല ഇത്. കാശ്മീര്‍ വിഷയത്തില്‍ ഇതിനു മുമ്പും പലതവണ ഗുല്‍ ഇന്ത്യക്കെതിരെ ഭീഷണിസ്വരം പുറത്തെടുത്തിട്ടുണ്ട്. പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പ്രസ്താവന നടത്തിയപ്പോഴും ഗു ല്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു. ജമ്മുകാശ്മീര്‍ വിഷയത്തില്‍ പരിഹാരമുണ്ടാക്കാതെ ഇന്ത്യയുമായി ഒരു സൗഹൃദവും നിലനില്‍ക്കുന്നില്ല എന്നായിരുന്നു അന്ന് ഒരു പാക് വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മുന്‍ ഐ എസ് ഐ ഡയരക്ടര്‍ ജനറ ല്‍ പറഞ്ഞത്.
‘ആരാണ് നരേന്ദ്ര മോദി? ഞങ്ങള്‍ക്ക് മുന്നില്‍ അയാള്‍ ഒന്നുമല്ല. ദൈവം സഹായിച്ച്, ഞങ്ങള്‍ക്ക് ഇന്ത്യയെ തുണ്ടംതുണ്ടമാക്കാന്‍ പോന്ന ശേഷിയും പദ്ധതികളും തന്ത്രങ്ങളുമുണ്ട്.’- ഇക്കഴിഞ്ഞ ഏപ്രില്‍ 17ന് ചാനല്‍ പ്രക്ഷേപണം ചെയ്ത അഭിമുഖത്തില്‍ ഹാമിദ് ഗുല്‍ പറഞ്ഞിരുന്നു. ഇന്ത്യയോടുള്ള മൃദുസമീപനത്തില്‍ പാക് പ്രധാനമന്ത്രി നവാസ് ശരീഫിനെയും ഗുല്‍ വിമര്‍ശിച്ചിരുന്നു.