ഐ എസ് എല്‍: സൂപ്പര്‍ പരിശീലകരുടെ ലീഗ്

Posted on: August 6, 2015 11:14 pm | Last updated: August 6, 2015 at 11:14 pm
SHARE
Roberto-Carlos
കാര്‍ലോസ്‌

കോഴിക്കോട്: ഇത്തവണ ഐ എസ് എല്ലിനെ കിക്കോഫിന് മുമ്പേ ശ്രദ്ധേയമാക്കുന്നത് സൂപ്പര്‍ പരിശീലകരാണ്. മാര്‍ക്വൂ താരങ്ങളെയും മറ്റു വിദേശ താരങ്ങളെയും ടീമുകള്‍ പ്രഖ്യാപിച്ചപ്പോള്‍ കഴിഞ്ഞസീസണിലുണ്ടായിരുന്നതു പോലെ സൂപ്പര്‍താരങ്ങളില്ലാത്തത് പരിശീലകരുടെ പ്രാധാന്യം ഒന്നുകൂടി വര്‍ധിപ്പിക്കുന്നു. ഡല്‍ഹിയുടെ റോബര്‍ട്ടോ കാര്‍ലോസും മുംബൈയുടെ അനെല്‍ക്കയും ബ്രസീലിന്റെ ഇതിഹാസം സീക്കോയും ഇറ്റാലിയന്‍ താരമായിരുന്ന മാര്‍കോ മെറ്റരാസിയുമൊക്കെയാണ് പരിശീലകരുടെ കുപ്പായത്തില്‍. കാര്‍ലോസും അനെല്‍കയും പ്ലെയര്‍ കം മാനേജരാണ്. ഇതില്‍ റോബര്‍ട്ടോ കാര്‍ലോസ് മുഴുവന്‍ സമയം കളിക്കാന്‍ സാധ്യതയുണ്ട്. അതേ സമയം കളത്തിലിറങ്ങുന്നതിനേക്കാള്‍ കളത്തിന് പുറത്തുനിന്ന് തന്ത്രമൊരുക്കുന്നതിലാകും അനെല്‍കയുടെ ശ്രദ്ധ. റോബര്‍ട്ടോ കാര്‍ലോസിന് പ്രായം വെല്ലുവിളിയാണ്. കഴിഞ്ഞതവണ വന്‍തുക മുടക്കി കൊണ്ടുവന്ന പല മാര്‍ക്വൂതാരങ്ങളും 90 മിനുട്ടും കളിക്കാന്‍ കായികക്ഷമതയില്ലാത്തവരും പരിക്കിന്റെ

Marco Materazzi of Chennaiyin FC during the press conference of match 21 of the Hero Indian Super League between Chennaiyin FC and Atletico de Kolkata held at the Jawaharlal Nehru Stadium, Chennai, India on the 4th November  2014. Photo by:  Vipin Pawar/ ISL/ SPORTZPICS
മറ്റെരാസി

പിടിയിലുള്ളവരുമായിരുന്നു. ഇത്തവണ അത്തരം താരങ്ങള്‍ക്ക് പിറകെ പോകാതെ കൂടുതല്‍ പ്രശസ്തരല്ലാത്ത മുഴുവന്‍ സമയം കളിക്കാന്‍ ശേഷിയുള്ള താരങ്ങളെ ടീമിലെടുക്കാനുള്ള തീരുമാനം പരിശീലകരുടെ ഗെയിം പ്ലാനിന്റെ ഭാഗമാണ്. 70 ദിവസത്തോളം നീണ്ടുനില്‍ക്കുന്ന മത്സരങ്ങള്‍ക്കിടയില്‍ വിശ്രമദിനങ്ങള്‍ കുറവായതും കൂടുതല്‍ കായികക്ഷമതയുള്ള താരങ്ങളെ ടീമിലെടുക്കാന്‍ പരിശീലകരെ പ്രേരിപ്പിച്ച മറ്റൊരു ഘടകമാണ്. ആദ്യസീസണില്‍ ഇന്ത്യന്‍ സാഹചര്യങ്ങളെയും ടീമംഗങ്ങളെയും പഠിച്ച് തങ്ങളുടെ തന്ത്രങ്ങള്‍ക്കനുസരിച്ച് അവതരിപ്പിക്കുന്നതിന് പരിശീലകര്‍ക്ക് കഴിഞ്ഞിരുന്നില്ല.
എന്നാല്‍ ഇത്തവണ പരിശീലകരുമായി നേരത്തെ തന്നെ ടീമുകള്‍ കരാറിലെത്തിയതുകൊണ്ട് തങ്ങളുടെ തന്ത്രങ്ങള്‍ക്ക് അനുയോജ്യരായവരെ തിരഞ്ഞെടുക്കാന്‍ കോച്ചുമാര്‍ക്ക് സമയം കിട്ടിയിട്ടുണ്ട്. ഇനിയും രണ്ടുമാസം കൂടി പരിശീലനത്തിന് കിട്ടുമെന്നുള്ളതും മികച്ച ടീമിനെ വാര്‍ത്തെടുക്കാന്‍ പരിശീലകര്‍ക്കാകും. വിദേശതാരങ്ങളില്‍ ഒരുപിടി യുവതാരങ്ങളുണ്ടെന്നതും പോരാട്ടം സജീവമാക്കും. എഫ് സി ഗോവ, അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത, ചെന്നൈയിന്‍ എഫ് സി എന്നീ ടീമുകളാണ് ഇതുവരെയുള്ള ഒരുക്കങ്ങളില്‍ മുന്നിട്ടുനില്‍ക്കുന്നത്. മൂന്ന് ടീമിന്റെയും പരിശീലകര്‍ കഴിഞ്ഞതവണയും ടീമിനൊപ്പമുണ്ടായിരുന്നു എന്നത് അനുകൂലഘടകമാണ്. ടീമിലെ കളിക്കാരെ മാത്രമല്ല സപ്പോര്‍ട്ടിംഗ് സ്റ്റാഫിനെ വരെ സ്വന്തം രാജ്യത്തുനിന്ന് കൊണ്ടുവന്ന് തങ്ങളുടെ വരുതിയിലേക്ക് ടീമിനെ എത്തിച്ചിരിക്കുകയാണ് പല പരിശീലകരും. ചുരുക്കിപ്പറഞ്ഞാല്‍ ഇത്തവണ കളി മുഴുവന്‍ പരിശീലകരുടെ

ഫാരിസ്‌
ഫാരിസ്‌

നിയന്ത്രണത്തിലായിരിക്കും.
ടീമുകളുടെ പരിശീലകരില്‍ അഞ്ചുപേര്‍ യൂറോപ്പില്‍നിന്നും മൂന്നുപേര്‍ ലാറ്റിനമേരിക്കയില്‍നിന്നുമായത് യൂറോപ്യന്‍-ലാറ്റിനമേരിക്കന്‍ ശൈലികളുടെ പോരാട്ട വേദിയായി ഐ എസ് എല്ലിനെ മാറ്റും. സീക്കോ- എഫ് സി ഗോവ (ബ്രസീല്‍), അന്റോണിയോ ഹെബാസ്-കൊല്‍ക്കത്ത (സ്‌പെയിന്‍), പീറ്റര്‍ ടൈലര്‍-കേരള ബ്ലാസ്റ്റേഴ്‌സ് (ഇംഗ്ലണ്ട്), സീസര്‍ ഫാരിസ്-നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് (വെനിസ്വേല), ഡേവിഡ് പ്ലേറ്റ് – പൂനെ സിറ്റി (ഇംഗ്ലണ്ട്), നിക്കോളാസ് അനെല്‍ക്ക-മുംബൈ(ഫ്രാന്‍സ്), റോബര്‍ട്ടോ കാര്‍ലോസ് – ഡല്‍ഹി (ബ്രസീല്‍), മാര്‍ക്കോ മെറ്റരാസി- ചെന്നൈയിന്‍(ഇറ്റലി).
ഐ എസ് എല്ലിലെ സൂപ്പര്‍സ്റ്റാര്‍ എഫ് സിയുടെ ഗോവയുടെ പരിശീലകനും ‘വെളുത്ത പെലെ’ എന്നറിയപ്പെടുന്ന സീക്കോ തന്നെയാണ്. കഴിഞ്ഞതവണ എഫ് സി ഗോവയെ സുന്ദരമായ ഫുട്‌ബോളിലൂടെ സെമിഫൈനല്‍ വരെയെത്തിച്ച സീക്കോ മറ്റു പല ഓഫറുകളുണ്ടായിട്ടും ഇന്ത്യയിലേക്ക് വന്നത് എഫ് സി ഗോവയെ ചാമ്പ്യന്മാരാക്കുക എന്ന ലക്ഷ്യത്തിലാണെന്ന് അദ്ദേഹം ആദ്യമേ വ്യക്തമാക്കിയിട്ടുണ്ട്. എഫ് സി ഗോവ ഇപ്പോള്‍ ഒരു ‘മിനി ബ്രസീല്‍’ ടീമായി മാറിയിട്ടുണ്ട്. തന്ത്രങ്ങള്‍ മൈതാനമധ്യത്ത് നടപ്പിലാക്കാന്‍ വിദേശതാരങ്ങളില്‍ ആറുപേരും ബ്രസീലില്‍ നിന്നാണ് അദ്ദേഹം കണ്ടെത്തിയത്.
നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്തയുടെ അന്റോണിയോ ഹെബാസ് തന്ത്രങ്ങളുടെ ആശാനായാണ് അറിയപ്പെടുന്നത്. സ്‌പെയിന്‍കാരനായ ഹെബാസ് വലന്‍സിയ അടക്കമുള്ള ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. ഹെബാസ് മൂന്നാഴ്ചത്തെ പരിശീലനത്തിനുവേണ്ടി മാഡ്രിഡിലേക്കാണ് ടീമിനെ കൊണ്ടുപോകുന്നത്.

സീക്കോ
സീക്കോ

വിദേശകളിക്കാരിലധികവും സ്‌പെയിനില്‍നിന്നുള്ളവരാണ്. കളത്തിനുപുറത്ത് റഫറിയുടെ തീരുമാനങ്ങള്‍ക്കെതിരെ അതിവൈകാരികമായി പ്രതികരിക്കുന്ന ഹെബാസ് കഴിഞ്ഞതവണ പലപ്പോഴും ഗ്യാലറിയിലായിരുന്നു. ഫൈനലില്‍ മാര്‍ക്വൂ താരം ലൂയിസ് ഗാര്‍ഷ്യയെ സൈഡ് ബെഞ്ചിലിരുത്താനുള്ള തീരുമാനം തന്റെ കര്‍ക്കശ നിലപാടുകളുടെ ഉത്തമോദാഹരണമാണ്.
കേരള ബ്ലാസ്റ്റേഴ്‌സിന്റെ കോച്ച് പീറ്റര്‍ ടെയ്‌ലര്‍ ഇംഗ്ലണ്ട്, ബഹ്‌റൈന്‍ അണ്ടര്‍-21 ടീമിന്റെ കോച്ചായിരുന്നു. ഒരു മത്സരത്തില്‍ ഇംഗ്ലണ്ട് ദേശീയ ടീമിന്റെ കോച്ചായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ആഭ്യന്തരതാരങ്ങളെ തിരഞ്ഞെടുത്തത് ടീമിന്റെ അസിസ്റ്റന്റ് കോച്ചായ ട്രെവര്‍ മോര്‍ഗനാണ്. രണ്ടുപേരുടെയും തന്ത്രങ്ങള്‍ ഗ്രൗണ്ടില്‍ നല്ലരീതിയില്‍ സംയോജിപ്പിക്കപ്പെട്ടാല്‍ നിലവിലെ റണ്ണേഴ്‌സ് എന്ന ഗരിമ നിലനിര്‍ത്താന്‍ ബ്ലാസ്റ്റേഴ്‌സിനാകും.
നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ കോച്ച് സീസര്‍ ഫാരിസ് വരുന്നത് വെനിസ്വേലയില്‍നിന്നാണ്. സീസര്‍ ഫാരിസ് പരിശീലിപ്പിച്ച ടീം കോപ അമേരിക്ക സെമിഫൈനലില്‍ കടന്നിരുന്നു. വെനിസ്വേലന്‍ യൂത്ത് ടീമിന് അണ്ടര്‍-20

പീറ്റര്‍ ടെയ്‌ലര്‍
പീറ്റര്‍ ടെയ്‌ലര്‍

ലോകകപ്പ് യോഗ്യത നേടിക്കൊടുത്തിട്ടുണ്ട്.
പൂനെ സിറ്റിയുടെ ഇംഗ്ലണ്ടുകാരന്‍ ഡേവിഡ് പ്ലേറ്റ് മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ റോബര്‍ട്ട് മര്‍ച്ചീനിയുടെ അസിസ്റ്റന്റ് കോച്ചായി പ്രവര്‍ത്തിച്ച പരിചയസമ്പത്തുമായിട്ടാണ് ഐ എസ് എല്ലിനെത്തുന്നത്. മിഡ്ഫീല്‍ഡിലെ സ്‌കോറിംഗ് മെഷീനായി അറിയപ്പെടുന്ന പ്ലേറ്റ് ഫുട്‌ബോളിനെക്കുറിച്ച് ‘ഫോര്‍മേഷന്‍ ആന്റ് സിസ്റ്റംസ്’ എന്ന പുസ്തമെഴുതിയിട്ടുണ്ട്.ചെന്നൈയിന്‍ എഫ് സിയുടെ കോച്ച് മാര്‍ക്കോ മെറ്റരായി തന്റെ ടീമുമായി ഇപ്പോള്‍ ഇറ്റലിയിലാണുള്ളത്. കഴിഞ്ഞസീസണിലെ ടോപ് സ്‌കോറരര്‍ എലാനോയെ ഏറ്റവും ആദ്യം മാര്‍ക്വൂ താരമായി പ്രഖ്യാപിച്ചാണ് ഒരുക്കം തുടങ്ങിയത്. മെറ്റരാസിയുടെ അനുഭവസമ്പത്ത് ടീമിനു മുതല്‍ക്കൂട്ടാകുമെന്നതില്‍ സംശയമില്ല.
മുംബൈയുടെ നിക്കോളാസ് അനെല്‍ക്ക കഴിഞ്ഞതവണയും ടീമിനൊപ്പമുണ്ടായിരുന്നു. ടീമിന്റെ ശക്തിയും ദൗര്‍ബല്യം നന്നായി അറിയുന്ന അനെല്‍ക്ക ഫുട്‌ബോളിലെ തന്റെ പരിചയസമ്പത്ത് കോച്ചെന്ന നിലയില്‍ എങ്ങനെ വിനിയോഗിക്കും എന്നതിനെ ആശ്രയിച്ചിരിക്കും മുംബൈയിലെ മുന്നോട്ടുള്ള ഗമനം.
ഡല്‍ഹിയുടെ റോബര്‍ട്ടോ കാര്‍ലോസാകട്ടെ തുര്‍ക്കി ടീമിനെ പരിശീലിപ്പിച്ച പരിചയവുമായിട്ടാണ് ഇന്ത്യയിലെത്തുന്നത്. മാര്‍ക്വൂ പ്ലയര്‍ കൂടിയായ കാര്‍ലോസ് ലെഫ്റ്റ് വിംഗ് ബാക്ക് പൊസിഷനില്‍ എക്കാലത്തേയും മികച്ച താരവും ഫ്രീകിക്കുകള്‍ക്ക് പ്രസിദ്ധനുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here