മലപ്പുറത്ത് വാഹനാപകടത്തില്‍ മൂന്നു മരണം

Posted on: August 6, 2015 6:31 pm | Last updated: August 7, 2015 at 12:18 am
SHARE

malappuram accidentനിലമ്പൂര്‍: കെ എന്‍ ജി റോഡിലെ മമ്പാട് പൊങ്ങല്ലൂരില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. 50 ഓളം പേര്‍ക്ക് പരുക്കേറ്റു. മഞ്ചേരി കരുവാരപുരം പുളിക്കല്‍ പുതിയ വീട്ടില്‍ രാമകൃഷ്ണന്റെ മകന്‍ അതുല്‍ കൃഷ്ണ (6), മമ്പാട് പൊങ്ങല്ലൂര്‍ കുന്നുമ്മല്‍ ഷൗക്കത്തിന്റെ ഭാര്യ ആഇശ (45), നിലമ്പൂര്‍ പാടിക്കുന്ന് പരേതനായ കോട്ടപ്പുറത്ത് ഉമ്മറിന്റെ ഭാര്യ കാവുങ്ങല്‍ പാത്തുമ്മ (63) എന്നിവരാണ് മരിച്ചത്. അതുല്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും ആഇശ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും വഴിയും പാത്തുമ്മ കോഴിക്കോട് മെഡിക്കല്‍ കോളജിലുമാണ് മരിച്ചത്.
അപകടത്തില്‍ പരുക്കേറ്റവരെ കോഴിക്കോട്, മഞ്ചേരി മെഡിക്കല്‍ കോളജുകളിലും നിലമ്പൂര്‍ ജില്ലാ ആശുപത്രയിലും പ്രവേശിപ്പിച്ചു. മൂന്ന് പേരുടെ നില ഗുരുതരമാണ്.
ബുധനാഴ്ച രാവിലെ പതിനൊന്നേ കാലോടെയാണ് അപകടം. വഴിക്കടവില്‍ നിന്നും മഞ്ചേരിയിലേക്ക് പോകുകയായിരുന്ന സിക്‌സീര്‍ ബസും മഞ്ചേരിയില്‍ നിന്ന് വഴിക്കടവിലേക്ക് വരുകയായിരുന്ന കെ പി ആര്‍ ബസുമാണ് അപകടത്തില്‍പ്പെട്ടത്. കെ പി ആര്‍ ബസ് ടിപ്പര്‍ ലോറിയെ മറി കടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിരെ വന്ന സിക്‌സീര്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരു ബസുകളുടെയും മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍പ്പെട്ട ടിപ്പര്‍ ലോറിക്കും തകരാര്‍ സംഭവിച്ചിട്ടുണ്ട്. മാതാവിന്റെ കൂടെ മഞ്ചേരിയിലേക്ക് പോകുകയായിരുന്ന അതുല്‍ ഇടിയുടെ ആഘാതത്തില്‍ ബസില്‍ നിന്നും പുറത്തേക്ക് തെറിച്ച് ടിപ്പര്‍ ലോറിയുടെ വാതിലില്‍ തട്ടി വീഴുകയായിരുന്നു. മഞ്ചേരിയില്‍ നിന്നും വീട്ടിലേക്ക് വരികയായിരുന്ന ആഇശ സ്റ്റോപ്പില്‍ ഇറങ്ങുന്നതിന് തൊട്ട് മുമ്പാണ് അപകടം സംഭവിച്ചത്. അതുലിന്റെ മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വഴിക്കടവ് മരുത തറവാട് വീട്ടു വളപ്പില്‍ സംസ്‌കരിച്ചു. അപകടത്തില്‍ പരുക്കേറ്റ് മഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള ധന്യയാണ് അതുലിന്റെ മാതാവ്. നകുല്‍ കൃഷ്ണ സഹോദരനാണ്. റഊഫുല്ല, സല്‍മ്മത്ത്, ഷാഹിന, അസ്മാബി, അശ്‌റഫ്, മുനീര്‍ എന്നിവരാണ് മരിച്ച പാത്തുമ്മയുടെ മക്കള്‍. നസീമ, ഹസറത്ത്, ഉമൈമത്ത് എന്നിവര്‍ മരുമക്കളാണ്. ബശീര്‍, അബ്ദുല്‍ അസീസ്, ഇര്‍ഷാദ്, റാഷിദ, നസീമ എന്നിവരാണ് മരിച്ച ആഇശയുടെ മക്കള്‍. ആഇശയുടെ മയ്യത്ത് വൈകീട്ട് ഏഴിന് വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ പൊങ്ങല്ലൂര്‍ സുന്നി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി മയ്യിത്ത് നിസ്‌കാരത്തിന് നേതൃത്വം നല്‍കി.