Connect with us

Kerala

നിലവിളക്ക് വിവാദം: ചേളാരി വിഭാഗത്തില്‍ പൊട്ടിത്തെറി; മുസ്തഫല്‍ ഫൈസിയെ പുറത്താക്കി

Published

|

Last Updated


കോഴിക്കോട് :വിവാദമായ നിലവിളക്ക് കൊളുത്തല്‍ അവസാനം ചേളാരി വിഭാഗത്തില്‍ കത്തിപ്പടര്‍ന്നു. നിലവിളക്ക് കൊളുത്താമെന്ന നിലപാടെടുത്ത യുവജന വിഭാഗം സംസ്ഥാന ജോ. സെക്രട്ടറി എം പി മുസ്തഫല്‍ ഫൈസിയെ ചേളാരി വിഭാഗം സ്ഥാനത്ത് നിന്ന് നീക്കി. നിലവിളക്ക് കത്തിക്കുന്ന വിഷയത്തില്‍ ചേളാരി വിഭാഗത്തില്‍ ഉടലെടുത്ത ഭിന്നതയുടെ തുടര്‍ച്ചയാണ് പുറത്താക്കല്‍. നിലവിളക്ക് കത്തിക്കുന്നതുമായി ബന്ധപ്പെട്ട് ലീഗിലുണ്ടായ വിവാദത്തില്‍ കക്ഷിചേര്‍ന്നാണ് ചേളാരി വിഭാഗത്തില്‍ ഭിന്നതയുണ്ടായതും അവസാനം പൊട്ടിത്തെറിയിലെത്തുന്നതും. കേരളരാഷ്ട്രീയത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട നിലവിളക്ക് വിവാദം അവസാനം ചേളാരി വിഭാഗത്തില്‍ കത്തിപ്പടര്‍ന്നത് ഒരു വിഭാഗം നേതാക്കള്‍ക്കിടയിലും പ്രവര്‍ത്തകര്‍ക്കിടയിലും നിരാശയുണ്ടാക്കിയിട്ടുണ്ട്.
നിലവിളക്ക് വിവാദത്തില്‍ ലീഗ് എം എല്‍ എമാരെ ഉപദേശിക്കാനിറങ്ങിയ ചേളാരി വിഭാഗത്തിന് അവസാനം സ്വന്തം നേതാവിനെ തന്നെ പുറത്താക്കേണ്ട സാഹചര്യമാണുണ്ടായത്. നല്ല കാര്യങ്ങള്‍ തുടങ്ങുന്നതിന് നിലവിളക്ക് കൊളുത്തുന്നത് തെറ്റല്ലെന്ന വാദവുമായി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുസ്തഫല്‍ ഫൈസി രംഗത്തെത്തിയിരുന്നത്. വിദ്യാഭ്യാസമന്ത്രിയുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദത്തില്‍ നിലവിളക്ക് കത്തിക്കല്‍ ഇസ്‌ലാമിക വിരുദ്ധമാണെന്ന് ചേളാരി വിഭാഗം പ്രസിഡന്റ് ആനക്കര കോയക്കുട്ടി മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി ചെറുശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ എന്നിവര്‍ നേരത്തെ പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി യുവജന വിഭാഗത്തിന്റെ മറ്റൊരു നേതാവ് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് നിലവിളക്ക് വിവാദവുമായി ബന്ധപ്പെട്ട് ഈ വിഷയത്തില്‍ വ്യത്യസ്ത നിലപാട് സ്വീകരിച്ച ലീഗ് എം എല്‍ എമാരെ രൂക്ഷമായി അധിക്ഷേപിച്ചും അവരെ താക്കീത് ചെയ്തും ലേഖനമെഴുതുകയും ചെയ്തിരുന്നു.
“നിലവിളക്കില്‍ നില തെറ്റരുത്” എന്ന ദീര്‍ഘമായ ഫേസ് ബുക്ക് കുറിപ്പിലാണ് എം പി മുസ്തഫല്‍ ഫൈസി തന്റെ നിലപാട് പ്രഖ്യാപിച്ചിരുന്നത്. നല്ല കാര്യങ്ങള്‍ തുടങ്ങുന്നതിന്റെ ഭാഗമായി നാട മുറിക്കുക, ബട്ടണമര്‍ത്തി ബോര്‍ഡ് പ്രകാശിപ്പിക്കുക, ബോര്‍ഡിനു മുകളിലെ കവര്‍ശീല മാറ്റുക എന്നിവയോ ഇവക്കു പകരം ഇതേ ലക്ഷ്യത്തിനു മാത്രം നിലവിളക്കോ മറ്റോ കത്തിക്കുന്നതോ തെറ്റല്ല എന്നായിരുന്നു ഫൈസിയുടെ നിലപാട്. എന്നാല്‍ ഇത് ചെയ്യുമ്പോള്‍ ബിസ്മി”ചൊല്ലണമെന്നും ഇദ്ദേഹം വ്യക്തമാക്കിയിരുന്നു. മഹാത്മാക്കളുടെ ജാറങ്ങള്‍ തുടങ്ങിയ പരിശുദ്ധവും അനുഗൃഹീതവുമായ സന്നിധാനങ്ങളില്‍ നിലവിളക്കോ മറ്റോ കത്തിക്കലും അവയുടെ പ്രകാശത്തിലും എണ്ണയിലും അനുഗ്രഹം ആസ്വദിക്കലും തെറ്റല്ല. പകലോ രാത്രിയോ എന്ന വ്യത്യാസം ഇവിടെയില്ല. ഇത് പൂര്‍വകാല സാദാത്തുക്കളും സുന്നത്ത് ജമാഅത്തിന്റെ മഹാന്മാരായ പണ്ഡിതന്മാരും ചെയ്തതും അംഗീകരിച്ചതും മുസ്‌ലിം ലോകത്ത് ഇന്നുവരെ തുടര്‍ന്നു പോരുന്നതുമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതോടെയാണ് നേതാക്കള്‍ക്കിടയില്‍ ഭിന്നത രൂപപ്പെട്ടത്. ഒരേ വിഷയത്തില്‍ തുടര്‍ച്ചയായി നേതാക്കള്‍ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നത് ചേളാരി വിഭാഗം നേതൃത്വത്തിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. ഓണാഘോഷവുമായി ബന്ധപ്പെട്ടും നേരത്തെ ചേളാരി വിഭാഗത്തില്‍ ഭിന്നതയുണ്ടായിരുന്നു. ഓണാഘോഷം അനുവദനീയമാണെന്നും അല്ലെന്നുമുള്ള വ്യത്യസ്ത നിലപാടുകള്‍ വിശദീകരിച്ച ലേഖനങ്ങള്‍ സ്വന്തം പത്രത്തില്‍ തന്നെയാണ് അണികള്‍ വായിക്കേണ്ടി വന്നത്. ഓണാഘോഷവുമായും വ്യത്യസ്ത നിലപാട് സ്വീകരിച്ച ഫൈസിക്ക് പിന്നീട് പത്രം വിലക്കേര്‍പ്പെടുത്തുകയായിരുന്നു. ചേളാരി വിഭാഗത്തില്‍ പുകഞ്ഞു കൊണ്ടിരിക്കുന്ന അസ്വസ്ഥതയാണ് ഭിന്നസ്വരമായും നടപടിയായുമൊക്കെ പുറത്തുവരുന്നത്.

---- facebook comment plugin here -----

Latest