അനാഥ സംരക്ഷണത്തിന് ആവുന്നതെല്ലാം…

Posted on: August 6, 2015 4:21 pm | Last updated: August 6, 2015 at 4:21 pm
SHARE

kannaadi
അനാഥമാക്കപ്പെടുന്ന കുട്ടികള്‍ ലോകത്തിന്റെയാകെ ദുഃഖമാണ്. അവരെ സംരക്ഷിക്കാന്‍ കുറച്ചാളുകള്‍ ഉണ്ടെന്നതാണ് ആശ്വാസം. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ പത്‌നി ശൈഖാ ജൗഹര്‍ ബിന്‍ത് മുഹമ്മദ് അല്‍ ഖാസിമി തുടങ്ങിയവര്‍ അക്കൂട്ടത്തലുണ്ട്.
ശൈഖ് മുഹമ്മദിന്റെ നിര്‍ദേശ പ്രകാരം ദുബൈ വര്‍ഖയില്‍ ഈയിടെ ഫാമിലി വില്ലേജ് അനാഥാലയം തുറന്നു. കിന്റര്‍ഗാര്‍ട്ടനടക്കം വിവിധ സൗകര്യങ്ങള്‍ ഇവിടെ ഏര്‍പ്പെടുത്തി. 20 ഓളം കുട്ടികളാണ് ഇവിടെ എത്തിപ്പെട്ടത്. ‘യു എ ഇയില്‍ അനാഥര്‍ ഒറ്റപ്പെടില്ല. അവര്‍ നമ്മുടെ കുട്ടികളാണ്. അവരെ സംരക്ഷിക്കാന്‍ മതപരമായും ധാര്‍മികമായും ഭരണപരമായും നമുക്ക് ബാധ്യതയുണ്ട്.’- ശൈഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി. മതകാര്യ വകുപ്പിനു കീഴിലാണ് അനാഥാലയം പ്രവര്‍ത്തിക്കുന്നത്. അനാഥരായ കുട്ടികള്‍ക്ക് കുടുംബാന്തരീക്ഷം ഒരുക്കുകയും അവരെ പഠിപ്പിച്ച് വലുതാക്കുകയും ചെയ്യും. ഇവിടെ ഏതാണ്ട് 160 കുട്ടികള്‍ക്ക് താമസിച്ച് പഠിക്കാനുള്ള സൗകര്യമുണ്ട്. മാതൃഭാവങ്ങളുടെ സാമീപ്യമാണ് ഫാമിലി വില്ലേജിനെ വേറിട്ടതാക്കുന്നത്. 16 വില്ലകളില്‍ കുട്ടികളെ പാര്‍പിക്കുന്നു. ഇവരെ സംരക്ഷിക്കാന്‍ മനുഷ്യസ്‌നേഹികള്‍ക്ക് മുന്നോട്ടുവരാം. ഈദ് ആഘോഷിക്കാന്‍ ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ ഈയിടെ 30, 000 ദിര്‍ഹം സംഭാവന ചെയ്തിരുന്നു.
ലോകത്ത് യുദ്ധമുഖങ്ങളില്‍ ഒറ്റപ്പെടുന്ന കുട്ടികള്‍ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മഹതിയാണ് ശൈഖാ ജൗഹര്‍ ബിന്‍ത് മുഹമ്മദ് അല്‍ ഖാസിമി. അഭയാര്‍ഥികള്‍ക്കുവേണ്ടി ബിഗ് ഹാര്‍ട്ട് ഫൗണ്ടേഷന് അവര്‍ നേതൃത്വം നല്‍കുന്നു. അറബ് ലോകത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഏറ്റവും ബാധിക്കുന്നത് കുട്ടികളെയാണെന്ന് അവര്‍ ഓര്‍മപ്പെടുത്തുന്നു.
അനാഥക്കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കലാണ് പ്രധാനം. അവര്‍ സമൂഹത്തിന്റെ പുറമ്പോക്കിലേക്ക് വലിച്ചെറിയപ്പെട്ടുകൂടാ. സിറിയയിലെ ആഭ്യന്തര കലാപം ആറു ലക്ഷം കുട്ടികളെയാണ് അനാഥമാക്കിയത്. അവര്‍ എങ്ങോട്ടു പോകും.?
ശൈഖാ ജൗഹറിന്റെ ബിഗ് ഹാര്‍ട്ട് ഫൗണ്ടേഷനെ ഐക്യരാഷ്ട്ര സഭ അംഗീകരിച്ചിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിയമ വിധേയമായി സഹായം സ്വീകരിക്കാന്‍ കഴിയും. ആയിരക്കണക്കിന് കുഞ്ഞുങ്ങളുടെ കണ്ണീരൊപ്പുന്നതില്‍ ബിഗ് ഹാര്‍ട്ട് ഫൗണ്ടേഷന്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവെക്കുന്നു.
യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ പാരമ്പര്യമാണ് ഇക്കാര്യത്തിലും ഭരണാധികാരികള്‍ മാതൃകയാക്കുന്നത്. ലോകത്ത് ജീവകാരുണ്യ പദ്ധതികള്‍ ധാരാളം നടപ്പാക്കിയ ഭരണാധികാരിയാണ് ശൈഖ് സായിദ്. ഫലസ്തീനിലെ അശരണരെയും അനാഥരെയും സംരക്ഷിക്കാന്‍ ശൈഖ് സായിദ് മുന്‍പന്തിയിലുണ്ടായിരുന്നു. രാജ്യത്തിന്റെ പ്രകൃതി വിഭവങ്ങള്‍ സാമ്പത്തികമായി പിന്നാക്കം നല്‍ക്കുന്നവര്‍ക്കും അവകാശപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. പാവങ്ങളുടെ കണ്ണീരൊപ്പാന്‍ മജ്‌ലിസിന് രൂപം നല്‍കി.
ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഫൗണ്ടേഷന്‍ 80 രാജ്യങ്ങളില്‍ ജീവകാരുണ്യ പരിപാടികള്‍ നടത്തിയിട്ടുണ്ട്. യമനിലും സിറിയയിലും അടിസ്ഥാന സൗകര്യങ്ങള്‍ പുനഃസ്ഥാപിക്കാന്‍ സാമ്പത്തിക സഹായം നല്‍കിവരുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഹജ്ജ് തീര്‍ഥാടനം നടത്താനും ഫൗണ്ടേഷന്‍ ശ്രദ്ധ ചെലുത്തുന്നു.
മനുഷ്യസ്‌നേഹത്തിലധിഷ്ഠിതമായ സമീപനമാണ് യു എ ഇ ഭരണാധികാരികളെ മുന്നോട്ടു നയിക്കുന്നത്.