ഉമ്മു റമൂലിലെ വ്യവസായ മേഖലയില്‍ തീപിടുത്തം

Posted on: August 6, 2015 4:18 pm | Last updated: August 6, 2015 at 4:18 pm
SHARE

ummu ramool ware house
ദുബൈ: ഉമ്മു റമൂലിലെ വ്യവസായ മേഖലയിലെ വെയര്‍ഹൗസുകള്‍ക്ക് തീപിടിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ഇന്നലെ ഉച്ചക്ക് ശേഷമായിരന്നു തീപിടുത്തം. നാലു വെയര്‍ഹൗസുകളാണ് തീപിടുത്തത്തില്‍ നശിച്ചത്. ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല.
അഞ്ച് അഗ്നിശമന സംഘങ്ങളാണ് തീ അണയ്ക്കാന്‍ എത്തിയതെന്ന് സംഭവത്തിന് ദൃസാക്ഷിയായവര്‍ വെളിപ്പെടുത്തി. രണ്ട് വെയര്‍ഹൗസുകള്‍ പൂര്‍ണമായി കത്തിനശിച്ചതായി സമീപത്തെ ഗ്യാരേജില്‍ ജോലിചെയ്യുന്ന ഈജിപ്ഷ്യന്‍ സ്വദേശിയായ മുഹമ്മദ് വ്യക്തമാക്കി. നാലു വെയര്‍ഹൗസുകള്‍ക്ക് തീപിടിച്ചിട്ടുണ്ടെന്നാണ് അറിയാന്‍ സാധിച്ചത്. തെരുവിന്റെ എതിര്‍വശത്ത് തങ്ങളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്നതിനാല്‍ തീപിടുത്തത്തില്‍ നാശം സംഭവിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
വളരെ ഉയരത്തില്‍ തീയും പുകയും ഉയര്‍ന്നതിനാല്‍ ദൂരേ നിന്നേ കാണാവുന്ന സ്ഥിതിയായിരുന്നു. സമീപത്തെ കെട്ടിടങ്ങളിലേക്കും തീപടരുന്ന സാഹചര്യം ഉണ്ടായിരുന്നെങ്കിലും സമയോചിതമായ ഇടപെടല്‍ ഇത് ഒഴിവാക്കി.
ഇവിടങ്ങളില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ ആളുകള്‍ മാറ്റിയിട്ടതിനാല്‍ നാശം കുറയാനും ഇടയാക്കി. ഉച്ചക്ക് 2.20നായിരുന്നു തീപിടുത്തവുമായി ബന്ധപ്പെട്ട് വിവരം ലഭിച്ചതെന്ന് സിവില്‍ ഡിഫന്‍സ് വ്യക്തമാക്കി. ഏറെ ശ്രമപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയതെന്നും അധികൃതര്‍ വിശദീകരിച്ചു.