Connect with us

Alappuzha

ദേശീയപാത വികസനം: സ്‌പെഷ്യല്‍ ഓഫീസുകളുടെ പ്രവര്‍ത്തനം നിലച്ചു; ഭൂമി ഏറ്റെടുക്കല്‍ ഉടനുണ്ടാകില്ല

Published

|

Last Updated

ആലപ്പുഴ: കേരളത്തിലെ റോഡ് വികസനത്തിന് 25,000 കോടി രൂപ അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സന്നദ്ധത അറിയിച്ചതിനെ തുടര്‍ന്ന് ദേശീയപാത വികസനത്തിനാവശ്യമായ ഭൂമി ഉടന്‍ ഏറ്റെടുത്തു നല്‍കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും ഇത് ഈ സര്‍ക്കാറിന്റെ കാലത്ത് യാഥാര്‍ഥ്യമാക്കുക ശ്രമകരമാണ്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട സാമൂഹിക എതിര്‍പ്പുകള്‍ ഏറ്റവുമധികം നേരിടേണ്ടി വന്നത് മുസ്‌ലിം ലീഗായതിനാല്‍ അവരുടെ സമ്മര്‍ദവും ഏതാനും വര്‍ഷം മുമ്പ് ആരംഭിച്ച ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ നിര്‍ത്തിവെക്കാന്‍ സര്‍ക്കാറിനെ നിര്‍ബന്ധിതമാക്കുകയായിരുന്നു. ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുറന്ന സ്‌പെഷ്യല്‍ ഓഫീസുകള്‍ അടച്ചു പൂട്ടാന്‍ ലാന്‍ഡ് റവന്യൂ കമ്മീഷനറുടെ ഉത്തരവിറങ്ങിയത് രണ്ടാഴ്ച മുമ്പാണ്. ഇതനുസരിച്ച് സംസ്ഥാനത്തെ വിവിധ സ്‌പെഷ്യല്‍ ഓഫീസുകളില്‍ ജോലി നോക്കി വന്നിരുന്ന ഇരുനൂറോളം ജീവനക്കാരെ ഞൊടിയിടയില്‍ മറ്റു ഓഫീസുകളിലേക്ക് പുനര്‍വിന്യസിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് ലാന്‍ഡ് റവന്യൂ കമ്മീഷനര്‍ ഇറക്കിയ ഉത്തരവ് ജീവനക്കാര്‍ക്കിടയില്‍ കടുത്ത പ്രതിഷേധത്തിനിടയാക്കുകയും ചെയ്തു.
നിഷ്‌ക്രിയരായ ഉദ്യോഗസ്ഥരെ പുനര്‍വിന്യസിക്കണമെന്ന പ്രയോഗമാണ് ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധം ക്ഷണിച്ചുവരുത്തിയത്. ഉത്തരവിറങ്ങി ദിവസങ്ങള്‍ക്കകം തന്നെ ഇവിടുത്തെ ജീവനക്കാരെ പുനര്‍വിന്യസിക്കുകയും ചെയ്തു. ഡെപ്യൂട്ടി കലക്ടര്‍, ഒരു ക്ലാര്‍ക്ക്, ഒരു ക്ലാസ് ഫോര്‍ ജീവനക്കാരന്‍ എന്നിവരുള്‍പ്പെടെ മൂന്ന് പേരെ നിലനിര്‍ത്താനും ഉത്തരവില്‍ നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ അധികം വൈകാതെ സ്‌പെഷ്യല്‍ ഓഫീസുകള്‍ നിര്‍ത്തലാക്കിക്കൊണ്ട് ഉത്തരവിറങ്ങിയതോടെ ജീവനക്കാരുടെ ഈ മാസത്തെ ശമ്പളവും മുടങ്ങി. ഇന്നലെ വരെ ട്രഷറിയില്‍ ശമ്പള ബില്ലുമായി കയറിയിറങ്ങിയിട്ടും തുടര്‍ച്ചാനുമതി ഉത്തരവ് ഹാരാജാക്കണമെന്നാവശ്യപ്പെട്ട് ശമ്പളം തടയുകയായിരുന്നു. സാഹചര്യങ്ങള്‍ ഇങ്ങിനെയായിരിക്കെ ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നടപ്പാകില്ലെന്ന് തന്നെയാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ദേശീയപാത 17, 47 എന്നിവ 45 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതിനായി സംസ്ഥാനത്തുടനീളം 3,284 ഏക്കര്‍ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. തദ്ദേശസ്ഥാപനങ്ങളിലേക്കുള്ളള തിരഞ്ഞെടുപ്പ് വിളിപ്പാടകലെ എത്തി നില്‍ക്കെ, വീണ്ടും ഭൂമി ഏറ്റെടുക്കല്‍ നടപടിയുമായി മുന്നോട്ട് നീങ്ങുന്നത് രാഷ്ട്രീയ എതിരാളികള്‍ ആയുധമാക്കുമെന്ന തിരിച്ചറിവിലാണ് ലീഗ് കടുത്ത നിലപാടുമായി രംഗത്തെത്തുകയും സ്‌പെഷ്യല്‍ ഓഫീസുകളുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കാന്‍ സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

---- facebook comment plugin here -----

Latest