വിഷരഹിത പഴം പച്ചക്കറി ചന്തയുമായി കര്‍ഷക ജ്യോതി രംഗത്തെത്തുന്നു

Posted on: August 6, 2015 5:21 am | Last updated: August 6, 2015 at 12:21 pm
SHARE

കല്‍പ്പറ്റ: എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തിന്റെയും നബാര്‍ഡിന്റെയും സംയുക്ത സംരംഭമായ കര്‍ഷകജേ്യാതിയുടെയും കുടുംബശ്രീ, സ്വാശ്രയസംഘങ്ങള്‍, ജോയന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍, വേഫാം എന്നിവയുടെയും ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ വിജയപമ്പിന് സമീപം ഈ മാസം 19,20 തീയതികളില്‍ കീടനാശിനി തളിക്കാത്ത വിഷരഹിത പഴം പച്ചക്കറി ചന്ത നടത്തുവാന്‍ കര്‍ഷകജേ്യാതി പ്രോജക്ട് മാനേജ്‌മെന്റ് ഇംപ്ലിമെന്റേഷന്‍ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
ഒരു കാലത്ത് പച്ചക്കറി കൃഷിയില്‍ സ്വയം പര്യാപ്തത ഉണ്ടായിരുന്ന വയനാട് ഇന്ന് പച്ചക്കറികള്‍ക്കായി ആശ്രയിക്കുന്നത് കര്‍ണാടകത്തെയും തമിഴ്‌നാടിനെയുമാണ്. മാരക കീടനാശിനി തളിച്ച് വിഷപൂരിതമായ പച്ചക്കറിയാണ് ഇന്ന് വയനാട്ടില്‍ ലഭിക്കുന്നത്. ഇതുമൂലം വയനാട്ടില്‍ ധാരാളം പേര്‍ കാന്‍സര്‍ രോഗത്തിന് അടിമപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വയനാട്ടുകാരുടെ ആരോഗ്യ സംരക്ഷണത്തിനായി കീടനാശിനി തളിക്കാത്ത വിഷരഹിത പച്ചക്കറി ഉല്‍പാദിപ്പിച്ച് ഉപഭോക്താക്കളിലെത്തിക്കേണ്ടത് അത്യാവശ്യമാണ്.
കര്‍ഷകജേ്യാതിയുടെ ആഭിമുഖ്യത്തില്‍ 2011 മുതല്‍ നെല്‍കൃഷി, ജൈവകൃഷി, ചെലവില്ലാപ്രകൃതികൃഷി, പച്ചക്കറികൃഷി, സൂക്ഷ്മകൃഷി തുടങ്ങിയവയില്‍ കാര്‍ഷിക വിജ്ഞാനവും പരിശീലനവും നല്കി വരുന്നുണ്ട്. കഴിഞ്ഞ ഒരു വര്‍ഷമായി പച്ചക്കറി കൃഷിയിലും സൂക്ഷ്മകൃഷിയിലും പ്രതേ്യകം പരിശീലനം നല്‍കിയിട്ടുണ്ട്. പ്രസ്തുത പരിശീലന പരിപാടിയിലൂടെ പ്രാവീണ്യം നേടിയവര്‍ വയനാടിന്റെ വിവിധ ഭാഗങ്ങളില്‍ കീടനാശിനി തളിക്കാത്ത വിഷരഹിതമായ പച്ചക്കറികള്‍ ഉല്പാദിപ്പിച്ച് മാതൃകകളായിട്ടുണ്ട്. മേല്‍പറഞ്ഞ കര്‍ഷകരെ പ്രോത്സാഹിപ്പിക്കാനും, കീടനാശിനി തളിക്കാത്ത വിഷരഹിതമായ ശുദ്ധമായ പച്ചക്കറികള്‍ ഇടത്തട്ടുകാരുടെ ചൂഷണമില്ലാതെ നേരിട്ട് ഉപഭോക്താക്കളിലെത്തിക്കാനുമാണ് വിഷരഹിത പഴം പച്ചക്കറി ചന്ത നടത്തുവാന്‍ തീരുമാനിച്ചിട്ടുള്ളത്.
പ്രോജക്ട് മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തില്‍ നബാര്‍ഡ് ഡി.ഡി.എം. എന്‍. എസ്. സജികുമാര്‍ അദ്ധ്യക്ഷത വഹിച്ചു. എം. വി. രവീന്ദ്രന്‍, സ്വാമിനാഥന്‍ ഗവേഷണ നിലയം പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഗിരിജന്‍ ഗോപി, ജസ്സിമോള്‍, കുടുംബശ്രീ കോ-ഓര്‍ഡിനേറ്റര്‍ പി. കെ. സുഹൈല്‍, വേഫാം സിക്രട്ടറി പി. എ. സാബു, വാര്‍ധ പ്രസിഡന്റ് കെ. വി. ദിവാകരന്‍, കുടുംബശ്രീ മാസ്റ്റര്‍ഫാര്‍മര്‍ എം. കെ. പ്രകാശിനി, സീനിയര്‍ സയന്റിസ്റ്റ് ഡോ. കെ. പി. സ്മിത, പി. രാമകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കര്‍ഷകജേ്യാതി പരിശീലനം ലഭിച്ച കര്‍ഷകര്‍ പച്ചക്കറികള്‍ ചന്തയില്‍ വില്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ സ്വാമിനാഥന്‍ ഗവേഷണ നിലയവുമായി ബന്ധപ്പെടണം.