ഡി എന്‍ എ: മോദിയെ വിമര്‍ശിച്ച് നിതീഷിന്റെ തുറന്ന കത്ത്

Posted on: August 6, 2015 9:37 am | Last updated: August 6, 2015 at 9:37 am
SHARE

modi-nitish-kumarപാറ്റ്‌ന: തനിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അദ്ദേഹത്തിന് തുറന്ന കത്തെഴുതി. തന്റെ ഡി എന്‍ എയില്‍ എന്തോ കുഴപ്പമുണ്ടെന്ന തരത്തില്‍ മോദി നടത്തിയ പ്രസ്താവന പിന്‍വലിക്കണം എന്നാവശ്യപ്പെടുന്നതാണ് കത്ത്. ട്വിറ്ററിലാണ് ഈ കത്ത് നിതീഷ് കുമാര്‍ പ്രസിദ്ധീകിരിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം ബിഹാറില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് നരേന്ദ്ര മോദി നിതീഷ് കുമാറിനെതിരെ വിവാദ പരാമര്‍ശം നടത്തിയത്. നിതീഷ് കുമാര്‍ തന്നെ മാത്രമല്ല, മഹാദളിതനായ ജിതന്‍ റാം മാഞ്ചിയെ പോലും നിന്ദിച്ചിരിക്കുകയാണെന്നും അത് അദ്ദേഹത്തിന്റെ ഡി എന്‍ എയിലുള്ള കുഴപ്പം കൊണ്ടാണെന്നുമായിരുന്നു മോദിയുടെ പ്രസ്താവന. ജനാധിപത്യത്തിന്റെ ഡി എന്‍ എ ഇങ്ങനെയല്ലെന്നും രാഷ്ട്രീയ ശത്രുക്കളെ പോലും ബഹുമാനിക്കുന്നതാണ് ജനാധിപത്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു. മോദിയുടെ ഈ പ്രസ്താവനക്കെതിരെ അന്നു തന്നെ പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നെങ്കിലും നിതീഷ് കുമാര്‍ ഇത്ര കാര്യമായി പ്രതികരിക്കുന്നത് ഇതാദ്യമാണ്. മോദിയുടെ പ്രസ്താവന വന്ന അന്ന് മുതല്‍ തങ്ങളില്‍ പലരും അസ്വസ്തരാണെന്നും മോദി വീണ്ടും ബിഹാര്‍ സന്ദര്‍ശിക്കാനിരിക്കുന്നതിനാലാണ് തുറന്ന കത്ത് ഇപ്പോള്‍ എഴുതുന്നതെന്നും നിതീഷ് കുമാര്‍ പറയുന്നു. മോദിയുടെ വാക്കുകള്‍ മുറിവേല്‍പ്പിച്ചവര്‍ക്ക് വേണ്ടിയാണ് താന്‍ ഇതെഴുതുന്നതെന്നും ഈയിടെ മാത്രം തുടങ്ങിയ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിതീഷ് കുമാര്‍ പോസ്റ്റ് ചെയ്തു.
ഡി എന്‍ എ പരാമര്‍ശത്തിലൂടെ തന്നെയല്ല, ബീഹാര്‍ ജനതയെയാണ് മോദി അപമാനിച്ചത് എന്നാണ് നിതീഷ് കുമാറിന്റെ വാദം. താന്‍ ബീഹാറിന്റെ പുത്രനാണ്. അതുകൊണ്ടുതന്നെ ബീഹാറിന്റെ ഡി എന്‍ എയാണ് തനിക്കുമുള്ളത്. ബിഹാര്‍ ജനതയെ അപമാനിക്കുന്ന പരാമര്‍ശം മോദി പിന്‍വലിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
അതിനിടെ കത്തിനെ കുറിച്ച് പ്രധാനമന്ത്രി പ്രതികരിക്കുമെന്ന് ബീഹാറില്‍ നിന്നുള്ള കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഒക്‌ടോബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഈ വിഷയം ബി ജെ പിക്കെതിരെ ആയുധമാക്കാനാണ് നിതീഷിന്റെ നീക്കം.