Connect with us

International

മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിക്കെതിരെ വെളിപ്പെടുത്തലുമായി വേശ്യാലയ നടത്തിപ്പുകാരി

Published

|

Last Updated

ലണ്ടന്‍: മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി എഡ്വാര്‍ഡ് ഹീത്ത് തന്റെ ഇടപാടുകാരില്‍ ഒരാളായിരുന്നുവെന്ന് വേശ്യാലയ നടത്തിപ്പുകാരിയുടെ വെളിപ്പെടുത്തല്‍. ഫിലിപ്പൈന്‍കാരിയായ മെറെ ലിങ് ലിങ് ഫോര്‍ഡെ (67)യാണ് ഇക്കാര്യം പുറത്തുവിട്ടത്. സാലിസ്ബറിയില്‍ മുന്‍ പ്രധാനമന്ത്രി എഡ്വാര്‍ഡ് ഹീത്തിന്റെ വസതിക്ക് സമീപത്തായിരുന്നു മെറെ വേശ്യാലയം നടത്തിയിരുന്നതെന്നും, ഈ പരിചയത്തിലൂടെ താന്‍ ചില കാര്യങ്ങള്‍ നേടിയെടുത്തിട്ടുണ്ടെന്നും മെറെ അവകാശപ്പെടുന്നു.
ദി ടെലഗ്രാഫ് പത്രത്തിലാണ് ഈ വാര്‍ത്ത വന്നത്. തനിക്കെതിരെയുണ്ടായിരുന്ന കേസുകള്‍ ഇല്ലാതാക്കാന്‍ അദ്ദേഹവുമായുള്ള പരിചയംകൊണ്ട് സാധിച്ചതായും വാര്‍ത്തയില്‍ പറയുന്നു. തന്നെ കേസില്‍ നിന്നും ഒഴിവാക്കിയില്ലെങ്കില്‍ മുന്‍കാല ബന്ധം പുറത്തുവിട്ട് ഹീത്തിനെ തുറന്നുകാട്ടുമെന്ന് മെറെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
തോറിപാര്‍ട്ടി നേതാവായിരുന്ന ഹീത്തിനെ കളങ്കപ്പെടുത്തുമെന്ന ഭീഷണിയെ തുടര്‍ന്ന് വില്‍ട്‌ഷൈര്‍ പോലീസ് മെറിനെതിരായ കേസ് 1990ല്‍ ഒഴിവാക്കിയിരുന്നതായും റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നു. 1970 മുതല്‍ 74വരെയാണ് ഹിത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്നത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെവെച്ച് വേശ്യാലയം നടത്തിയതിന് മെറെയെ 1995ലും 2009ലും രണ്ട് തവണ അറസ്റ്റ് ചെയ്യുകയും ശിക്ഷിക്കുകയും ചെയ്തിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു മുന്‍ ഡിറ്റക്ടീവിന്റെ പരാതിയെ തുടര്‍ന്ന് വില്‍ട്‌ഷൈര്‍ പോലീസിനെതിരെ ഉന്നയിക്കപ്പെട്ട പരാതികള്‍ അന്വേഷിക്കാന്‍ ഒരു സ്വതന്ത്ര പോലീസ് കംപ്ലൈന്‍സ് കമ്മീഷന്‍ രൂപവത്കരിക്കുകയും ചെയ്തിട്ടുണ്ട്. കമ്മീഷന്റെ നിര്‍ദേശപ്രകാരം ഹീത്തിനെതിരായ ചില പരാതികള്‍ അന്വേഷണവിധേയമാക്കുകയും ചെയ്തിരുന്നു.
1995ലാണ് മെറെ വേശ്യയായതെന്ന് ടെലഗ്രാഫില്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. വായ്പ തിരിച്ചടക്കാന്‍ വഴിതേടിയാണ് വേശ്യാവൃത്തി സ്വീകരിച്ചത്. വീടുകളില്‍ നിന്നും ബാല മന്ദിരങ്ങളില്‍ നിന്നും ഒളിച്ചോടി വരുന്നവരെ പ്രീണിപ്പിച്ചാണ് താന്‍ “ദി ഒറിയന്റല്‍ മസേജ് പാര്‍ലര്‍” എന്ന വേശ്യാലയം പ്രവര്‍ത്തിപ്പിച്ചിരുന്നതെന്ന് ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഈ കേസില്‍ അവര്‍ ശിക്ഷിക്കപ്പെട്ടു.
മുന്‍ പ്രധാനമന്ത്രി ഹീത്ത് ഉള്‍പ്പെട്ട കേസുകള്‍ ബ്രിട്ടീഷ് സേനയുടെ അഞ്ച് വിഭാഗങ്ങള്‍ പ്രത്യേകം പ്രത്യേകമായാണ് അന്വേഷിക്കുന്നതെന്ന് ബി ബി സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Latest