സൈനിക കോടതി സ്ഥാപിക്കാന്‍ പാക് സുപ്രീം കോടതിയുടെ അനുമതി

Posted on: August 6, 2015 6:00 am | Last updated: August 6, 2015 at 9:27 am
SHARE

ഇസ്‌ലാമാബാദ്: തീവ്രവാദ കേസുകളില്‍ വിചാരണ വേഗത്തിലാക്കാന്‍ രാജ്യത്ത് പ്രത്യേക സൈനിക കോടതികള്‍ സ്ഥാപിക്കാനുള്ള വിവാദ നീക്കത്തിനെതിരെ നല്‍കിയ ഹരജി തള്ളിക്കൊണ്ട് പാക്കിസ്ഥാന്‍ സുപ്രീം കോടതി നാഴികക്കല്ലായ വിധി പ്രഖ്യാപിച്ചു. ഭരണഘടന ഭേദഗതിചെയ്തുകൊണ്ട് സൈനിക കോടതി സ്ഥാപിക്കാനുള്ള പാര്‍ലിമെന്റ് നീക്കത്തിനെതിരായ നിരവധി ഹരജികളാണ് ഉന്നതകോടതി തള്ളിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് നാസിറുല്‍ മുല്‍ക് തലവനായ സുപ്രീം കോടതി ബഞ്ച് ആറിനെതിരെ 11 വോട്ടുകള്‍ക്കാണ് പാര്‍ലിമെന്റ് തീരുമാനത്തെ പിന്തുണച്ചത്.
പെഷവാറില്‍ സൈനിക സ്‌കൂളില്‍ താലിബാന്‍ നടത്തിയ കൂട്ടക്കുരുതിയില്‍ 150 പേര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് 21ാമത് ഭേദഗതിയനുസരിച്ച്, 1952ലെ പാക്കിസ്ഥാന്‍ സൈനിക നിയമപ്രകാരം സൈനിക കോടതി രൂപവത്കരിക്കാന്‍ പാര്‍ലിമെന്റ് തീരുമാനിച്ചത്. പ്രവര്‍ത്തനം തുടങ്ങിയ ശേഷം ആറ് വധശിക്ഷകളും ഒരു ജീവപര്യന്തവും വിധിച്ച കോടതിയുടെ പ്രവര്‍ത്തനം എതിര്‍ ഹരജികളെത്തുടര്‍ന്ന് നിര്‍ത്തിവെക്കുകയായിരുന്നു. ഹരജിയില്‍ വാദം കേള്‍ക്കല്‍ ജൂണ്‍ 26ന് പൂര്‍ത്തിയായിരുന്നുവെങ്കിലും വിധിപ്രസ്താവിക്കുന്നത് കോടതി മാറ്റിവെക്കുകയായിരുന്നു. സൈനിക കോടതിക്കെതിരെ 31 ഹരജികളാണ് നിലവിലുണ്ടായിരുന്നത്. ഈ മാസം 16ന് വിരമിക്കാനിരിക്കെ ചീഫ് ജസ്റ്റിസ് മുല്‍ക്ക് പുറപ്പെടുവിച്ച അവസാനത്തെ സുപ്രധാന വിധിപ്രസ്താവമാണിത്. ഇതോടെ തീവ്രവാദ കേസുകള്‍ കൈകാര്യം ചെയ്യാന്‍ സൈനിക കോടതികള്‍ സ്ഥാപിക്കുന്നതിനുള്ള നിരോധം മാറിക്കിട്ടി.