Connect with us

Kerala

കേരളം രാജ്യത്തെ ആദ്യ ബാലസൗഹൃദ സംസ്ഥാനമാക്കുന്നു

Published

|

Last Updated

തിരുവനന്തപുരം: രാജ്യത്തെ ആദ്യ ബാല സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുന്നതിനുള്ള പദ്ധതിക്ക് തുടക്കമായി. കേരള നിയമസഭയുടെ പാര്‍ലമെന്ററി പഠന പരിശീലന കേന്ദ്രം യുനിസെഫുമായി ചേര്‍ന്ന് ആരംഭിക്കുന്ന സംയുക്ത സംരംഭം തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു.
കുട്ടികളുമായി ബന്ധപ്പെട്ട മിക്ക വിഷയങ്ങളിലും കേരളം ഏറെ മുന്നിലാണെന്നും എന്നാല്‍ അല്‍പം കൂടി ശ്രദ്ധിച്ചാല്‍ രാജ്യത്തെ ആദ്യ ബാലസൗഹൃദ സംസ്ഥാനമായി കേരളത്തിന് മാറാന്‍ കഴിയുമെന്നും യുനിസെഫ് കേരള-തമിഴ്‌നാട് ചീഫ് ജോബ് സക്കറിയ. പദ്ധതിയുടെ ധാരണാ പത്രം ജോബ് സക്കറിയയില്‍ നിന്ന് സ്പീക്കര്‍ എന്‍ ശക്തന്‍ ഏറ്റുവാങ്ങി. കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികാരോഗ്യം, പ്രസവത്തിലെ മരണനിരക്ക്, ശിശുമരണ നിരക്ക് എന്നിവയില്‍ കേരളം മികച്ച നിലയിലാണെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിന്റെ ഭാവി കുട്ടികളിലാണെന്ന യാഥാര്‍ഥ്യം മനസ്സിലാക്കി ഇക്കാര്യത്തില്‍ അവബോധം വളര്‍ത്തുന്നതിനുള്ള പദ്ധതികളാണ് യൂനിസെഫും സി പി എസ് ടിയും സംയുക്തമായി നടപ്പിലാക്കുന്നത്.
നിയമസഭാ സമുച്ചയത്തില്‍ നടന്ന ചടങ്ങില്‍ പാര്‍ലമെന്ററി പഠന പരിശീലന കേന്ദ്രം നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ 2015 ബാച്ചിന്റെ പ്രവേശന ഉദ്ഘാടനവും 2014 ബാച്ചിലെ വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും മുഖ്യമന്ത്രി നിര്‍വഹിച്ചു. സ്പീക്കര്‍ എന്‍ ശക്തന്‍ അധ്യക്ഷത വഹിച്ചു. നിയമസഭാ നടപടികളെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള ശ്രമമാണ് പാര്‍ലമെന്ററി പഠന പരിശീലന കേന്ദ്രം നടത്തുന്നതെന്ന് സ്പീക്കര്‍ പറഞ്ഞു.
നിയമസഭാ സാമാജികര്‍, മാധ്യമ പ്രവര്‍ത്തകര്‍, നിയമസഭാ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥര്‍, കുട്ടികളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട നിയമസഭാ സമിതി അംഗങ്ങള്‍ എന്നിവര്‍ക്കായി ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, സെമിനാറുകള്‍, വിദ്യാര്‍ഥികള്‍, നിയമസഭാ സാമാജികര്‍, സവിശേഷ പരിഗണനയര്‍ഹിക്കുന്ന കുട്ടികള്‍ എന്നിവര്‍ക്ക് പഠന സന്ദര്‍ശന പരിപാടികള്‍, കുട്ടികളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങളെ സംബന്ധിച്ച ചര്‍ച്ചകള്‍ എന്നിവ സംയുക്ത സംരംഭത്തിലൂടെ സംഘടിപ്പിക്കും.
മന്ത്രിമാരായ കെ സി ജോസഫ്, പി കെ അബ്ദുറബ്ബ്, സര്‍ക്കാര്‍ ചീഫ്‌വിപ്പ് തോമസ് ഉണ്ണിയാടന്‍, സണ്ണി ജോസഫ് എം എല്‍ എ, നിയമസഭാ സെക്രട്ടറി പി ഡി ശാരംഗധരന്‍ സംസാരിച്ചു.