കാപ്പാട് തീരത്ത് ചെങ്കടല്‍

Posted on: August 6, 2015 5:49 am | Last updated: August 5, 2015 at 11:51 pm
SHARE

red sea kkdകൊയിലാണ്ടി: കാപ്പാട്, വെളളയില്‍ കടല്‍ തീരങ്ങളില്‍ കടല്‍വെള്ളത്തിന് കടുത്ത ചുവപ്പ് നിറം ദൃശ്യമായത് കടലോരവാസികള്‍ക്ക് അത്ഭുതവും ആശങ്കയും പരത്തി. കാപ്പാട് തീരത്ത് ചൊവ്വാഴ്ച വൈകീട്ട് പുലിമുട്ടിന് സമീപത്താണ്് കടല്‍വെളളത്തില്‍ ചുവപ്പ് നിറം കണ്ടത്. ഇന്നലെ രാവിലെ വെള്ളയില്‍ കടപ്പുറത്തും ചുവപ്പ് നിറത്തില്‍ കടല്‍വെളളം കണ്ടു. കടല്‍വെള്ളം കടും ചുവപ്പ് നിറത്തോടെ ഏറെനേരം കാണപ്പെട്ടതായി കടപ്പുറത്തെത്തിയവര്‍ പറയുന്നു. സാധാരണ ഉള്‍ക്കടലില്‍ ചുവപ്പ് വെളളം കാണാമെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ഇത് ആദ്യമായാണ് തീരത്ത് ചുവപ്പ് വെളളം കാണുന്നത്. അതേസമയം, ഇത്തരം പ്രതിഭാസം മുമ്പും ഉണ്ടായിട്ടുള്ളതായി പ്രദേശവാസികളില്‍ ചിലര്‍ പറയുന്നുണ്ട്. എന്നാല്‍, വിദഗ്ധരുടെ ഭാഗത്തു നിന്നും സ്ഥിരീകരിക്കപ്പെട്ട കണ്ടെത്തലുകളൊന്നും ഇക്കാര്യത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല.
ഇക്കഴിഞ്ഞ ജൂണ്‍, ജൂലൈ മാസങ്ങളില്‍ സംസ്ഥാനത്തെ തീരപ്രദേശങ്ങളിലെ ചെടികളുടെ ഇലകള്‍ കരിഞ്ഞുണങ്ങിയ നിലയില്‍ കാണപ്പെട്ടതിനെ തുടര്‍ന്നുണ്ടായ ആശങ്ക അകലും മുന്‍പാണ് കടല്‍ വെള്ളത്തിന് ഇത്തരമൊരു നിറംമാറ്റം ഉണ്ടായിരിക്കുന്നത്. കടലില്‍ ഉണ്ടാകുന്ന ഇത്തരം അപൂര്‍വ പ്രതിഭാസങ്ങളെ ആശങ്കയോടെയാണ് തീരദേശ വാസികള്‍ കാണുന്നത്.