ധനവകുപ്പിനെതിരെ ആഞ്ഞടിച്ച് പി എസ് സി

Posted on: August 6, 2015 6:00 am | Last updated: August 5, 2015 at 11:47 pm
SHARE

pscതിരുവനന്തപുരം: പി എസ് സിയുടെ ദൈനംദിന നടപടികളെ പ്രതിസന്ധിയിലാക്കിയ പി എസ് സി- സര്‍ക്കാര്‍ ഏറ്റമുട്ടല്‍ അവസാനിപ്പിക്കുന്നതിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇടപെടുന്നു. ധനകാര്യ വകുപ്പ് ഏര്‍പ്പെടുത്തിയ സാമ്പത്തിക നിയന്ത്രണം നീക്കണമെന്ന് ആവശ്യപ്പെട്ട് ചെയര്‍മാന്റെ നേതൃത്വത്തില്‍ പി എസ് സി അംഗങ്ങള്‍ മുഖ്യമന്ത്രിയെ കണ്ടു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെത്തിയായിരുന്നു കൂടിക്കാഴ്ച. പി എസ് സിയുടെ കാര്യക്ഷമതയില്‍ വിശ്വാസമുണ്ടെന്നും പ്രശ്‌നം അടിയന്തരമായി പരിഹരിക്കുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
സാമ്പത്തിക സ്ഥിതിയെ കുറിച്ച് പഠിച്ച പി എസ് സി ഉപസമിതിയുമായി ഇന്ന് മുഖ്യമന്ത്രി ചര്‍ച്ച നടത്തും. കൂടുതല്‍ ഫണ്ട് അനുവദിക്കണമെന്നും നിയന്ത്രണം പി എസ് സിയുടെ പ്രവര്‍ത്തനം സ്തംഭിപ്പിക്കുമെന്നും കൂടിക്കാഴ്ചയില്‍ പി എസ് സി അംഗങ്ങള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. 2014 സാമ്പത്തിക വര്‍ഷത്തെ സി എ ജി റിപ്പോര്‍ട്ടും ഉപസമിതി റിപ്പോര്‍ട്ടും ഉള്‍പ്പെടെയുള്ള രേഖകളുമായാണ് പി എസ് സി അംഗങ്ങള്‍ മുഖ്യമന്ത്രിയെ കണ്ടത്.
പി എസ് സിയുടെ പ്രവര്‍ത്തനത്തില്‍ കൈകടത്താനുള്ള ധനവകുപ്പിന്റെ നീക്കത്തിനെതിരെ പി എസ് സി ചെയര്‍മാന്‍ രൂക്ഷ വിമര്‍ശവുമായി രംഗത്തുവന്നു. കമ്മീഷന്‍ ഒരു ഭരണഘടനാ സ്ഥാപനമാണെന്നും ഈ സ്ഥാപനത്തില്‍ പരിശോധന നടത്താന്‍ ധനകാര്യവകുപ്പിന് അധികാരമില്ലെന്നും പി എസ് സി ചെയര്‍മാന്‍ ഡോ. കെ എസ് രാധാകൃഷ്ണന്‍ പറഞ്ഞു. പി എസ് സിയില്‍ ധനകാര്യ വിഭാഗത്തിന്റെ അന്വേഷണത്തിന് ഉത്തരവ് നല്‍കിയിട്ടില്ലെന്നാണ് മുഖ്യമന്ത്രി ചര്‍ച്ചയില്‍ പറഞ്ഞത്. ഇത് സംബന്ധിച്ച് ധനകാര്യ വിഭാഗം ഇറക്കിയ ഉത്തരവ് ദുരുദ്ദേശ്യപരവും തെറ്റിദ്ധാരണാജനകവും വസ്തുതാവിരുദ്ധവുമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഭരണഘടനാ സ്ഥാപനങ്ങളുടെ സാമ്പത്തിക ക്രയവിക്രിയങ്ങള്‍ സംബന്ധിച്ച് പരിശോധന നടത്താന്‍ ഭരണഘടന ചുമതലപ്പെടുത്തിയിട്ടുള്ളത് കംപ്‌ട്രോളര്‍ ഓഫ് ഓഡിറ്റര്‍ ജനറലിനെയാണ്. ഇതില്‍ എ ജി 2014 ഒക്‌ടോബര്‍ വരെ നടത്തിയ ഓഡിറ്റിംഗില്‍ പി എസ് സിയുടെ സാമ്പത്തിക ഇടപാടില്‍ ഒരു തെറ്റും കണ്ടെത്തിയിട്ടില്ല. കമ്മീഷന്റെ പ്രവര്‍ത്തനം സുഗമമായി നടത്തുന്നതിന് ആവശ്യമായ എല്ലാ സാമ്പത്തിക സഹായവും ഉടന്‍ അനുവദിക്കുമെന്നു മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. കമ്മീഷന്റെ കാര്യക്ഷമതയിലും കൃത്യതയിലും സര്‍ക്കാര്‍ പൂര്‍ണ വിശ്വാസം രേഖപ്പെടുത്തിയിട്ടുണ്ട്.
കമ്മീഷന്‍ 5.73 കോടി രൂപ അനധികൃതമായി വകമാറ്റി ചെലവ് ചെയ്തുവെന്നാണ് പ്രധാന ആരോപണം. എന്നാല്‍ വകമാറ്റലിനുള്ള സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 9.6 കോടി രൂപയുടെ അനുമതി നല്‍കിയിരുന്നു. ഇത് മറച്ചുവെച്ചാണ് ദുരുദ്ദേശ്യത്തോടെ ധനകാര്യ വിഭാഗം ഉത്തരവിറക്കിയത്. പത്ത് കോടി അധിക ഗ്രാന്റായി അനുവദിച്ചുവെന്ന പരാമര്‍ശവും ശരിയല്ല. രണ്ട് കോടി മാത്രമാണ് അനുവദിച്ചതെന്നും ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here