Connect with us

Editorial

പാര്‍ലിമെന്റ് സ്തംഭനം ഒഴിവാക്കണം

Published

|

Last Updated

പാര്‍ലിമെന്റ് സ്തംഭനം ഒരു പതിവ് ചടങ്ങായി മാറിയിരിക്കയാണ്. ഏതാനും വര്‍ഷങ്ങളായി പ്രതിപക്ഷ ബഹളം കാരണം ദിവസങ്ങളോളം സഭാനടപടികള്‍ തടസ്സപ്പെടാത്ത ഒരൊറ്റ പാര്‍ലിമെന്റ് സമ്മേളനവും കഴിഞ്ഞുപോയിട്ടില്ല. തെലങ്കാന പ്രശ്‌നത്തെ ചൊല്ലിയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ സമ്മേളനം അലങ്കോലമായത്. കയ്യാങ്കളി, കുരുമുളക്‌പൊടി പ്രയോഗം, ആത്മഹത്യാശ്രമം, കത്തിചൂണ്ടല്‍ എന്നിങ്ങനെയുള്ള ഗുണ്ടായിസങ്ങളാണ് അന്ന് ചില അംഗങ്ങള്‍ സഭയില്‍ കാണിച്ചത്. ഭക്ഷ്യസംസ്‌കരണ സഹമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതിയുടെ വര്‍ഗീയ പരാമര്‍ശത്തെ ചൊല്ലി കഴിഞ്ഞ ശീതകാല സമ്മേളനവും ദിവസങ്ങളോളം തടസ്സപ്പെട്ടു. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ശീതകാല സമ്മേളനവും സഭാനടപടികള്‍ മുന്നോട്ട് കൊണ്ടുപോകാനാകാത്ത വിധം പ്രക്ഷുബ്ധമാണ്. ലോക്‌സഭാ സ്പീക്കര്‍ 25 കോണ്‍ഗ്രസ് എം പിമാരെ പുറത്താക്കുക കൂടി ചെയ്തതോടെ അന്തരീക്ഷം കൂടുതല്‍ കലുഷിതമായി.
ലളിത് മോദി വിവാദത്തില്‍പ്പെട്ട വിദേശമന്ത്രി സുഷമ സ്വരാജും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയും, വ്യാപം അഴിമതിയില്‍പ്പെട്ട മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്‌സിംഗ് ചൗഹാനും രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് നിലവില്‍ പ്രതിപക്ഷം സഭാ നടപടികള്‍ തടസ്സപ്പെടുത്തുന്നത്. പ്രശ്‌നത്തെക്കുറിച്ച് ചര്‍ച്ചക്ക് സര്‍ക്കാര്‍ സന്നദ്ധമാണെങ്കിലും അഴിമതിക്കാര്‍ രാജിവെച്ചിട്ടു മതി ചര്‍ച്ചയെന്നതാണ് പ്രതിപക്ഷത്തിന്റെ നിലപാട്. രാജിക്ക് സന്നദ്ധമല്ലെന്ന് ഭരണപക്ഷവും. പ്രതിപക്ഷത്തിന്റെ ആവശ്യം തികച്ചും ന്യായമാണ്. എങ്കിലും പാര്‍ലിമെന്റ് സ്തംഭനമാണോ ഇതിനുള്ള ഏകമാര്‍ഗം? രാജ്യത്തെയും ജനങ്ങെളയും ബാധിക്കുന്ന സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട വിലപ്പെട്ട സമയമാണ് ഇതുമൂലം പാഴാകുന്നത്. സഭാസ്തംഭനം വരുത്തിവെക്കുന്ന സാമ്പത്തിക നഷ്ടവും ഭീമമാണ്. പാര്‍ലിമെന്ററികാര്യ മന്ത്രി പവന്‍കുമാര്‍ കഴിഞ്ഞ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിച്ച കണക്കനുസരിച്ച് ലോക്‌സഭ ഒരു മണിക്കൂര്‍ ചേരുന്നതിന് ഒന്നരക്കോടി രൂപയും രാജ്യസഭ ഒരു മണിക്കൂര്‍ ചേരുന്നതിന് 1.01 കോടിയുമാണ് ചെലവ്. ഒരു ദിവസത്തെ സമ്മേളന സമയം ആറ് മണിക്കൂറാണ്. ഇതനുസരിച്ച് ലോക്‌സഭാ സ്തംഭനം മൂലം ദിനംപ്രതി പൊതുഖജനാവിന്റെ നഷ്ടം ഒമ്പത് കോടി വരും. പാവപ്പെട്ട നികുതിദായകരാണ് ഈ ഭാരിച്ച നഷ്ടം സഹിക്കേണ്ടത്. ജനങ്ങളോടും ജനാധിപത്യ വ്യവസ്ഥിതിയോടുമുള്ള നെറികേടും അവഹേളനവുമാണിത്.
സഭാസ്തംഭനത്തിന്റെ പേരില്‍ 25 പ്രതിപക്ഷ അംഗങ്ങളെ ഒറ്റയടിക്ക് സസ്‌പെന്‍ഡ് ചെയ്ത സ്പീക്കറുടെ നടപടിയും ന്യായീകരിക്കത്തക്കതല്ല. പ്രതിപക്ഷവുമായുള്ള ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കുകയായിരുന്നു അവര്‍ ചെയ്യേണ്ടിയിരുന്നത്. സഭ സുഗമമായി നടത്തുന്നതിന് അംഗങ്ങള്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കാന്‍ സ്പീക്കര്‍ക്ക് അധികാരമുണ്ടെങ്കിലും അത് ജനാധിപത്യ രീതിയിലായിരിക്കണം. ലോക്‌സഭയിലെ ഭൂരിപക്ഷത്തിന്റെ ബലത്തില്‍ പ്രതിഷേധശബ്ദത്തെ, അടിച്ചമര്‍ത്തുന്നത് ശരിയായ രീതിയല്ല. ബി ജെ പിക്ക് ഇത്തരമൊരു നടപടിക്ക് ഒട്ടും അര്‍ഹതതയുമില്ല. കോണ്‍ഗ്രസ് സര്‍ക്കാറിന്റെ കാലത്ത് കല്‍ക്കരി, സ്‌പെക്ട്രം തുടങ്ങിയ അഴിമതി ആരോപണങ്ങളെ ചൊല്ലി ആഴ്ചകളോളം സഭകള്‍ സ്തംഭിപ്പിച്ച കക്ഷിയാണ് ബി ജെ പി. സ്‌പെക്ട്രം അഴിമതിക്കെതിരെ നടന്ന പ്രതിഷേധത്തില്‍ 2010ലെ പാര്‍ലിമെന്റ് ശീതകാല സമ്മേളനം ഒരു നടപടിയിലേക്കും കടക്കാനാകാതെ പിരിയേണ്ടിവന്നു. സ്വതന്ത്ര ഇന്ത്യയുടെ പാര്‍ലിമെന്ററി ചരിത്രത്തില്‍ ആദ്യമായിരുന്നു ഇങ്ങനെയൊരു സംഭവം. മാത്രമല്ല സഭാസ്തംഭനം പാര്‍ലിമെന്റ് രീതിയില്‍ പെട്ടതാണെന്ന വാദത്തിലൂടെ തങ്ങളുടെ പ്രവൃത്തിയെ ന്യായീകരിക്കുകയും ചെയ്തിരുന്നു അന്ന് സുഷമാ സ്വരാജ് ഉള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കള്‍.
പാര്‍ലിമെന്റ് തുടര്‍ച്ചയായി അലങ്കോലപ്പെടുന്ന സ്ഥിതിവിശേഷം തുടരാന്‍ അനുവദിച്ചു കൂടാ. സര്‍വകക്ഷി യോഗത്തിലൂടെയാണ് ഇതിന് പരിഹാരം കാണേണ്ടത്. സഭാസ്തംഭനം ഒരു അജന്‍ഡയായി കാണുന്ന പ്രതിപക്ഷ നിലപാടും ഭൂരിപക്ഷത്തിന്റെ ഹുങ്കില്‍ പ്രതിപക്ഷത്തിന്റെ ആവശ്യങ്ങളോട് നിഷേധാത്മക സമീപനം സ്വീകരിക്കുന്ന സര്‍ക്കാര്‍ നിലപാടും മാറ്റിവെച്ച് ജനങ്ങളോടും രാജ്യത്തോടുമുള്ള കടപ്പാട് മുന്നില്‍ കണ്ടുള്ള ചര്‍ച്ചയാണ് ആവശ്യം. സഭാനടപടികള്‍ നിയന്ത്രിക്കുന്ന സ്പീക്കര്‍ക്ക് വിഷയത്തില്‍ കൂടുതല്‍ ഉത്തരവാദിത്വമുണ്ട്. അവര്‍ ഭരണമുന്നണിയുടെ ചട്ടുകമായി മാറാതെ നിഷ്പക്ഷമയി കാര്യങ്ങള്‍ കൈകാര്യം ചെയ്യണം. സഭയില്‍ സ്വതന്ത്രവും അര്‍ഥപൂര്‍ണവുമായ സംവാദവും ഉറപ്പുവരുത്തി ഇരുവിഭാഗത്തിന്റെയും വിശ്വാസം ആര്‍ജിക്കുകയും വേണം.