Connect with us

Articles

'ആയുഷ്': പാരമ്പര്യചികിത്സക്കുള്ള ആദരവ്

Published

|

Last Updated

ആയുഷ് വകുപ്പ് യാഥാര്‍ഥ്യമായതോടെ പാരമ്പര്യ ചികിത്സ ആദരിക്കപ്പെടുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ആയിരങ്ങളെ സാക്ഷി നിര്‍ത്തി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വകുപ്പിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചപ്പോള്‍ സ്വപ്‌ന സാക്ഷാത്കാരത്തിന്റെ അസുലഭാവസരമായി മാറി. തിരുവനന്തപുരം സെനറ്റ് ഹാളില്‍ ഇന്നലെ വൈകുന്നേരമായിരുന്നു ചടങ്ങ്. ആയുര്‍വേദം, യുനാനി, യോഗ-പ്രകൃതി ചികിത്സ, സിദ്ധ, ഹോമിയോപ്പതി ചികിത്സാ സമ്പ്രദായങ്ങളുടെ സമന്വിതരൂപമാണ് ആയുഷ്. ഈ മേഖലയില്‍ നിന്നുള്ള വിദ്യാര്‍ഥികളും വിദഗ്ധരും ഉദ്ഘാടന ചടങ്ങിന് സാക്ഷിയാകാനെത്തിയിരുന്നു. ഇന്ത്യയില്‍ ആയുഷ് വകുപ്പ് രൂപവത്കരിക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് കേരളം. ഹിമാചല്‍പ്രദേശും രാജസ്ഥാനിലുമാണ് നിലവില്‍ ഈ വകുപ്പുള്ളത്.
ആഗോള തലത്തില്‍ തന്നെ ആയുഷ് ചികിത്സയുടെ പ്രസക്തി വര്‍ധിച്ച ഘട്ടത്തിലാണ് സംസ്ഥാന സര്‍ക്കാറിന്റെ ഈ ചുവട് വെപ്പ്. ശാസ്ത്രീയമായ ആരോഗ്യസംരക്ഷണത്തിന്, രോഗം ബാധിച്ച് ചികിത്സിക്കുന്നതിനേക്കാള്‍ പ്രാധാന്യമുണ്ടെന്ന തിരിച്ചറിവാണ് ആയുഷിന്റെ ജനപ്രീതിക്ക് നിദാനം.
രോഗ-പ്രതിരോധ ചികിത്സാമേഖല ശക്തമാക്കുക, ആയുഷ് രംഗത്തെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുക, ഔഷധങ്ങളുടെ ഗുണമേന്മ മെച്ചപ്പെടുത്തുക, ഔഷധസസ്യങ്ങളുടെ ലഭ്യത വര്‍ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് വകുപ്പ് രൂപവത്കരിച്ചിരിക്കുന്നത്. ആരോഗ്യപൂര്‍ണമായ ജീവിതത്തിനുതകുന്ന ജീവിതചര്യകള്‍, ശീലങ്ങള്‍, ആഹാരരീതികള്‍ മുതലായ കാര്യങ്ങള്‍ സവിസ്തരം പ്രതിപാദിക്കുന്ന ആയുര്‍വേദം, രോഗപ്രതിരോധത്തിനാണ് ഊന്നല്‍ നല്കുന്നത്. ഓരോ വ്യക്തിയും ശാരീരിക-മാനസികസ്ഥിതിയനുസരിച്ച്, ആരോഗ്യം നിലനിര്‍ത്തുന്നതിന്, അല്ലെങ്കില്‍ ആരോഗ്യം ആര്‍ജിക്കുന്നതിന് എന്തെല്ലാം അനുഷ്ഠിക്കണമെന്ന് വിശദമായി പ്രതിപാദിക്കുന്ന ഉദാത്തമായ ശാസ്ത്രമാണ് ഇത്. പാര്‍ശ്വഫലങ്ങള്‍ വളരെ പരിമിതമായ ആയുര്‍വേദചികിത്സക്ക്, ഒരു രോഗത്തെ ചികിത്സിക്കുമ്പോള്‍ മറ്റു രോഗങ്ങള്‍ ഉണ്ടാകരുതെന്ന് നിര്‍ബന്ധമുണ്ട്. ഈ ചികിത്സാശാസ്ത്രത്തിന്റെ അനന്ത സാധ്യകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും കേരളത്തെ അതിന്റെ തലസ്ഥാനമാക്കുന്നതിനുമുള്ള കര്‍മ പരിപാടികളാണ് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിവരുന്നത്. സമ്പൂര്‍ണ ആയുര്‍വേദ സംസ്ഥാനമെന്ന ലോകൈക പദവിയിലേക്കെത്താന്‍ കേരളത്തിന് ഇനി കുറച്ചുദൂരം മാത്രമേ മുന്നേറേണ്ടതുള്ളു.
ഭാരതീയ ചികിത്സാവകുപ്പ്, ആയുര്‍വേദവിദ്യാഭ്യാസവകുപ്പ്, ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം, ദേശീയ ആരോഗ്യ ദൗത്യത്തിനുള്ള സ്ഥാപനങ്ങള്‍ എന്നിങ്ങനെ കേരളത്തിന്റെ ആയുര്‍വേദമേഖലയിലെ സര്‍ക്കാര്‍ സംവിധാനം വിപുലമാണ്. 17 മെഡിക്കല്‍ കോളജുകളും (ഗവണ്‍മെന്റ് 3, എയിഡഡ് 2, സ്വാശ്രയം 12), 125 ഗവണ്‍മെന്റാശുപത്രികളും, 1,019 ഡിസ്‌പെന്‍സറികളും (ഗവണ്‍മെന്റ് 807; എന്‍ എച്ച് എം 202), 18 ഗവ. സബ്‌സെന്ററുകളും ആയുര്‍വേദരംഗത്ത് പ്രവര്‍ത്തിക്കുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം അഭൂതപൂര്‍വമായ വികസനപ്രവര്‍ത്തനമാണ് ഈ രംഗത്തുണ്ടായത്. 77 ഡിസ്‌പെന്‍സറികള്‍ ആരംഭിക്കുകയും ഒന്‍പത് ആശുപത്രികള്‍ അപ്‌ഗ്രേഡ് ചെയ്യുകയുമുണ്ടായി. ഇവയിലേക്ക് 437 തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തി.
ഗവേഷണത്തിന് മാത്രമായി കോട്ടക്കലില്‍ ആയുര്‍വേദ യുനിവേഴ്‌സിറ്റിയും ആരോഗ്യ സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് റിസര്‍ച്ചിനു കീഴില്‍ തൃപ്പൂണിത്തുറയില്‍ ആയുര്‍വേദ ഫണ്ടമെന്റല്‍ റിസര്‍ച്ച് സെന്ററും ആരംഭിക്കാനിരിക്കെ ഇതിന് മാത്രമായി ഒരു വകുപ്പ് വരുന്നത് ഈ മേഖലക്ക് ഊര്‍ജം പകരും. പ്രകൃതിക്ക് ഏറ്റവും അനുയോജ്യമായ ചികിത്സാ സമ്പ്രദായമെന്ന ഖ്യാതി നേടിയ യുനാനിയും ആയുഷ് വകുപ്പിന് കീഴിലാണ്. സകല ശാസ്ത്രങ്ങളുടെയും തത്വചിന്തയുടെയും മക്കയെന്ന് അറിയപ്പെടുന്ന ഗ്രീക്കില്‍ നിന്നാണ് ഈ വൈദ്യശാസ്ത്രത്തിന്റെ പിറവി. മുഗള്‍ കാലഘട്ടത്തിലാണ് യുനാനി ചികിത്സാരീതി ഇന്ത്യയിലേക്ക് വരുന്നത്. ബ്രിട്ടീഷുകാരുടെ കാലത്ത് ഇന്ത്യയുടെ തനതായ പല പൈതൃകങ്ങളും നാശോന്മുഖമായപ്പോള്‍ യൂനാനി ചികിത്സാരീതിയും പിറകോട്ടടിച്ചു. സ്വാതന്ത്ര്യ സമര സേനാനിയും ഗാന്ധിജിയുടെ ഉറ്റമിത്രവുമായിരുന്ന ഹകീം അജ്മല്‍ ഖാന്‍ ആണ് ഇന്ത്യയില്‍ ഈ ശാഖക്ക് ഒരു പുനരുദ്ധാരണവും മേല്‍വിലാസവും നേടിക്കൊടുത്തത്.
ഇന്ന് ഇന്ത്യയില്‍ അമ്പതോളം യുനാനി മെഡിക്കല്‍ കോളജുകളിലായി ബിരുദവും ബിരുദാനന്തര ബിരുദവും (എം ഡി) പഠിപ്പിക്കുന്നുണ്ട്. വികസനത്തിന്റെ കേരള മോഡല്‍ പക്ഷേ, യുനാനിയുടെ കാര്യത്തില്‍ നേരെ തിരിച്ചായതിന് നിരവധി കാരണങ്ങളുണ്ടാകാം. കേരളത്തില്‍ കാസര്‍കോഡ് മൊഗ്രാല്‍ പുത്തൂരില്‍ സര്‍ക്കാര്‍ യുനാനി ഡിസ്‌പെന്‍സറി പ്രവര്‍ത്തിക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 15 എന്‍ എച്ച് എം യുനാനി ഡിസ്‌പെന്‍സറികളും പ്രവര്‍ത്തിക്കുന്നു. സ്വാശ്രയ മേഖലയിലെ ആദ്യ യൂനാനി മെഡിക്കല്‍ കോളജ് കാരന്തൂര്‍ മര്‍ക്കസിന് കീഴില്‍ യാഥാര്‍ഥ്യമായിക്കഴിഞ്ഞു.
യോഗക്കും പ്രകൃതിചികിത്സക്കും അര്‍ഹമായ സ്ഥാനം ആയുഷ് വതുപ്പിലൂടെ ലഭിക്കും. അമേരിക്ക, ഇംഗ്ലണ്ട്, ജര്‍മനി മുതലായ രാജ്യങ്ങളില്‍ പണ്ടുമുതല്‍ക്കുതന്നെ പ്രകൃതി ചികിത്സാ രീതിക്ക് വമ്പിച്ച പ്രചാരം സിദ്ധിച്ചിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ഇതിന് പുത്തനുണര്‍വുണ്ടായത് മഹാത്മാ ഗാന്ധി ഈ ശാസ്ത്രത്തിന്റെ വക്താവായ കാലം മുതല്‍ക്കാണ്.
ഭാരതത്തിലെ ആദ്യത്തെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പ്രകൃതിചികിത്സാകേന്ദ്രം ആരംഭിച്ചത് കേരളത്തിലാണെന്നതും ഈ സമയത്ത് ഓര്‍ക്കേണ്ടതുണ്ട്. അതിപ്രാചീന കാലം മുതല്‍ പ്രചാരത്തിലുള്ള സിദ്ധവൈദ്യമാണ് വകുപ്പിന് കീഴില്‍ വരുന്ന മറ്റൊന്ന്. ദക്ഷിണഭാരതത്തില്‍ പ്രത്യേകിച്ചും തെക്കന്‍ കേരളത്തിലും തമിഴ്‌നാട്ടിലുമാണ് ഈ ചികില്‍സാ ശാസ്ത്രം വളര്‍ന്ന് വികസിച്ചത്. ഇന്ത്യയില്‍ എട്ട് സിദ്ധ മെഡിക്കല്‍ കോളജുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന ഇവയില്‍ ഏഴ് എണ്ണം തമിഴ്‌നാട്ടിലാണ്. സിദ്ധവൈദ്യശാസ്ത്രം ഇംഗ്ലീഷ് ഭാഷയില്‍ പഠിപ്പിക്കുന്ന ആദ്യത്തെ കോളജാണ് തിരുവനന്തപുരത്തെ ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളജ്. കേരളത്തില്‍ സിദ്ധ ചികില്‍സാ വിഭാഗത്തില്‍ ഒരു ഗവണ്‍മെന്റ് ആശുപത്രിയും 8 ഗവണ്‍മെന്റ് ഡിസ്‌പെന്‍സറികളും 28 എന്‍ എച്ച് എം ഡിസ്‌പെന്‍സറികളും പ്രവര്‍ത്തിച്ചുവരുന്നു.
സുരക്ഷിതവും ലളിതവും ചെലവു കുറഞ്ഞതുമായ ശാസ്ത്രീയ ചികിത്സാസമ്പ്രദായമാണ് ഹോമിയോപ്പതി. ലോകജനത സ്വീകരിച്ച ചികിത്സാരീതികളില്‍ ഇതിന്റെ സ്ഥാനം അലോപ്പതിക്ക് തൊട്ടുപിറകെയാണ്. സംസ്ഥാനത്തിന്റെ ആരോഗ്യമേഖലയില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കാവുന്ന ഒട്ടേറെക്കാര്യങ്ങളാണ് ഹോമിയോപ്പതിരംഗത്ത് ചെയ്തുവരുന്നത്. 5 മെഡിക്കല്‍ കോളേജുകളും (ഗവണ്‍മെന്റ് 2, എയിഡഡ് 3), 33 ഗവണ്‍മെന്റാശുപത്രികളും, 1,109 ഡിസ്‌പെന്‍സറികളും 17 ഗവ. സബ്‌സെന്ററുകളും ഹോമിയോരംഗത്ത് പ്രവര്‍ത്തിക്കുന്നു.

Latest