യോഗ: അഭ്യാസവും ആഭാസവും

Posted on: August 6, 2015 6:00 am | Last updated: August 5, 2015 at 11:40 pm
SHARE

പാരമ്പര്യം ഒരേസമയം പോഷണവും പാഷാണവും ആകുന്നതെങ്ങനെ എന്ന് മുന്‍ ലേഖനത്തില്‍ സൂചിപ്പിച്ചിരുന്നു. ഭാരതീയ പാരമ്പര്യങ്ങളെ പോഷണവത്കരിക്കാനല്ല പാഷാണവത്കരിക്കാനാണ് മോദി സര്‍ക്കാര്‍ കിട്ടിയ ആദ്യത്തെ അവസരം തന്നെ ഉപയോഗിക്കുന്നത്. ഏറ്റവും ഒടുവിലായി ഈ രംഗത്തുയര്‍ന്നുവന്ന വിവാദം യോഗയെ ഭാരതീയ പാരമ്പര്യത്തിന്റെ ഉദാത്ത മാതൃകയായി മാര്‍ക്കറ്റ് ചെയ്യാന്‍ നടത്തിവരുന്ന ശ്രമം ആണ്. ഇതിന്റെ ഭാഗമായി അന്തര്‍ദേശീയ യോഗാദിനം ആചരിക്കുന്നതും യോഗയെ സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമെന്ന നിലയില്‍ നിര്‍ബന്ധിതമാക്കാനുള്ള പുറപ്പാടും പല കേന്ദ്രങ്ങളില്‍ നിന്നും വിമര്‍ശവിധേയമാകുകയുണ്ടായി. പുതുമയുടെ മലവെള്ളപ്പാച്ചിലില്‍ പഴമയോടുള്ള ആകര്‍ഷണവും ആരാധനയും മനുഷ്യരുടെ ഉപബോധമനസ്സില്‍ വര്‍ധിച്ചുവരുന്നത് സ്വാഭാവികമാണ്. എല്ലാ പ്രശ്‌നങ്ങള്‍ക്കും ഒറ്റയടിക്കു പരിഹാരം കാണാവുന്ന ലളിതവത്കരിക്കപ്പെട്ട സിദ്ധാന്തങ്ങള്‍ക്കു വേണ്ടിയാണ് നമ്മുടെ കാലത്തെ മനുഷ്യര്‍ കാതുകൂര്‍പ്പിച്ചിരിക്കുന്നത്. കേട്ടപാടെ വിശ്വസിക്കുക, ഉപരിആലോചനകള്‍ക്കും ചിന്തകള്‍ക്കും ഒക്കെ മനുഷ്യനെവിടെ സമയം? ഏതു വിഷയത്തിലും കേവലം ചില ഉപരിപ്ലവവിജ്ഞാനം മാത്രം നേടിയ നമ്മുടെ കാലത്തെ മനുഷ്യര്‍ അവര്‍ ലോകത്തെവിടെയായാലും ഏറെക്കുറെ സമാന പ്രകൃതികളാണ്. അവരെയാണ് നമ്മുടെ പാരമ്പര്യപുനര്‍ജ്ജീവനവാദികളായ മുറിവൈദ്യന്മാര്‍ ലക്ഷ്യമിടുന്നത്. ആര്‍ഷഭാരതം, ആര്‍ഷജ്ഞാനം, വേദം, വേദാന്തം, ഋഷിപ്രോക്തം എന്നിങ്ങനെയൊക്കെയുള്ള ഉണ്ടയില്ലാവെടികള്‍ പൊട്ടിച്ചാല്‍ ആകാശത്ത് പറന്നുനടക്കുന്ന ഏത് ആധുനിക വിജ്ഞാനപക്ഷികളെയും വെടിവെച്ചു വീഴ്ത്താമെന്നാണവരുടെ മനസ്സിലിരിപ്പ്. സിനിമയുടെ പ്രാഥമിക വ്യാകരണം പോലും അറിയാത്തവരെ സിനിമ പഠിപ്പിക്കുന്ന വിദ്യാപീഠത്തിന്റെ തലപ്പത്തു പ്രതിഷ്ഠിക്കുക, ആസ്‌ട്രോണമിയും ആസ്‌ട്രോളജിയും ഒന്നു തന്നെ എന്ന് കരുതുന്നതുവരെ ശാസ്ത്രജ്ഞപട്ടം നല്‍കി ഗവേഷണ സ്ഥാപനങ്ങളുടെ മേധാവികളാക്കുക, ആള്‍ ദൈവങ്ങളെ അധികാരസ്ഥാപനങ്ങളിലെ ഉപദേശികളായി കുടിയിരുത്തുക, അക്കാദമിക് സ്ഥാപനങ്ങളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച് അറിവും അനുഭവസമ്പത്തും ആര്‍ജിച്ചവരെ ഇടതുപക്ഷബന്ധം ആരോപിച്ച് പടിയടച്ചിറക്കിവിടുക ഇത്തരം പരീക്ഷണങ്ങള്‍ക്കു പിന്നാലെയാണ് ഇപ്പോള്‍ -യോഗയെ ഭാരതീയ പാരമ്പര്യത്തിന്റെ ഭാഗമെന്ന നിലയില്‍ നിര്‍ബന്ധിത പാഠ്യവിഷയമാക്കുക എന്ന അഭ്യാസം അരങ്ങേറിയിരിക്കുന്നത്.
ഇപ്പോള്‍ തന്നെ നാട്ടില്‍ മിക്ക മുക്കിലും മൂലയിലും കാര്യമായ വിദഗ്ധപരിശീലനം ഒന്നും കൂടാതെ തന്നെ താത്പര്യമുള്ളവരെ യോഗാഭ്യാസങ്ങള്‍ ശീലിപ്പിക്കുന്ന മുറിവൈദ്യന്മാരും അവരുടെ പരിശീലന കേന്ദ്രങ്ങളും കൂണുപോലെ മുളച്ചുപൊന്തിക്കഴിഞ്ഞു. നീന്തലിനും വിമാനം പറപ്പിക്കലിനുംപോലും കറസ്‌പോണ്ടന്‍സ് കോഴ്‌സുള്ള നമ്മുടെ നാട്ടില്‍ ഇനി യോഗാഭ്യാസവും വിദൂരത്തിരുന്ന് പഠിപ്പിക്കാനുള്ള പദ്ധതികളും വന്നുകൂടായ്കയില്ല. പുസ്തകങ്ങളാണെങ്കില്‍ ചവറുപോലെ ഇറങ്ങുന്നുണ്ട്. കേന്ദ്ര മാനവവിഭവശേഷി വകുപ്പില്‍ നിന്നും ഈ കേന്ദ്രങ്ങള്‍ക്ക് ധനസഹായം ലഭ്യമാക്കാനുള്ള ഏര്‍പ്പാടുകളും വരാന്‍ പോകുന്നു. ഇത്രയൊക്കെ ആയിട്ടും എന്താണീ സാധനം എന്ന കാര്യം അടിസ്ഥാനപരമായി വിശദീകരിക്കപ്പെട്ടിട്ടില്ല.
കാമശാസ്ത്രം ഉള്‍പ്പെടെയുള്ള നമ്മുടെ പാരമ്പര്യ വിദ്യകളെല്ലാം തന്നെ മഹര്‍ഷിമാരാല്‍ ആവിഷ്‌കൃതങ്ങളാണ്. പതഞ്ജലി മഹര്‍ഷിയാല്‍ വിരചിതമെന്നു കരുതപ്പെടുന്ന യോഗശാസ്ത്രമാണ് ഈ വിഷയത്തിലെ അടിസ്ഥാനഗ്രന്ഥം. പതഞ്ജലി യോഗസൂത്ര സിദ്ധാന്തങ്ങള്‍ ഷഡ് ദര്‍ശനങ്ങളിലൊന്നായി കരുതുന്നു. യോഗ ദര്‍ശനത്തിന് ഇന്നു നമ്മുടെ ഇടയില്‍ പ്രചരിക്കുന്ന യോഗാഭ്യാസം എന്ന വ്യായാമ മുറയുമായി യാതൊരു ബന്ധവുമില്ലെന്ന യാഥാര്‍ഥ്യം തെല്ലും മനസ്സിലാക്കിയിട്ടില്ലാത്തവരാണ് നമ്മുടെ ഇടയിലെ യോഗാഭ്യാസ ഗുരുക്കന്മാരും അവരെ പിന്തുടരുന്ന ഭാഗ്യാന്വേഷികളും.
ഓരോ മനുഷ്യനിലുമുള്ള ജീവാത്മാവിനെ ഈശ്വരനിലുള്ള ജീവാത്മാവിനോട് യോജിപ്പിക്കാന്‍ പറ്റിയ മാര്‍ഗമാണ് യോഗം. യോഗം എന്നുവച്ചാല്‍ കൂടിച്ചേരല്‍. യോഗം മനുഷ്യാത്മാവിനെ മറയ്ക്കുന്ന മൂടുപടങ്ങളെ നീക്കി പ്രപഞ്ചാത്മാവില്‍ ജീവാത്മാവിനു കടന്നുകൂടാന്‍ വേണ്ട കഴിവുണ്ടാക്കുന്നു. ഈ കൂടിച്ചേരലില്‍ ആത്മാവിനു ആശിക്കാവുന്നതെല്ലാം കൈവരും. യോഗ സിദ്ധാന്തത്തെ പരിചയപ്പെടുത്തിക്കൊണ്ട് ശ്രീ നാലപ്പാട്ടു നാരായണമേനോന്‍ തന്റെ ആര്‍ഷണജ്ഞാനം എന്ന പ്രസിദ്ധ കൃതിയില്‍ രേഖപ്പെടുത്തിയിരിക്കുന്നു.(പേജ് 245) നാലപ്പാട്ടിന്റെ ഗവേഷണപഠനങ്ങള്‍ അദ്ദേഹത്തെ കൊണ്ടെത്തിച്ചത് യോഗയുടെ പ്രഭവകേന്ദ്രം ഇന്ത്യയിലല്ല ഈജിപ്താണെന്ന നിഗമനത്തിലാണ് (പേജ് 251). ഈജിപ്തിലെ ചക്രവര്‍ത്തിമാരുടെ അരമനയില്‍ യോഗത്തിലും ദുര്‍മന്ത്രവാദത്തിലും അറിവു നേടിയ പലരുമുണ്ടായിരുന്നു. യോഗപരിശീലനത്തിലൂടെ അമാനുഷികമായ സിദ്ധികള്‍ കൈവരിച്ചവരുടെ മാതൃകകളായിട്ടാണ് നാലപ്പാട്ടു നാരായണ മേനോന്‍ മോസ്സസ്സ് പ്രവാചകനെയും ക്രിസ്തുവിനെയും പരിചയപ്പെടുത്തുന്നത്. ഇത്തരം സിദ്ധിവിശേഷങ്ങളെക്കുറിച്ചുള്ള കേട്ടറിവിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ സന്യാസിമാര്‍ തയ്യാറാക്കിയ ഭാവനാസൃഷ്ടികളായിരിക്കാം- ഇച്ഛാശക്തികൊണ്ടു മറ്റൊരു ലോകം സൃഷ്ടിച്ച വിശ്വാമിത്രന്റെയും ഭാര്യയുടെ ജാരബന്ധത്തില്‍ അരിശം പൂണ്ട് അഹല്ല്യയെ ശപിച്ചു കല്ലാക്കിയ ഗൗതമ മഹര്‍ഷിയുടെയും ഒക്കെ കഥ. കഥകളുടെ ഒരു കൂമ്പാരമാണല്ലോ നമ്മുടെ പുരാണങ്ങള്‍.“പുരാ ഇതി നവീനം”എന്നാണ് പുരാണങ്ങളുടെ അര്‍ഥം. പഴയതാണെങ്കിലും പുതുതായി തോന്നിപ്പിക്കുന്നതാണ് കഥാകാരന്റെ വൈഭവം.
സ്വച്ഛന്ദമൃത്യു വരിക്കാതെ കൂര്‍ത്ത മൂര്‍ച്ചയുള്ള അസ്ത്രനിരകള്‍ക്കുമേല്‍ – അതായത് ശരശയ്യക്കുമേല്‍ വേദനയറിയാതെ സുഖശയനം നടത്തിക്കൊണ്ട് ധര്‍മോപദേശം നല്‍കാന്‍ പോലും പ്രാപ്തരായ ഭീഷ്മരും ഇന്ദ്രാദികള്‍ നളനുപദേശിച്ചതുപോലുള്ള തിരസ്‌കരണവിദ്യ വശമാക്കിയ യോഗികളും പരകായ സിദ്ധി കൈവരിച്ച ശങ്കരാചാര്യരും എല്ലാം യോഗാസിദ്ധാന്തത്തെ കേന്ദ്രീകരിച്ചു രൂപപ്പെട്ട സാങ്കല്‍പിക കഥാപാത്രങ്ങളാകാനേ തരമുള്ളൂ. സങ്കല്‍പ്പ വിമാനം മുതല്‍ ആറ്റം ബോബു വരെ സൃഷ്ടിച്ച ഇന്ത്യന്‍ മനീഷികളുടെ ഭാവനാവൈഭവത്തിനു മുന്നില്‍ ആരും നമിച്ചുപോകും.
യോഗാഭ്യാസത്തിന്റെ പരമകാഷ്ടയാണ് ഹഠയോഗം. പരിപൂര്‍ണമായ ശരീരാരോഗ്യത്തോടെ ജീവിച്ചിരിക്കുക. പരലോകവാസികളെപ്പോലും കീഴടക്കുക, അത്ഭുതകര്‍മങ്ങള്‍ കാണിക്കുക, ഇ തൊക്കെ ഹഠയോഗികള്‍ക്ക് ക്ഷിപ്രസാധ്യമത്രെ. സ്വന്തം മനഃശക്തിക്കു പുറമേ ദേവയോനി വര്‍ഗത്തില്‍പ്പെട്ട ഏതെങ്കിലും സത്ത്വത്തിന്റെ സഹായം പ്രയോജനപ്പെടുത്തിയാണത്രേ ഹഠയോഗികള്‍ അത്ഭുതവിദ്യകള്‍ കാണിക്കാന്‍ പ്രാപ്തരാകുന്നത്. അങ്ങനെയെങ്കില്‍ നമ്മുടെ മഹാമാന്ത്രികന്‍ മുതുകാടും മറ്റും അരങ്ങത്ത് കാണിക്കുന്ന മായാജാല പ്രകടനങ്ങളുടെ രഹസ്യം മനസ്സിലാക്കാന്‍ ഹഠയോഗം ശീലിച്ചാല്‍ മതി.
യോഗക്കു എട്ടംഗങ്ങളാണുള്ളത് (1)യമം,(2)നിയമം,(3)ആസനം, (4)പ്രാണയാമം, (5)പ്രത്യാഹാരം,(6)ധാരണ, (7)ധ്യാനം, (8)സമാധി. ചുരുക്കത്തില്‍ ഇതൊരു സമഗ്രമായ ജീവിതപദ്ധതിയാണ്. യോഗ ഒരു സമുദ്രമാണെങ്കില്‍ ആസനം ഒരു കൊച്ചു കൈത്തോടുപോലും ആകുന്നില്ല. യോഗാസനവും യോഗയും ഒന്നല്ല. യോഗാസനങ്ങള്‍ എന്ന പേരില്‍ ഇന്നു പ്രചരിക്കുന്ന യോഗാഭ്യാസങ്ങള്‍ യോഗയുടെ ദര്‍ശനത്തിനു തന്നെ എതിരും പലപ്പോഴും അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നതുമായിരിക്കും എന്ന കാര്യം ആധികാരികഗ്രന്ഥങ്ങള്‍ തന്നെ വെളിപ്പെടുത്തിയിട്ടുള്ളതാണ്. യമം മുതല്‍ സമാധി വരെയുള്ള അഷ്ടംഗങ്ങളില്‍ ഓരോന്നിനും ഉപാംഗങ്ങളുമുണ്ട്.
ആസനം എന്നതിന് ഇരിക്കല്‍ എന്നര്‍ഥമെങ്കിലും യോഗാസനത്തില്‍ അതിനുമപ്പുറത്തെ അര്‍ഥതലങ്ങള്‍ പ്രകടമാകുന്നു. ശരിയായ നില്‍പും ഇരിപ്പും കിടപ്പും എല്ലാം വിവിധതരത്തിലുള്ള യോഗാസനങ്ങളില്‍ പ്രകടമാണ്. പ്രകൃതിയെ സംബന്ധിച്ചുള്ള പരിപൂര്‍ണ ജ്ഞാനമാണ് യോഗാസനം ലക്ഷ്യമാക്കുന്നത്. അതുകൊണ്ടാണ് മത്സ്യാസനവും കുക്കുടാസനവും മയൂരാസനവും കൂര്‍മ്മാസനവും സിംഹാസനവും ഒക്കെ നിലവിലുള്ളത്. തിര്യക്കുകളുമായി താദാത്മ്യം പ്രാപിച്ച് മനുഷ്യനില്‍ അന്തര്‍ലീനമായ ഹീനവാസനകളെ അതിജീവിക്കലാണ് ഇത്തരം ആസനങ്ങള്‍ ലക്ഷ്യമാക്കുന്നത് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ലോകത്തില്‍ എത്ര തരം ജീവികളുണ്ടോ അത്ര തരം ആസനങ്ങളും ഉള്ളതായി കാണുന്നു. ശീര്‍ഷാസനം പോലുള്ള ആസനങ്ങള്‍ തലകുത്തി കൈകളും കാലുകളും കൊമ്പില്‍ പടി നിശ്ചേഷ്ടമാക്കി നിര്‍ത്തുന്നതാണല്ലോ. തിര്യക്കുകളുമായി മാത്രമല്ല വൃക്ഷലതാദികളും ഒക്കെ ആയി ഐക്യപ്പെടുത്തുവാന്‍ മനുഷ്യനെ സഹായിക്കുന്നു.
ഇത്തരം ലക്ഷ്യത്തോടുകൂടിയ ശരീരചേഷ്ടകള്‍ എല്ലാ പൗരാണിക മതങ്ങളിലെയും ആരാധനാ ജീവിതത്തിന്റെ ഭാഗമാണ്. ഈ നിലക്ക് യോഗാഭ്യാസത്തെ ഇന്ത്യന്‍ പൈതൃകത്തിന്റെ മുഖമുദ്രയായി രാജ്യത്തിനുള്ളിലും പുറത്തും വിപണനം ചെയ്യാനുള്ള മോദി സര്‍ക്കാറിന്റെ നീക്കം കൃത്യമായി വിചാരണ ചെയ്യപ്പെടേണ്ടതുണ്ട്. യൂജിന്‍ ഡാന്‍ (1867-1925)എന്ന പ്രഷ്യക്കാരനായ ബോഡിബിന്‍ഡറാണ് ഇന്നു നമ്മള്‍ കാണുന്ന ആധുനിക യോഗമുറകൡ പലതിന്റെയും ഉപജ്ഞാതാവ്. ഡാന്‍യോയുടെ അനുയായിയായ ഔന്തിലെ രാജാവാണ് ഇന്ത്യയില്‍ ആദ്യമായി സൂര്യനമസ്‌കാരം ആരംഭിക്കുന്നത്. ഇന്നു പ്രചാരത്തിലിരിക്കുന്ന പരക്കെ പരിചിതമായ ആസനമുറകള്‍ക്ക് പരമാവധി ഒന്നര നൂറ്റാണ്ടിലേറെ പഴക്കമില്ല.1980കള്‍ മുതലാണ് ഇന്നത്തെ യോഗാസനങ്ങള്‍ പാശ്ചാത്യലോകത്ത് പ്രചരിച്ചു തുടങ്ങിയത്. യോഗയെ ഒരു ലഘുവ്യായാമമുറയായി മാത്രം കാണുന്ന ശുദ്ധാത്മാക്കള്‍ നമ്മുടെ നാട്ടില്‍ നിരവധിയാണ്. എന്താണീ വ്യായാമം? തിന്നലും കുടിക്കലും ഭോഗിക്കലും അല്ലാതെ ജീവിതത്തില്‍ മറ്റൊന്നും ചെയ്യാനില്ലെന്ന നിഗമനത്തിലെത്തിയ ഉപരിവര്‍ഗത്തിന്റെ ആരോഗ്യ സംരക്ഷണത്തിനാണ് വ്യായാമം അത്യന്താപേക്ഷിതമായി വന്നത്. എല്ലാ കാര്യങ്ങളിലും ഉപരിവര്‍ഗത്തെ അനുകരിക്കുന്ന ഒരു മധ്യവര്‍ഗവും നമ്മുടെ നാട്ടില്‍ അതിവേഗം രൂപപ്പെട്ടു. അദ്ധ്വാനം തന്നെയാണ് യഥാര്‍ഥ വ്യായാമം. കായികാദ്ധ്വാനത്തെ ഒരു ശാപമായി കരുതിയ ഒരു വിഭാഗത്തിന് കഠിനമായ വ്യായാമ മുറകള്‍ ആവശ്യമായി വന്നു. ഓട്ടം, നടത്തം, സൈക്കിളിംഗ് തുടങ്ങിയ പലതും പരിശീലിപ്പിക്കുന്ന ക്ലാസുകളിലേക്ക് ഈ മധ്യവര്‍ഗം ഇടിച്ചുകയറി. ഇവരെ ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ ഇപ്പോള്‍ നമ്മുടെ നാട്ടില്‍ പൗരാണിക പൈതൃകത്തിന്റെ ഒപ്പും അടയാളവും പതിക്കപ്പെട്ട യോഗാഭ്യാസ പരിശീലന കളരികള്‍ ധനസമ്പാദനോപാധികളായി തലപൊക്കുകയാണ്.
ഇവര്‍ ശീലിപ്പിക്കുന്ന ശീര്‍ഷാസനം പോലുള്ള കഠിനമായ പല യോഗമുറകളും ശരീരത്തില്‍ ആവശ്യമില്ലാത്തവയും അതുകൊണ്ടുതന്നെ ആരോഗ്യത്തിനു ഹാനികരവുമാണെന്ന കാര്യം ഇവിടെ വിസ്മരിക്കപ്പെട്ടു. മനുഷ്യശരീരത്തോട് ബന്ധപ്പെടുത്തി ആധുനിക യോഗാചാര്യന്മാര്‍ പ്രചരിപ്പിക്കുന്ന പല കാര്യങ്ങളും തികഞ്ഞ ഫലിതങ്ങള്‍ മാത്രമാണെന്ന കാര്യം സാമാന്യ ജനം മനസിലാക്കുന്നില്ല. ഉദാഹരണത്തിന് കുണ്ഡലിനി, ഇഡ, പിംഗള നാഡികള്‍ സംബന്ധിച്ച സങ്കല്പങ്ങളിലെ അസംബന്ധ പരികല്പനകള്‍ തന്നെ പരിശോധിച്ചാല്‍ മതി. ശരീരത്തിനു കാര്യമായ അനക്കം അനുവദിക്കാതെ ജീവിക്കുന്നതാണ് സുഖജീവിതം എന്നു ധരിച്ചവരായ ചില വിദ്വാന്‍മാര്‍ക്കു മാത്രമാണ് നമ്മുടെ കാലത്തെ ഈ യോഗാചാര്യന്മാര്‍ നല്‍കുന്ന അവകാശവാദങ്ങളെ തൊണ്ടതൊടാതെ വിഴുങ്ങാന്‍ കഴിയുക.
യോഗ ഗൗരവമായി പരിശീലിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നവരുടെ മുഖഭാവങ്ങളെ സൂക്ഷ്മമായി പരിശോധന നടത്തണം. അവരുടെ സ്വകാര്യ ജീവിതത്തിലെ മറച്ചുവെക്കപ്പെട്ട ഏടുകളൊന്ന് തുറന്നുനോക്കൂ. അപ്പോള്‍ ആരും പറഞ്ഞുപോകും.“വൈദ്യാ സ്വയം ചികിത്സിക്കൂ പിന്നെയാകട്ടെ മറ്റുള്ളവരെ സുഖപ്പെടുത്തല്‍. പാകപക്വത, സഹിഷ്ണുത അതെല്ലാം തീരേ കുറവാണ് ഇവരുടെ ജീവിതത്തില്‍. മുന്‍കോപം, ആത്മരതി, അമിതവൈകാരികത, ബുദ്ധിശൂന്യമായ ജല്‍പനങ്ങള്‍, അന്തവിശ്വാസവിധേയത്വം തുടങ്ങി സാമാന്യ ജനങ്ങളില്‍ കാണുന്ന എല്ലാ ചപലതകള്‍ക്കും ഈ യോഗാഗുരുക്കന്മാര്‍ വിധേയരാണെന്നു കാണാം. യോഗാപരിശീലനത്തെ അന്ധമായി എതിര്‍ക്കാനല്ല ഇത്രയും എഴുതിയത്. സവര്‍ണ ഹിന്ദുയിസത്തിന്റെ പുനര്‍ജീവനത്തിന്റെ ഭാഗമായി മറ്റു പലതിനെയും പോലെ യോഗയെയും ഒരു മതചിഹ്നമായി ജനമനസ്സുകളില്‍ പ്രതിഷ്ഠിക്കുന്നതിനു തടയിടേണ്ടത് നമ്മുടെ കാലത്തെ ഒരു രാഷ്ട്രീയ ആവശ്യമാണ് എന്നതിലാണ്.
കെ സിവര്‍ഗീസ്, ഫോണ്‍-9446268581