നഗരത്തില്‍ വന്‍ ഹാഷിഷ് വേട്ട; യുവാവ് അറസ്റ്റില്‍

Posted on: August 5, 2015 12:59 pm | Last updated: August 5, 2015 at 12:59 pm
SHARE

002

കോഴിക്കോട്: കോളജ് ക്യാമ്പസുകള്‍ കേന്ദ്രീകരിച്ച് വില്‍പ്പന നടത്താന്‍ കൊണ്ടുവന്ന ഒരു കിലോ ഹാഷിഷുമായി യുവാവ് അറസ്റ്റില്‍. മലബാര്‍ മേഖലയില്‍ കഞ്ചാവ് അടക്കമുള്ള മയക്കുമരുന്ന് വില്‍പ്പനക്ക് നേതൃത്വം നല്‍കുന്ന മലപ്പുറം കോട്ടക്കല്‍ സ്വദേശി സിദ്ദീഖിനെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. പിടികൂടിയ ഹാഷിഷിന് അന്താരാഷ്ട്ര വിപണിയില്‍ പത്ത് ലക്ഷത്തോളം രൂപ വില വരും.
ഹാഷിഷ് വിതരണം ചെയ്യാനായി മെഡിക്കല്‍ കോളജ് ക്യാമ്പസ് പരിസരത്ത് എത്തിയ പ്രതിയെ മെഡിക്കല്‍ കോളജ് സി ഐ ജലീല്‍ തോട്ടത്തില്‍, എസ് ഐ. ബി കെ സിജു എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സാഹസികമായി പിടികൂടുകയായിരുന്നു. നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ ജോഷി ചെറിയാന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ വലയിലാക്കിയത്.
ജില്ലയിലെ പ്രൊഫഷനല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, എന്‍ജിനീയറിംഗ് കോളജുകള്‍, പോളിടെക്‌നിക്കുകള്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പ്രതി മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്നത്. ജില്ലക്ക് പുറമെ മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളും സിദ്ദീഖിന്റെ പ്രവര്‍ത്തന മേഖലകളായിരുന്നു.

കഴിഞ്ഞ രണ്ടാഴ്ചയായി പ്രത്യേക അന്വേഷണ സംഘം ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു. മെഡിക്കല്‍ കോളജ് എ എസ് ഐ ജഗജീവന്‍, സി പി ഒമാരായ ടി ജി രണ്‍ധീര്‍, രാമകൃഷ്ണന്‍, കെ അബ്ദുര്‍റഹ്മാന്‍, മുഹമ്മദ് ശാഫി, വി മനോജ്, ഷൈബു എന്നിവര്‍ പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നു.