ഭൂമിക്ക് പട്ടയം നല്‍കാനുള്ള വിവാദ ഭേദഗതി ആവശ്യപ്പെട്ടത് കെ എം മാണി

Posted on: August 5, 2015 12:43 pm | Last updated: August 5, 2015 at 10:32 pm
SHARE

k m mani...
തിരുവനന്തപുരം: സംസ്ഥാനത്ത് 2005 വരെ കൈവശത്തിലിരിക്കുന്ന ഭൂമിക്ക് പട്ടയം നല്‍കാനുള്ള വിവാദ ഭേദഗതി ആവശ്യപ്പെട്ടത് ധനമന്ത്രി കെ എം മാണി. 2012 മേയ് ഒമ്പതിന് ഇടുക്കി ജില്ലയിലെ പട്ടയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ ഉത്തരവിലെ പ്രധാന നിര്‍ദേശങ്ങള്‍ മാണി മുന്നോട്ടുവെച്ചത്.
ഇടുക്കിയിലെ പട്ടയപ്രശ്‌നം പരിഹരിക്കുന്നതിനു വേണ്ടിയായിരുന്നു നിര്‍ദേശം. ഭൂമിയുടെ പരിധി നാല് ഏക്കറാക്കണമെന്നും കൈമാറ്റ കാലാവധിയില്‍ ഇളവുവേണമെന്നുമായിരുന്നു ആവശ്യം. കൈയേറ്റക്കാര്‍ക്ക് പട്ടയം നല്‍കുന്നതിന് നിയമഭേദഗതി കൊണ്ടുവരുക, 2005ലെ നിയമം വീണ്ടും ഭേദഗതി ചെയ്ത് പദ്ധതി പ്രദേശത്തെ കര്‍ഷകര്‍ക്കും കൈവശക്കാര്‍ക്കും നാല് ഏക്കര്‍ ലഭ്യമാക്കാന്‍ ആവശ്യമായ നിയമനിര്‍മാണം നടത്തുക, സര്‍ക്കാര്‍ നല്‍കുന്ന പട്ടയഭൂമി 25 വര്‍ഷത്തിനു ശേഷം മാത്രമേ കൈമാറാവൂ എന്ന വ്യവസ്ഥ നീക്കുക, പട്ടയം ലഭിച്ച റവന്യൂ ഭൂമിയിലെ ചന്ദനം, തേക്ക്, ഈട്ടി തുടങ്ങിയവ ഒഴികെ മരങ്ങള്‍ മുറിക്കുന്നതിന് അനുവാദം നല്‍കുന്നതിന് ചട്ടങ്ങളില്‍ ഭേദഗതി വരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ കെ.എം. മാണി ഈ യോഗത്തിലാണ് ഉന്നയിച്ചത്. മാണിയുടെ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ ഒന്നൊന്നായി നടപ്പാക്കുന്നതിന്റെ ഒടുവിലത്തേതാണ് ഇപ്പോഴത്തെ നിയമഭേദഗതി.

മുഖ്യമന്ത്രി ആവശ്യപ്പെട്ടത് 2011ലെ ഇടുക്കി പട്ടയപ്രശ്‌നം പരിഹരിക്കാനുള്ള യോഗത്തിലാണ്. മാണി പ്രശ്‌നം ഉന്നയിച്ചത് 2013ല്‍ പെരിഞ്ചാംകുട്ടി ഭൂമിപ്രശ്‌നം ചര്‍ച്ച ചെയ്ത യോഗത്തിലുമാണ്. നാലേക്കര്‍ വരെയുള്ള സ്ഥലത്ത് പട്ടയം നല്‍കണമെന്നും 25 വര്‍ഷത്തിന് ശേഷം മാത്രമേ, ഭൂമി കൈമാറാവു എന്ന നിബന്ധന നീക്കണമെന്നും മാണി ആവശ്യപ്പെട്ടു.

ഭേദഗതി വിവാദമായതോടെ അത് പിന്‍വലിക്കുന്നതായി റവന്യൂ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. കൈവശഭൂമി കര്‍ഷകര്‍ക്കു ലഭിക്കുന്നതിനു വേണ്ടിയാണു പുതിയ ഉത്തരവ് ഇറക്കിയതെന്നും മൂന്നാര്‍ പോലുള്ള കേസുകളില്‍ ദൗര്‍ബല്യം ഉണ്ടാകാതിരിക്കാനാണു ഭേദഗതി പിന്‍വലിച്ചതെന്നുമാണു മന്ത്രി പറഞ്ഞിരുന്നത്.