Connect with us

Kozhikode

അപകടങ്ങളില്‍ ഏഴ് പേര്‍ക്ക് പരുക്കേറ്റു

Published

|

Last Updated

കോഴിക്കോട്: കല്ലായ് റെയില്‍വേ സ്റ്റേഷന് സമീപം നിയന്ത്രണം വിട്ട കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച് രണ്ട് പേര്‍ക്ക് പരുക്ക്. ഇടിയുടെ ആഘാതത്തില്‍ പോസ്റ്റ് ചെരിഞ്ഞ് സമീപത്തെ മൂന്ന് കടകള്‍ക്കും തകരാറ് സംഭവിച്ചു. എറണാകുളത്ത് നിന്ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലേക്ക് വരികയായിരുന്ന ടാക്‌സി കാറാണ് അപകടത്തില്‍ പെട്ടത്. കാറില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ നാല് പേരാണ് ഉണ്ടായിരുന്നത്. ഡ്രൈവര്‍ക്കും കാല്‍നട യാത്രക്കാരനുമാണ് പരുക്കേറ്റത്.
ഇന്നലെ പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് ട്രാഫിക് പോലീസ് അറിയീച്ചു. സംഭവത്തെ തുടര്‍ന്ന് കല്ലായ് ഭാഗത്ത് ഉച്ചവരെ വൈദ്യുതിമുടങ്ങി. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗവും പൂര്‍ണമായി തകര്‍ന്നു.
താമരശ്ശേരി: ബൈക്കും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരുക്ക്. പുല്ലൂരാംപാറ സ്വദേശിയും ഓമശ്ശേരി ശാന്തി ആശുപത്രിയിലെ ജീവനക്കാരനുമായ റിനീഷ്, ഓമശ്ശേരി സ്വദേശി ഷംസുദ്ദീന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ഓമശ്ശേരി ശാന്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി ഡ്യൂട്ടിക്ക് ഓമശ്ശേരിയിലേക്ക് വരികയായിരുന്ന റിനീഷിനൊപ്പം ഓമശ്ശേരിക്ക് കയറിയതാണ് ഷംസുദ്ദീന്‍. മാമ്പിടിയില്‍ വെച്ച് ഇവര്‍ സഞ്ചരിച്ച ബൈക്ക് എതിരെ വന്ന ഗുഡ്‌സ് ഓട്ടോയില്‍ ഇടിക്കുകയായിരുന്നു.
താമരശ്ശേരി: ചരക്കു ലോറിയിടിച്ച് ഹൈടെന്‍ഷന്‍ ലൈനിന്റെ പോസ്റ്റ് തകര്‍ന്നു. സംസ്ഥാന പാതയില്‍ താമരശ്ശേരി വൃന്ദാവന്‍ എസ്റ്റേറ്റിന് സമീപം ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. താമരശ്ശേരി ഭാഗത്തുനിന്ന് മുക്കം ഭാഗത്തേക്കു പോകുകയായിരുന്ന ചരക്കു ലോറി മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ റോഡരികിലെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. 11 കെ വി ലൈന്‍ കടന്നു പോകുന്ന ഇരുമ്പ് പോസ്റ്റ് ഒടിഞ്ഞെങ്കിലും റോഡിലേക്ക് പതിക്കാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം രണ്ട് മണിക്കൂറോളം ഭാഗികമായി തടസ്സപ്പെട്ടു. അപകടത്തെ തുടര്‍ന്ന് സമീപ പ്രദേശങ്ങള്‍ ഇരുട്ടിലായി.
കുന്ദമംഗലം: കാരന്തൂര്‍ സെന്റ് അലോഷ്യസ് സ്‌കൂളിന് മുമ്പില്‍ ഉണ്ടായ ബൈക്കപകടത്തില്‍ വിദ്യാര്‍ഥിയടക്കം മൂന്ന്‌പേര്‍ക്ക് പരുക്ക്. സെന്റ് അലോഷ്യസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ യു കെ ജി വിദ്യാര്‍ഥി അര്‍ജു കൃഷണ, മാതാവ് റീന, സീടെക് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് ഡിഗ്രി വിദ്യാര്‍ഥി ഹബീബ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ ഹബീബ് ഓടിച്ച ബൈക്ക് ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടയില്‍ അമ്മയേയും മകനേയും ഇടിക്കുകയായിരുന്നു.
മൂന്ന് പേരെയും മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂളിന് മുമ്പില്‍ സീബ്ര ലൈന്‍ ഇല്ലാത്തത് വിദ്യാര്‍ഥികള്‍ക്ക് റോഡ് മുറിച്ചു കടക്കാന്‍ പ്രയാസം സൃഷ്ടിക്കുന്നതായി സ്‌കൂള്‍ പി ടി എ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.