കൈയേറ്റ ഭൂമിക്ക് സാധൂകരണം: ഉത്തരവ് പിന്‍വലിച്ചു

Posted on: August 5, 2015 6:00 am | Last updated: August 5, 2015 at 3:56 pm
SHARE

adoor prakash

തിരുവനന്തപുരം: മലയോര മേഖലയിലെ കൈയേറ്റങ്ങള്‍ക്ക് നിയമസാധുത നല്‍കി ഭൂപതിവ് നിയമത്തിന്റെ ചട്ടങ്ങളില്‍ വരുത്തിയ ഭേദഗതി സര്‍ക്കാര്‍ പിന്‍വലിച്ചു. സര്‍ക്കാര്‍ ഉത്തരവ് വന്‍ വിവാദമാകുകയും കോണ്‍ഗ്രസില്‍ നിന്ന് തന്നെ ശക്തമായ എതിര്‍പ്പ് ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് റവന്യൂ വകുപ്പിന്റെ തീരുമാനം. ഇടുക്കിയിലെ സാധാരണക്കാരെ സഹായിക്കാന്‍ സദുദ്ദേശ്യത്തോടെയെടുത്ത തീരുമാനമാണെങ്കിലും വിവാദമായ സാഹചര്യത്തില്‍ പിന്‍വലിക്കുകയാണെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൈയേറ്റക്കാരെ സര്‍ക്കാര്‍ സഹായിച്ചിട്ടില്ലെന്നും അതിനു വേണ്ടിയല്ല ഭേദഗതി വരുത്തിയതെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ പത്ത് വര്‍ഷമായി സര്‍ക്കാര്‍ ഭൂമി കൈവശം വെച്ചിരിക്കുന്നവര്‍ക്ക് ഉപാധിരഹിത പട്ടയം നല്‍കാനായിരിന്നു സര്‍ക്കാര്‍ തീരുമാനം. ഇതിനായാണ് ഭൂപതിവ് ചട്ടത്തില്‍ ഭേദഗതി വരുത്തി ഉത്തരവിറക്കിയത്. എന്നാല്‍, ഇത് വന്‍കിട കൈയേറ്റക്കാരെയും റിസോര്‍ട്ട് മാഫിയകളെയും സഹായിക്കാനാണെന്നായിരുന്നു കോണ്‍ഗ്രസിനുള്ളിലും പ്രതിപക്ഷത്തും ഉയര്‍ന്ന ആരോപണം. ഇടുക്കി ജില്ലയില്‍ വര്‍ഷങ്ങളായി ഭൂമി കൈവശം വെച്ചിരിക്കുന്ന പരമാവധി കര്‍ഷകര്‍ക്ക് പട്ടയം ലഭ്യമാക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിച്ചത്. ഉപാധിരഹിത പട്ടയം വേണമെന്നാണ് ഇടുക്കിയിലെ സാമൂഹിക സംഘടനകളും മറ്റും ആവശ്യപ്പെട്ടിരുന്നത്. ഇതിന് നിലവിലുള്ള ചട്ടങ്ങളില്‍ ഭേദഗതി വരുത്തേണ്ടിവന്നു. ഇതനുസരിച്ചാണ് ഉത്തരവിറക്കിയത്. കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലും മാധ്യമങ്ങളിലും ഈ ഉത്തരവ് സംബന്ധിച്ച് വ്യാപകമായ ചര്‍ച്ചകളുണ്ടായി. ഈ സാഹചര്യത്തിലാണ് ഉത്തരവ് പിന്‍വലിച്ചത്. ഇപ്പോള്‍ ഉയരുന്ന രീതിയിലുള്ള ആക്ഷേപങ്ങളെ കുറിച്ച് സര്‍ക്കാര്‍ ചിന്തിച്ചിട്ടേയില്ല. തെറ്റ് ചൂണ്ടിക്കാട്ടിയാല്‍ അത് പരിശോധിക്കുന്നതില്‍ ദുരഭിമാനമില്ലെന്നും മന്ത്രി പറഞ്ഞു.
കര്‍ഷകര്‍ കൈവശം വെച്ചിരിക്കുന്ന ഭൂമിക്ക് പട്ടയം നല്‍കുന്നതുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകളാണ് സര്‍ക്കാര്‍ നടത്തിയത്. ഉപാധിരഹിതമായി പട്ടയം നല്‍കണമെന്നായിരുന്നു എല്ലാ കോണുകളില്‍ നിന്നുമുയര്‍ന്ന ആവശ്യം.
ഇതു സംബന്ധിച്ച് സാമൂഹിക സംഘടനകളുടെയും നേതാക്കളുടെയും അപേക്ഷകള്‍, നിവേദനങ്ങള്‍ സര്‍ക്കാറിന് ലഭിച്ചിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലായിരുന്നു ചട്ടഭേദഗതി വരുത്തിയത്. ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് കോടതികളിലുള്ള കേസുകള്‍ ദുര്‍ബലപ്പെടുമെന്ന ആശങ്ക ഇനി വേണ്ടെന്നും റവന്യൂ മന്ത്രി പറഞ്ഞു.
ജൂണ്‍ ഒന്നിനാണ് റവന്യൂ വകുപ്പ് ഉത്തരവിറക്കിയത്. ജൂലൈ ഒന്നിനാണ് നിയമസഭയില്‍ റവന്യൂ വകുപ്പിന്റെ ധനാഭ്യര്‍ഥന ചര്‍ച്ച നടന്നത്. ഈ ഒരു മാസക്കാലയളവിനുള്ളില്‍ എം എല്‍ എമാര്‍ക്ക് ഉള്‍പ്പെടെയുള്ളവര്‍ക്ക് ഈ ഉത്തരവിനെക്കുറിച്ച് എന്തെങ്കിലും ആക്ഷേപങ്ങള്‍ ഉണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കാന്‍ അവസരമുണ്ടായിരുന്നു. പിന്നെയും ഒരു മാസം കഴിഞ്ഞപ്പോഴാണ് ഇതു സംബന്ധിച്ച് വിവാദം ഉയര്‍ന്നത്. ഉത്തരവ് ഇറക്കുന്നതിന് മുമ്പ് ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇക്കാര്യത്തില്‍ നിയമപരമായി എന്തെങ്കിലും പാളിച്ച ഉണ്ടായോ എന്ന് പരിശോധിക്കും. പട്ടയം നല്‍കുന്നതിനായി വേറെ എന്തെങ്കിലും വ്യവസ്ഥകള്‍ വേണമോ എന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കട്ടെ. അതിനുശേഷം ഇടുക്കി ജില്ലയില്‍ പട്ടയം വിതരണം ചെയ്യാമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഉത്തരവ് ഇറക്കിയതും ഇപ്പോള്‍ പിന്‍വലിക്കുന്നതും. കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ ഇക്കാര്യത്തില്‍ തന്നോട് പ്രത്യേകം വിശദീകരണം ചോദിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
വിമര്‍ശമുന്നയിച്ച ഇടുക്കി ഡി സി സി പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ പട്ടയം നല്‍കണമെന്ന ആവശ്യവുമായി സമീപിച്ചിരുന്നു. ഉത്തരവ് ഇപ്പോള്‍ വിവാദമാക്കിയതില്‍ ആരെയും കുറ്റപ്പെടുത്താനില്ല. ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കു മറുപടി നല്‍കാത്തത് തന്റെ മാന്യത കൊണ്ടാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here