ട്രെയിനിലെ റാഗിംഗ്: കര്‍ശനനടപടിക്ക് ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശം

Posted on: August 5, 2015 1:34 am | Last updated: August 5, 2015 at 1:34 am
SHARE

raging copyകാസര്‍കോട്: മംഗലാപുരത്തിനും കോഴിക്കോടിനുമിടയില്‍ ട്രെയിനുകളില്‍ വിദ്യാര്‍ഥികള്‍ ക്രൂരമായ റാഗിംഗിന് വിധേയരാകുന്ന സംഭവങ്ങളില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശം. ഇതേതുടര്‍ന്ന് അന്വേഷണചുമതല കോഴിക്കോട് റെയില്‍വേ സി ഐ. കെ ബാബു ഏറ്റെടുത്തു.
മംഗലാപുരത്തിനും കോഴിക്കോടിനും ഇടയിലുള്ള ട്രെയിന്‍ യാത്രക്കിടയില്‍ മെഡിക്കല്‍, എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ ക്രൂരമായ റാഗിംഗിന് വിധേയരാകുന്നതു സംബന്ധിച്ച് കഴിഞ്ഞ ദിവസം സിറാജ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. പത്രവാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇതേക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് കോഴിക്കോട് റെയില്‍വേ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.
മംഗലാപുരത്തെയും ബെംഗളൂരുവിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ഥികളാണ് ട്രെയിന്‍ യാത്രക്കിടയില്‍ റാഗിംഗിനും മറ്റ് പീഡനങ്ങള്‍ക്കും ഇരകളാകുന്നത്. ജൂനിയര്‍ വിദ്യാര്‍ഥികളെ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ റാഗിംഗിന് വിധേയരാക്കുന്നുവെന്ന പരാതിയാണ് വ്യാപകമായി ഉയര്‍ന്നത്.
റാഗിംഗിന്റെ ഭാഗമായി ട്രെയിനുകളിലെ ടോയ്‌ലറ്റുകള്‍ക്കകത്ത് കയറ്റി പുകവലിപ്പിക്കുകയും ശാരീരിക-മാനസീക പീഡനങ്ങളേല്‍പ്പിക്കുകയും ലൈംഗിക-പ്രകൃതിവിരുദ്ധ പീഡനങ്ങല്‍ നടത്തുകയും ചെയ്യുന്നുവെന്നാണ് പ്രധാന പരാതി. രാവിലെ മംഗലാപുരത്തേക്ക് പോകുന്നതും വൈകീട്ട് തിരിച്ചുവരുന്നതുമായ പാസഞ്ചര്‍ ട്രെയിനുകളിലാണ് ഏറെയും ഇത്തരത്തിലുള്ള പീഡനങ്ങള്‍ അരങ്ങേറുന്നത്.
ഇതുസംബന്ധിച്ച് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് റെയില്‍വേ പോലീസ് സ്റ്റേഷനുകളില്‍ ലഭിച്ച പരാതികളും രജിസ്റ്റര്‍ ചെയ്ത കേസുകളും അന്വേഷണസംഘം പരിശോധിച്ചുവരികയാണ്. കോഴിക്കോട് റെയില്‍വേ സി ഐക്ക് പുറമെ കാസര്‍കോട് റെയില്‍വേ എസ് ഐ. പി രാമചന്ദ്രന്‍, കണ്ണൂര്‍ റെയില്‍വേ വനിതാ എസ് ഐ. സുധ എന്നിവരും അന്വേഷണസംഘത്തിലുണ്ട്. പാസഞ്ചര്‍ ട്രെയിനുകളില്‍ അടക്കം പോലീസ് നിരീക്ഷണം ശക്തമാക്കുന്നതിനും നടപടി തുടങ്ങിയിട്ടുണ്ട്്.