തന്ത്രപ്രധാന സൈനിക കേന്ദ്രം ഹൂത്തിവിരുദ്ധര്‍ പിടിച്ചെടുത്തു

Posted on: August 5, 2015 5:29 am | Last updated: August 5, 2015 at 1:30 am
SHARE

hoothiസന്‍ആ: നിരവധി പേരുടെ മരണത്തിനിടയാക്കിയ ശക്തമായ പോരാട്ടത്തിനൊടുവില്‍ യമനിലെ ഏറ്റവും വലിയ സൈനിക കേന്ദ്രം ഹൂത്തിവിരുദ്ധ സൈന്യം പിടിച്ചെടുത്തു. 40 കിലോമീറ്റര്‍ ചുറ്റളവില്‍ വ്യാപിച്ചുകിടക്കുന്ന ആയുധങ്ങളുടെ സൂക്ഷിപ്പുകേന്ദ്രമായ അല്‍അനദ് സൈനിക കേന്ദ്രത്തിന്റെ പൂര്‍ണനിയന്ത്രണം തങ്ങള്‍ക്ക് കീഴിലായെന്ന് പുറത്താക്കപ്പെട്ട സര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. പോരാട്ടത്തിനിടെ 50ലധികം സൈനികര്‍ ഇരുഭാഗത്തുനിന്നുമായി കൊല്ലപ്പെട്ടിട്ടുണ്ട്. പോപ്പുലര്‍ റെസിസ്റ്റന്റ് സംഘത്തിലെ 23 പേരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. തെക്കന്‍ യമനിലെ ലാഹെജ് പ്രവിശ്യയിലാണ് അല്‍അനദ് സൈനിക കേന്ദ്രം സ്ഥിതിചെയ്യുന്നത്. അറബ് സഖ്യസൈന്യത്തിന്റെ വ്യോമാക്രമണത്തിന്റെ പിന്തുണയോടെ ആ നേട്ടം കൈവരിച്ചതായും പ്രസ്താവനയില്‍ പറയുന്നു.
ഹൂത്തികള്‍ക്കെതിരെ പോരാടുന്ന പോപ്പുലര്‍ റെസിസ്റ്റന്റ് കമ്മിറ്റിയുടെയും പിന്തുണ ഹൂത്തിവിരുദ്ധ സൈന്യത്തിനുണ്ടായിരുന്നു. ശിയാ പിന്തുണയോടെ യമനില്‍ ആഭ്യന്തര കലാപത്തിന് തുടക്കം കുറിച്ച ഹൂത്തികള്‍ക്ക് ഈ സൈനിക കേന്ദ്രം നഷ്ടപ്പെട്ടത് വന്‍ തിരിച്ചടിയായി. അടുത്തിടെ യമനിലെ പ്രധാന തുറമുഖമായ ആദനിന്റെയും നിയന്ത്രണം ഹൂത്തിവിമതരില്‍ നിന്ന് ഹൂത്തിവിരുദ്ധ സൈന്യം പിടിച്ചെടുത്തിരുന്നു. സൈനിക കേന്ദ്രം ഇപ്പോള്‍ പൂര്‍ണമായും പോപ്പുലര്‍ റസിസ്റ്റന്റ് സംഘത്തിന്റെ നിയന്ത്രണത്തിലാണെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. അല്‍അനദിന് ചുറ്റുമുള്ള ചെറിയ പ്രദേശങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ ഹൂത്തികള്‍ക്ക് നിയന്ത്രണമുള്ളൂവെന്നും ഇവിടങ്ങളില്‍ നിന്ന് ഇവരെ പുകച്ചുചാടിക്കാനുള്ള ശ്രമങ്ങള്‍ സൈന്യം ആരംഭിച്ചതായും അല്‍ജസീറ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ഹൂത്തികള്‍ മുന്നേറ്റം തുടങ്ങിയതോടെ യമന്‍ സൈന്യത്തില്‍ ഒരു വിഭാഗം അബ്ദുര്‍റബ്ബ് മന്‍സൂര്‍ ഹാദിക്ക് പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ മറ്റൊരു വിഭാഗം ശിയാ പിന്തുണയുള്ള അലി അബ്ദുല്ല സ്വലാഹിനും പിന്തുണ അറിയിച്ചു. എന്നാല്‍ സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യസൈന്യം വ്യോമാക്രമണം ശക്തമാക്കിയതോടെ ഹാദിയെ പിന്തുണക്കുന്ന സൈന്യം ശക്തമായി തിരിച്ചുവന്ന് മുന്നേറ്റം നടത്തുകയായിരുന്നു. സൈനിക കേന്ദ്രത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് ഹൂത്തികള്‍ ഒന്നും പ്രതികരിച്ചിട്ടില്ല. സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യസൈന്യം ഈ ഭാഗത്ത് നിരന്തരം വ്യോമാക്രമണങ്ങള്‍ നടത്തിയിരുന്നതായി ഹൂത്തികള്‍ നടത്തുന്ന സബാ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. യമനിലെ തായിസും തെക്കന്‍ പ്രവിശ്യയും പിടിച്ചടക്കാന്‍ ഇത് ഹൂത്തിവിരുദ്ധര്‍ക്ക് സഹായകമാകുമെന്ന് വിലയിരുത്തപ്പെടുന്നു.