ഖത്തറിലെ താലിബാന്‍ നേതാവ് രാജിവെച്ചു

Posted on: August 5, 2015 5:27 am | Last updated: August 5, 2015 at 1:27 am
SHARE

കാബൂള്‍: ഖത്തറിലെ താലിബാന്‍ മേധാവി രാജിവെച്ചു. നേതൃത്വ നിയമനവുമായി ബന്ധപ്പെട്ട് താലിബാനിനകത്ത് വളര്‍ന്നു കൊണ്ടിരിക്കുന്ന അസ്വാരസ്യങ്ങളാണ് തായെബ് ആഖ എന്ന താലിബാന്‍ നേതാവിന്റെ സ്ഥാനത്യാഗത്തിലേക്ക് നയിച്ചതെന്ന് സൂചനയുണ്ട്. 20 വര്‍ഷത്തോളം പാര്‍ട്ടിയെ നയിച്ച മുല്ലാ ഉമറിന്റെ മരണം സ്ഥിരീകരിച്ചതോടെ അടുത്ത താലിബാന്‍ മേധാവിയായി കഴിഞ്ഞ വെള്ളിയാഴ്ച മുല്ലാ അഖ്തര്‍ മന്‍സൂറിനെ പ്രഖ്യാപിക്കപ്പെട്ടിരുന്നു. പക്ഷെ ഈ നിയമനം താലിബാനികള്‍ക്കിടയില്‍ ഭിന്നിപ്പ് ഉടലെടുക്കുന്നതിലേക്ക് വഴിതെളിയിച്ചിരുന്നു.
പാര്‍ട്ടിക്കുള്ളില്‍ നിലനില്‍ക്കുന്ന ആഭ്യന്തര സംഘര്‍ഷങ്ങളെ തുര്‍ന്ന് താലിബാന്റെ ഖത്തര്‍ മേധാവി തായെബ് ആഖ പടിയിറങ്ങിയതെന്ന് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. 2013 ല്‍ ഖത്തറില്‍ വെച്ച് സമാധാന ചര്‍ച്ചകള്‍ക്ക് കളമൊരുക്കിയിരുന്ന വ്യക്തിയായിരുന്നു ഇദ്ദേഹം. മനഃസാക്ഷിയോട് കൂറ് പുലര്‍ത്തുന്നതിനാലും മുല്ലാ ഉമറിന്റെ തത്വങ്ങള്‍ കര്‍ശനമായി പിന്തുടരുന്നതിനാലും താലിബാന്‍ മേധാവി എന്ന നിലയിലുള്ള തന്റെ ജോലി അവസാനിപ്പിച്ചിരിക്കുന്നുവെന്ന് പതിവായി എഴുതാറുള്ള വെബ്‌സൈറ്റിലൂടെ ആഖ വ്യക്തമാക്കിയതായി താലിബാന്‍ സ്ഥിരീകരിച്ചു. മുല്ലാ ഉമറിന്റെ മരണം രണ്ട് വര്‍ഷക്കാലം വരെ രഹസ്യമാക്കി വെച്ചു. ഇതൊരു ചരിത്ര പരമായ അപരാധമായി താന്‍ കണക്കാക്കുന്നുവെന്നും ആഖ വ്യക്തമാക്കി. മുല്ലാ ഉമര്‍ കൊല്ലപ്പെട്ടത് എവിടെ വെച്ച് എന്നതും, എന്നായിരുന്നുവെന്നും വെളിപ്പെടുത്താന്‍ താലിബാന്‍ സന്നദ്ധമായിരുന്നില്ല. പക്ഷെ 2013 ല്‍ കാറാച്ചിയില്‍ വെച്ച് അദ്ദേഹത്തിന്റെ മരണം സംഭവിച്ചിരുന്നുവെന്ന് അഫ്ഗാന്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.