സവാള വില കുതിച്ചുയരുന്നു

Posted on: August 5, 2015 6:00 am | Last updated: August 5, 2015 at 1:25 am
SHARE

onionന്യൂഡല്‍ഹി: ഇടത്തരക്കാരുടെ ഭക്ഷണത്തില്‍ ഒഴിച്ചുകൂടാനാകാത്ത സവാളയുടെ വില ഇരട്ടിയോടടുത്ത് വര്‍ധിച്ചു. പ്രധാന ഉത്പാദന കേന്ദ്രമായ സൗരാഷ്ട്രാ മേഖലയില്‍ രാജ്‌കോട്ടില്‍ സവാളക്ക് 30 ശതമാനം വരെയാണ് വിലകൂടിയത്. സവാളയുടെ വില നിയന്ത്രിക്കുന്ന നാസിക്കിലെ ലാസല്‍ഗാവ് മാണ്ടിയില്‍ 66 ശതമാനമാണ് വിലക്കയറ്റം.
കഴിഞ്ഞ മാസം തുടക്കത്തില്‍ കിലോഗ്രാമിന് 15 രൂപയായിരുന്ന വില ഇതിനകം 25 രൂപയായി ഉയര്‍ന്നു. കാലവര്‍ഷത്തിന്റെ തുടക്കവുമായതിനാലുള്ള ലഭ്യതക്കുറവ് കാരണം ജൂലൈയില്‍ സാധാരണയായി സവാളക്ക് വിലകൂടാറുണ്ട്. ഡല്‍ഹിയില്‍ സവാള വില കിലോവിന് 40 രൂപയായപ്പോള്‍തന്നെ പാക്കിസ്ഥാന്‍, ചൈന, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്ന് അധികൃതര്‍ 10,000 ടണ്‍ ഉള്ളി ഇറക്കുമതി ചെയ്യാന്‍ ഉത്തരവിട്ടുകഴിഞ്ഞു. ശൈത്യകാലത്ത് ഉത്പാദിപ്പിക്കുന്ന സവാള പഞ്ഞമാസത്തിലേക്ക് സൂക്ഷിക്കുകയാണ് പതിവ്. എന്നാല്‍, ഇത്തവണ മാര്‍ച്ച് മാസത്തില്‍ കാലം തെറ്റിപ്പെയ്ത മഴകാരണം ഉള്ളിയുടെ മേന്മ നന്നേ മോശമായതിനാല്‍ സൂക്ഷിക്കാന്‍ പ്രയാസമാണ്. അത് കൂടുതല്‍ വിലക്കയറ്റത്തിന് കാരണമായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.