Connect with us

Business

പ്രധാന നിരക്കുകളില്‍ മാറ്റമില്ലാതെ ആര്‍ ബി ഐ വായ്പാ നയം

Published

|

Last Updated

മുംബൈ: പ്രധാന നിരക്ക് കുറക്കണമെന്ന സര്‍ക്കാറിന്റെ ആവശ്യം അംഗീകരിക്കാതെ ആര്‍ ബി ഐയുടെ പുതിയ വായ്പാ നയം. പലിശനിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തിയാണ് വായ്പാ അവലോകനം. പണപ്പെരുപ്പം ഉയര്‍ന്ന നിലയില്‍ തുടരുന്നതും മണ്‍സൂണ്‍ ലഭ്യത കുറവുമാണ് നിരക്കുകള്‍ കുറക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആര്‍ ബി ഐയെ പ്രേരിപ്പിച്ചത്. നേരത്തെ നിരക്കുകളില്‍ വരുത്തിയ മാറ്റം ഉപഭോക്താക്കളിലേക്ക് കൈമാറാന്‍ വാണിജ്യ ബേങ്കുകള്‍ തയ്യാറാകാത്തതിനാല്‍ കൂടിയാണ് പുതിയ അവലോകനത്തില്‍ നിരക്ക് കുറക്കാതിരുന്നതെന്ന് ആര്‍ ബി ഐ ഗവര്‍ണര്‍ രഘുറാം രാജന്‍ പറഞ്ഞു.
ആര്‍ ബി ഐയില്‍നിന്ന് ബേങ്കുകള്‍ വായ്പ എടുക്കുമ്പോള്‍ നല്‍കേണ്ട പലിശയായ റിപ്പോ നിരക്ക് 7.25 ശതമാനത്തി ല്‍ത്തന്നെ നിലനിര്‍ത്തി. റിവേഴ്‌സ് റിപോ നിരക്ക് 6.25ല്‍ തുടരും. വാണിജ്യ ബേങ്കുകള്‍ റിസര്‍വ് ബേങ്കില്‍ സൂക്ഷിക്കേണ്ട കരുതല്‍ ധനത്തിന്റെ അനുപാതത്തി (കാഷ് റിസര്‍വ് റേഷ്യോ- സി ആര്‍ ആര്‍)ലും മാറ്റംവരുത്തിയില്ല. ഇത് നാല് ശതമാനമായി തന്നെ തുടരും. നടപ്പ് സാമ്പത്തികവര്‍ഷം മൂന്ന് തവണയായി റിപ്പോ നിരക്കില്‍ 0.75 ശതമാനം കുറവ് വരുത്തിയിരുന്നു.
എന്നാല്‍, 0.3 ശതമാനം മാത്രമേ ഉപഭോക്താക്കള്‍ക്ക് ബേങ്കുകള്‍ കൈമാറിയുള്ളൂവെന്ന് രാജന്‍ പറഞ്ഞു. ഈ സമീപനം സ്ഥൂല സാമ്പത്തിക നയത്തെ തന്നെ അപ്രസക്തമാക്കുകയാണെന്ന് അദ്ദേഹം വിലയിരുത്തി. ബേങ്കുകള്‍ നയത്തോട് ശരിയായ വിധത്തില്‍ പ്രതികരിക്കുകയും ഭക്ഷ്യ വിലയില്‍ പുരോഗതിയുണ്ടാകുകയും അന്താരാഷ്ട്ര സൂചകങ്ങള്‍ സ്ഥിരത കൈവരിക്കുകയും ചെയ്യുന്ന മുറക്ക് നയത്തില്‍ ഇളവുകള്‍ വരുത്തുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.
ഇത്തവണത്തെ ധനവായ്പ നയ അവലോകനത്തില്‍ സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തിയതും നിരക്കുകളില്‍ മാറ്റം ഉണ്ടാകില്ലെന്നായിരുന്നു. ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള റീടെയില്‍ പണപ്പെരുപ്പം ആറ് ശതമാനത്തില്‍ താഴെ തുടരുകയാണെങ്കില്‍ ഈ സാമ്പത്തികവര്‍ഷം തന്നെ റിപ്പോ നിരക്കില്‍ അര ശതമാനം കുറവ് വരുത്തിയേക്കുമെന്നും വിലയിരുത്തലുണ്ട്. പണനയം പണപ്പെരുപ്പത്തിന്റെ മാത്രം അടിസ്ഥാനത്തിലായിരിക്കണമെന്നില്ലെന്നും പലിശ നിരക്കില്‍ കാര്യമായ കുറവ് വരുത്തണമെന്നും ധനമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസം ആര്‍ ബി ഐയോട് ആവശ്യപ്പെട്ടിരുന്നു. ആര്‍ ബി ഐയും ധനമന്ത്രാലയവും തമ്മില്‍ നിലനില്‍ക്കുന്ന വടംവലി ഈ വായ്പാ അവലോകനത്തിലും പ്രതിഫലിച്ചുവെന്നാണ് വിലയിരുത്തല്‍.

Latest