Connect with us

Kerala

സമ്മര്‍ദം കടുത്തതോടെ റവന്യൂ വകുപ്പിന്റെ തിരുത്ത്

Published

|

Last Updated

തിരുവനന്തപുരം: ഭൂപതിവ് നിയമത്തിലെ ചട്ടഭേദഗതി പിന്‍വലിക്കാന്‍ റവന്യൂ വകുപ്പിനെ നിര്‍ബന്ധിതമാക്കിയത് പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ ഉയര്‍ന്ന ശക്തമായ പ്രതിഷേധം. പട്ടയത്തിന് വേണ്ടി വാദിക്കുന്ന മലയോര കര്‍ഷകരോ ക്രൈസ്തവ സഭകളോ ഹൈറേഞ്ച് സംരക്ഷണ സമിതിയോ ഇടുക്കിയിലെ പാര്‍ട്ടി നേതൃത്വമോ ഇങ്ങിനെയൊരാവശ്യം ഉന്നയിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയതോടെ റവന്യൂ മന്ത്രി തീര്‍ത്തും ഒറ്റപ്പെടുകയായിരുന്നു.
ചട്ടഭേദഗതി ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന മൂന്നാര്‍ കൈയേറ്റ കേസുകളെ വരെ ബാധിക്കുമെന്ന് കണ്ടതും വിവാദ വിജ്ഞാപനം പിന്‍വലിക്കാന്‍ റവന്യൂ വകുപ്പിനെ പ്രേരിപ്പിച്ചു. വിവാദ ഉത്തരവ് പിന്‍വലിച്ചെങ്കിലും കുടിയേറ്റക്കാര്‍ക്ക് പട്ടയം നല്‍കുന്നതിന്റെ മറവില്‍ കൈയേറ്റത്തിന് സാധൂകരണം നല്‍കാന്‍ നടത്തിയ നീക്കം ആര്‍ക്ക് വേണ്ടിയാണെന്ന സംശയം ബാക്കിയാണ്. അതേസമയം, മുഖ്യമന്ത്രിയുമായി ആലോചിച്ചെടുത്ത തീരുമാനത്തിന്റെ മറവില്‍ തന്നെ ഒറ്റപ്പെടുത്തിയെന്ന വികാരമാണ് അടൂര്‍പ്രകാശിന്. പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യുന്നതിന് പകരം തന്നെ മാത്രം സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന ചര്‍ച്ചകള്‍ നടന്നതോടെയാണ് പെട്ടെന്ന് തീരുമാനം പിന്‍വലിക്കാന്‍ മന്ത്രിയെ പ്രേരിപ്പിച്ചത്.
മലയോര മേഖലയില്‍ 2005 ജൂണ്‍ ഒന്ന് വരെയുള്ള കൈയേറ്റങ്ങള്‍ക്കും കുടിയേറ്റങ്ങള്‍ക്കും നിയമസാധുത നല്‍കിയാണ് 1960 ലെ ഭൂപതിവ് നിയമത്തിലെ (ലാന്‍ഡ് അസൈന്‍മെന്റ് ആക്ട്) ചട്ടങ്ങളില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തിയിരുന്നത്. ജൂണ്‍ ഒന്നിന് തന്നെ ഇങ്ങനെയൊരു ഉത്തരവ് ഇറങ്ങിയിരുന്നെങ്കിലും മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് പുറംലോകമറിഞ്ഞത്. പാര്‍ട്ടി ഫോറങ്ങളിലൊന്നും ചര്‍ച്ച ചെയ്യാതെ തീരുമാനമെടുത്തതിന്റെ സാഹചര്യം വിശദീകരിക്കാന്‍ കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ ആവശ്യപ്പെട്ടു. ഇന്നലെ രാത്രി റവന്യൂ മന്ത്രിയും സുധീരനും കൂടിക്കാഴ്ച്ച നടത്താനിരിക്കെ വൈസ് പ്രസിഡന്റ് വി ഡി സതീശനും ഭേദഗതിക്കെതിരെ ശക്തമായി രംഗത്ത് വന്നു.
വിചിത്രവും അവിശ്വസനീയവുമായ തീരുമാനമെന്നായിരുന്നു സതീശന്റെ പ്രതികരണം. കെ പി സി സി യിലിലോ സര്‍ക്കാര്‍ പാര്‍ട്ടി ഏകോപന സമിതിയിലോ യു ഡി എഫിലോ പാര്‍ലിമെന്ററി പാര്‍ട്ടിയിലോ ഇങ്ങനെയൊരു വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്നും നിയമപരമായി ഈ തീരുമാനം നിലനില്‍ക്കില്ലെന്നും സതീശന്‍ വ്യക്തമാക്കി. വിജ്ഞാപനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ടി എന്‍ പ്രതാപന്‍ മുഖ്യമന്ത്രിക്ക് കത്തും നല്‍കി. വിഷയം കൈവിട്ട് പോകുമെന്ന് കണ്ടതോടെ ഡല്‍ഹിയിലായിരുന്ന മുഖ്യമന്ത്രിയുമായി ഫോണില്‍ ചര്‍ച്ച നടത്തിയാണ് വിവാദ ഉത്തരവ് പിന്‍വലിക്കാന്‍ റവന്യൂമന്ത്രി തീരുമാനിച്ചത്.
റിസോര്‍ട്ട് മാഫിയയെ സംരക്ഷിക്കാനെടുത്ത തീരുമാനമെന്നാണ് ചട്ടഭേദഗതിക്കെതിരെ ഉയര്‍ന്ന പ്രധാന വിമര്‍ശം. മാത്രമല്ല, ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന ഭൂമി കൈയേറ്റ കേസുകളെ സാരമായി ബാധിക്കുമെന്ന സന്ദേശം അഡ്വക്കറ്റ് ജനറലും കൈമാറി. മൂന്നാര്‍ കൈയേറ്റ കേസുകള്‍ ഈ മാസം 13 ന് ഹൈക്കോടതി പരിഗണിക്കാനിരിക്കുകയാണ്. ചട്ടഭേദഗതി, കേസുകളില്‍ ഇതുവരെ സ്വീകരിച്ച നിലപാട് മാറ്റേണ്ട സാഹചര്യം വരുമെന്ന് എ ജിയും സര്‍ക്കാറിനെ അറിയിച്ചു.
അതേസമയം, പട്ടയത്തിന് വേണ്ടി രംഗത്തു വന്നവര്‍ കൈയടി നേടാന്‍ തന്നെ ഒറ്റപ്പെടുത്തിയെന്ന വികാരമാണ് റവന്യൂ മന്ത്രിക്ക്. ഉപാധിരഹിത പട്ടയം എന്ന ആവശ്യം ഉന്നയിച്ചവര്‍ ഇന്നലെ കൈയേറിയ ഭൂമിക്കും പട്ടയം നല്‍കണമെന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. 2005 എന്ന സമയപരിധി വെച്ചത് പുതിയ കൈയേറ്റക്കാര്‍ക്ക് നിയമപരിരക്ഷ ലഭിക്കാതിരിക്കാന്‍ വേണ്ടിയാണെന്നും റവന്യൂവകുപ്പ് വൃത്തങ്ങള്‍ വിശദീകരിക്കുന്നു.

 

Latest